Monday 10 June 2019 10:23 AM IST : By സ്വന്തം ലേഖകൻ

ഗിരീഷ് കർണാട് ഓർമയായി! മറഞ്ഞത് ഇന്ത്യൻ നാടകരംഗത്തെ അതുല്യ പ്രതിഭ

girish-karnat

വിഖ്യാത നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗിരീഷ് കർണാട് ഓർമയായി. 81 വയസുകാരനായ അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.

ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനായ ഗിരീഷിന്റെ മാസ്റ്റർപീസ് തുഗ്ലക് എന്ന പ്രശസ്ത നാടകമാണ്. ഹയവദന, യയാതി, നാഗമണ്ഡല എന്നിവയാണു മറ്റു പ്രധാന നാടകങ്ങൾ.

1938ൽ, കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ മുംബൈയിലാണു കർണാട് ജനിച്ചത്. ആർട്സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കർണാട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണു ഗിരീഷ് കർണാടിനെ ശ്രദ്ധേയനാക്കിയത്. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്ത കർണാടിന്റെ മരണം ഇന്ത്യൻ കലാ രംഗത്തിന് തീരാനഷ്ടമാണ്.