Monday 15 July 2019 03:36 PM IST : By സ്വന്തം ലേഖകൻ

‘കരിയറിലെ ബ്രേക്കിന് സന്തോഷ് പണ്ഡിറ്റിനോട് കടപ്പാട്’! കുമ്പളങ്ങിയിലെ സിമിമോൾ പറുന്നു

grace-new

കുമ്പളങ്ങി നൈറ്റ്സിലെ സിമിമോളെ പ്രേക്ഷകർ മറക്കില്ല. സൈക്കോ ഷമ്മിയുടെ ഭാര്യയായ സിമിമോളായി തിളങ്ങി മലയാള സിനിമയിൽ തന്റെ ഇടം കൂടി സ്വന്തമാക്കിയിരിക്കുന്നത് ഗ്രേസ് ആന്റണിയാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി...’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്റെ ബിടെക്കുകാരിയുടെ കഥാപാത്രം ഹിറ്റായിരുന്നു.

ഇപ്പോഴിതാ, തനിക്കു ലഭിച്ച ബ്രേക്കിന് കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗ്രേസ്.

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനം. ഒടുവില്‍ ഞാന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കില്‍ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും ഒരു സ്നേഹമുണ്ടെന്നും, എന്റെ കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.