Monday 25 November 2024 12:25 PM IST : By സ്വന്തം ലേഖകൻ

‘ഇനിയും വരണം അയ്യപ്പനെ കാണണം’, പ്രാർഥനയോടെ ദർശനം; കോവിഡിനു ശേഷം ആദ്യമായി സന്നിധാനത്ത് എത്തി നടൻ ഗിന്നസ് പക്രു

sabarimala-ajayan

നടൻ ഗിന്നസ് പക്രുവിന്റെ ഓർമകളിൽ ഇന്നുമുണ്ട് അച്ഛന്റെ ഒക്കത്തിരുന്ന് പമ്പയിൽ നിന്നു അയ്യപ്പസന്നിധി ലക്ഷ്യമിട്ടുള്ള യാത്ര. അഞ്ചു വയസ്സായിരുന്നു അന്ന് പ്രായം. പിന്നീട് പല തവണ അയ്യപ്പസന്നിധിയിലെത്തി. കോവിഡ് കാലത്തിനു ശേഷം ആദ്യമായി ഇന്നലെയാണ് പക്രു സന്നിധാനത്ത് എത്തിയത്. സന്തത സഹചാരികളായ ശിവനും വിഷ്ണുവും കൂടെയുണ്ടായിരുന്നു. 

പമ്പയിൽ നിന്നു ശബരിമലയിലേക്കുള്ള യാത്രയിൽ തനിയെ നടന്നും ഇടയ്ക്ക് സഹായികളുടെ തോളിലേറിയുമാണ് പക്രു എത്തിയത്. ചോറ്റാനിക്കരയിലെ വീട്ടിൽ നിന്നുമായിരുന്നു കെട്ടുനിറച്ചത്. സഹോദരിയുടെ മക്കളും ഭാര്യയുടെ അനുജത്തിയുടെ മകനും ഉൾപ്പെടെ ഒപ്പമുണ്ടായിരുന്നു.

ഞായർ വൈകിട്ട് പമ്പയിലെത്തി. ഇന്നലെ രാവിലെ എട്ടരയോടെ സന്നിധാനത്ത് തൊഴാനെത്തി. ശബരിമല മേൽശാന്തി സമ്മാനമായി നൽകിയ മണി കഴുത്തിലണിഞ്ഞ് എത്തിയ പക്രുവിനെ കണ്ട് തീർഥാടകരും കൂട്ടം കൂടി. ഒപ്പം നിന്ന് ചിത്രം പകർത്താനും ഒട്ടേറെപ്പേർ എത്തി. 

‘ഇനിയും വരണം അയ്യപ്പനെ കാണണം’ എന്ന പ്രാർഥനയോടെയാണ് ഓരോ തവണയും ദർശനം നടത്തി മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകർക്കായുള്ള ശബരിമലയിലെ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നും ഇതുവരെ എത്തിയവർക്ക് ദർശനം നടത്തി ബുദ്ധിമുട്ടില്ലാതെ മടങ്ങാൻ കഴിഞ്ഞത് സന്തോഷകരമാണെന്നും പക്രു പറഞ്ഞു.

Tags:
  • Movies