Thursday 14 April 2022 04:43 PM IST

‘അന്നു ദാസിന്റെ ശബ്ദത്തിൽ വിളിച്ചത് സാക്ഷാൽ ഭഗവാൻ തന്നെ’; ഗുരുവായൂരപ്പാ നിൻ മുന്നിൽ.. പദ്മശ്രീ കെ.ജി. ജയൻ അനുഭവം പറയുന്നു

Roopa Thayabji

Sub Editor

guruvayooorr66ghh

ഗുരുവായൂരമ്പലത്തിന്റെ നടപ്പന്തൽ കടന്നു ചെല്ലുമ്പോൾ തന്നെ വൈകുണ്ഠത്തിലേക്കു സ്വീകരിക്കും പോലെ ഭഗവാൻ അനുഗ്രഹം ചൊരിയും. എത്ര തിരക്കിനിടയിലൂം ‘ഞാൻ നിന്നെ മാത്രം തേടുന്നു’ എന്നു പ്രാർഥിക്കുമ്പോൾ ‘നിന്നെ മാത്രമേ ഞാൻ കണ്ടുള്ളൂ’ എന്നു ഭഗവാൻ ഉള്ളിലിരുന്നു പറയും.

ഇവിടെ കാറ്റിനു പോലും ഭക്തിയുടെ ഈണം. ചുറ്റമ്പലത്തിനുള്ളിലെ ഓരോ ചുവടിലും നാദമായി അതു നിറയും. അങ്ങനെ ഭക്തിയാത്ര തുടങ്ങിയ കഥയാണ് ‘ഗുരുവായൂരപ്പാ നിൻ മുന്നിൽ...’ എന്ന ഗാനത്തിനു പിന്നിലുമുള്ളതെന്നു സംഗീതജ്ഞനായ പദ്മശ്രീ കെ. ജി. ജയൻ പറയുന്നു. ‘‘ഞാനും അനിയൻ വിജയനും ചെമ്പൈ സ്വാമികളുടെ ശിഷ്യന്മാരായ കാലം മുതലേ കേൾക്കുന്ന  അനുഭവ കഥയുണ്ട്.

ഒരിക്കൽ പാടിക്കൊണ്ടിരിക്കുന്നതിനിടെ സ്വാമികളുടെ ശബ്ദം പോയി. വൈദ്യമഠത്തിലെ ചികിത്സകൾക്കിടെ അദ്ദേഹം കരുണാമയനായ ഗുരുവായൂരപ്പനെ പ്രാർഥിച്ചു കരഞ്ഞു. ആശ്രിതവത്സലന്റെ കടാക്ഷത്താൽ ശബ്ദം തിരിച്ചുകിട്ടിയ സ്വാമികൾ പഴയതിനെക്കാൾ മധുരമായി പാടി. ഈ അനുഭവം കേട്ട നിമിഷം മുതലാകും ഗുരുവായൂരപ്പൻ എന്റെ മനസ്സിൽ കുടിയിരുന്നത്.

കൈപിടിച്ചതു ഭഗവാൻ

വിജയന്റെ അപ്രതീക്ഷിത വിയോഗം എന്നെ തളർത്തിയ കാലം. കച്ചേരികൾ പലതും വേണ്ടെന്നു വച്ചു. പുതിയ ബുക്കിങ്ങും എടുത്തില്ല. സംഗീതജീവിതത്തോടു വിടവാങ്ങണമെന്നു തന്നെ തീരുമാനിച്ചു. അങ്ങനെയിരിക്കെ ഒരു ദിവ സം യേശുദാസ് വിളിക്കുന്നു, ‘ഇങ്ങനെയിരുന്നാൽ പറ്റില്ല. തിരിച്ചുവരണം, നമുക്കൊരുമിച്ച് ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ കസെറ്റ് ചെയ്യാം.’

തിരുവനന്തപുരത്ത് എസ്. രമേശൻ നായരുടെ വീട്ടിൽ താമസിച്ചാണ് കംപോസിങ് നടത്തിയത്. അടുത്ത ദിവസം തരംഗിണിയിൽ  റിക്കോർഡിങ്ങും. ‘അന്നു ദാസിന്റെ ശബ്ദത്തിൽ വിളിച്ചത് സാക്ഷാൽ ഭഗവാൻ തന്നെ.’  കെ. ജി. ജയൻ ഇത് പറയുമ്പോൾ  ‘മയിൽപ്പീലി’യിലെ പാട്ടുകൾ മനസ്സിലേക്ക് പാറിവന്നു.  

 ‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...’, ‘രാധ തൻ പ്രേമത്തോടാണോ...’, ‘ചെമ്പൈക്കു നാദം നിലച്ചപ്പോൾ...’, ‘ഒരുപിടി അവിലുമായ്...’

പൂന്താനത്തിന്റെ ജ്ഞാനപ്പാന സംഗീതം നൽകി പി. ലീലയെക്കൊണ്ടു പാടിച്ചതും ജയനാണ്. ഗുരുവായൂരമ്പലത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ സദാസമയവും ‘കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദനാ...’ മുഴങ്ങി കേൾക്കാം. പൊന്നമ്പല വാസനായ അയ്യപ്പൻ ഉണരുന്നതും ഇവരുടെ പാട്ടു കേട്ടാണ്, ‘ശ്രീകോവിൽ നടതുറന്നൂ...’

അയ്യപ്പനോടാണോ ഗുരുവായൂരപ്പനോടാണോ കൂടുതലിഷ്ടമെന്നു ചോദിച്ചാൽ ചിരിയിൽ പൊതിഞ്ഞ് ജയന്റെ മറുപടി വരും, ‘ജയവിജയന്മാരെ പോലെയാണ് അയ്യപ്പനും ഗുരുവായൂരപ്പനും.’

ആ വഴിയേ മകനും

ചെമ്പൈ സ്വാമിക്കൊപ്പവും സ്വാമിയുടെ മരണശേഷവും എല്ലാ വർഷവും മുടങ്ങാതെ ജയവിജയന്മാർ ചെമ്പൈ സംഗീതോത്സവത്തിൽ പാടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷവും വിദ്വാൻ സ്ഥാനത്തു നിന്ന് ഉത്സവത്തിനു പരിസമാപ്തി കുറിച്ചത് ജയനാണ്.

ആ വഴിയേ മകനെയും കൊച്ചുമകനെയും കൈപിടിച്ചു നടത്തിയ കഥയാണ് കെ.ജി. ജയന്റെ മകനും നടനുമായ മനോജ് കെ. ജയനു പറയാനുള്ളത്. ‘‘തൊണ്ണൂറുകളിലാണ്. സിനിമയുടെ തിരക്കുകൾക്കിടെ ഒരു ദിവസം അച്ഛൻ വിളിക്കുന്നു, ‘ഇക്കുറി നീയും എനിക്കൊപ്പം പാടണം.’ അന്ന് അച്ഛനൊപ്പം ‘മയിൽപ്പീലി’യിലെ ‘ചന്ദനചർച്ചിത നീലകളേബര’വും, ‘രാധ തൻ പ്രേമത്തോടാണോ’ ഒക്കെ ഞാൻ പാടി. എന്റെ മകൻ അമൃതിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ അവനെയും ഒപ്പമിരുത്തി പാടി.

ആശ ഗർഭിണിയായ സമയം. ആൺകുട്ടി ആയാൽ കൊള്ളാമെന്നാണ് അച്ഛന്റെ ആഗ്രഹം. ലക്ഷണം വച്ച് പെൺകുട്ടിയാകുമെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയൊരു ദിവസം അച്ഛൻ ആശയെയും കൂട്ടി ഗുരുവായൂരമ്പലത്തിൽ പോയി.

സോപാനത്തിൽ നിന്ന് അച്ഛൻ ഉറക്കെ പ്രാർഥിച്ചു, ‘ആശയുടെ കുഞ്ഞ് ഗുരുവായൂരപ്പനാകണേ.’ അങ്ങനെ കിട്ടിയതാണ് ഞങ്ങൾക്ക് അമൃതിനെ. മോന്റെ ചോറൂണും ഗുരുവായൂരിലായിരുന്നു.’’

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

തൃശൂർ നഗരത്തിൽ നിന്ന് 28 കിലോമീറ്റർ അകലെയാണ് ഉണ്ണിക്കണ്ണനായി കൃഷ്ണനെ ആരാധിക്കുന്ന ഗുരുവായൂർ ക്ഷേത്രം. വിവാഹം, ചോറൂണ് എന്നിവയ്ക്ക് അഭൂതപൂർവമായ തിരക്കാണ് ഇവിടെ.

Tags:
  • Movies