Tuesday 12 March 2019 04:03 PM IST : By സ്വന്തം ലേഖകൻ

വൃദ്ധന്റെ വേഷത്തിൽ ഗംഭീര ഗെറ്റപ്പിൽ ഹരിശ്രീ അശോകൻ; റിലീസിന് മുൻപേ ’ഇളയരാജ’ ശ്രദ്ധേയമാകുന്നു!

harisree-ashokan3245

ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകവേഷത്തിലെത്തുന്ന ചിത്രമാണ് ’ഇളയരാജ’. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിൽ താടി വളർത്തിയ ഗിന്നസ് പക്രുവിന്റെ രൂപം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഹരിശ്രീ അശോകന്റെ പോസ്റ്ററാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. വൃദ്ധന്റെ വേഷത്തിൽ തിരിച്ചറിയാൻ പോലുമാകാതെ ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിൽ എത്തുന്നത്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം ശ്രദ്ധേയമായി. സിനിമയിൽ അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും അണിനിരക്കുന്നു. മാർച്ച് 22 ന് ചിത്രം തിയറ്ററുകളിലെത്തും.

ilayaraja134