Wednesday 16 January 2019 10:00 AM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹം അങ്ങനെ ചെയ്യില്ല’! ‘മീടൂ’വിൽ ഹിരാനിയെ പിന്തുണച്ച് ബോളിവുഡ്

hirani-new

‘മീടൂ’ വെളിപ്പെടുത്തലിൽ കുടുങ്ങിയ സംവിധായകൻ രാജ്കുമാര്‍ ഹിരാനിയ്ക്ക് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖർ. നടന്‍മാരായ ശര്‍മാന്‍ ജോഷി, ഇമ്രാന്‍ ഹാഷ്മി, നടി ദിയ മിര്‍സ, നിര്‍മ്മാതാവ് ബോണി കപൂര്‍ എന്നിവരാണ് ആരോപണത്തെ എതിർത്തും ഹിറാനിയെ പിന്തുണച്ചും രംഗത്തെത്തിയത്. ‘‘ഞാന്‍ ഈ ആരോപണം വിശ്വസിക്കില്ല. അദ്ദേഹം ഒരിക്കലും ഇങ്ങനെ ചെയ്യില്ല’’ എന്ന് ബോണി കപൂര്‍ പറഞ്ഞപ്പോൾ, ‘‘രാജു സര്‍ സത്യസന്ധനും ബഹുമാന്യനുമാണ്. ഇന്ന് ഇത്തരത്തിലൊരാളെ കണ്ടെത്തുക തന്നെ പ്രയാസം. എന്നെ സ്വാധീനിച്ച, ഞാന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തിയാണ് അദ്ദേഹം...’’ എന്നായിരുന്നു ‘ത്രീ ഇഡിയറ്റ്സ്’ താരം ശര്‍മന്‍ ജോഷിയുടെ പ്രതികരണം. ‘‘ഇത് ഒരു ആരോപണം മാത്രമാണ്. സംവിധായകന്‍ ഈ ആരോപണം നിഷേധിച്ചു കഴിഞ്ഞു. ആരോപണം തെളിയുന്നതുവരെ അഭിപ്രായം പറയാന്‍ താനില്ല’’- ഇമ്രാന്‍ ഹാഷ്മി പറഞ്ഞതിങ്ങനെ. ‘‘കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹത്തെ അടുത്ത് അറിയാവുന്ന ആളെന്ന നിലയില്‍ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടാനുളളത്. ഒപ്പം ജോലി ചെയ്തിട്ടുള്ള സംവിധായകരില്‍ ഏറ്റവും മാന്യനായ മനുഷ്യനാണ് ഹിറാനി’’.– ദിയ മിര്‍സ പറയുന്നു.

സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഹിരാനി ഒരുക്കിയ ‘സഞ്ജു’വിന്റെ പോസ്റ്റ് പ്രൊഡക്ഷനിടെ, 2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഹിറാനിയുടെ സഹപ്രവര്‍ത്തക അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ 9 ന് തന്നെ വീട്ടിലെ ഓഫീസില്‍ വച്ചാണ് ഹിറാനി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു. അച്ഛന്റെ അസുഖം അവിടെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍. ജോലി പാതി വഴിയില്‍ ഉപേക്ഷിച്ചാല്‍ മറ്റൊരു ജോലി ലഭിക്കില്ലെന്നു പേടിച്ചിരുന്നുവെന്നും ഹിറാനി തന്നെകുറിച്ച് മോശമായി പറയാന്‍ ഇടയായാല്‍ ഭാവിയില്‍ തനിക്കു സിനിമാ മേഖലയിൽ പിടിച്ച് നില്‍ക്കാനാകില്ലെന്നു ഭയന്നിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ഹിറാനി അഭിഭാഷകന്‍ വഴി ആരോപണങ്ങല്‍ നിഷേധിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍, മെസേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.