Friday 29 March 2019 04:36 PM IST

വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രമേയം കൊണ്ട് വലുതാണീ സിനിമ; കുഞ്ഞൻ സിനിമയുടെ വലിയ വിജയം

Binsha Muhammed

pakru

ബുക്ക് മൈ ഷോയിൽ തപ്പിത്തടയാതെ...ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ‘സത്യാഗ്രഹമിരിക്കാതെ’ സിമ്പിളായാണ്  ആ സിനിമയ്ക്ക് ടിക്കറ്റെടുത്തത്. കൗണ്ടർ ടിക്കറ്റിനുള്ള മണി മുഴങ്ങിയ മാത്രയിൽ...എന്തോ ആർക്കും അത്ര ആവേശം പോര. തള്ളിക്കയറാതെ കൂളായി ടിക്കറ്റുമെടുത്ത് കൊട്ടകയ്ക്കുള്ളിലേക്ക് കയറി. അധികം ആളും അനക്കവുമൊന്നും ഇല്ല. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതായപ്പോൾ എന്തോ ഒരു പന്തികേട്. കാത്തിരുന്ന് കണ്ണ് കഴച്ച നേരം ടിക്കറ്റ് കീറാൻ തന്ന പയ്യൻ അന്നേരം മുന്നിലേക്കെത്തി പറയുകയാണ്.

സോറി സാർ... ഈ സിനിമ ഇവിടെ പ്രദർശിപ്പിക്കില്ല. സാറിന്റെ കാശ് തിരികെ തരാം... വേറെ നിവൃത്തിയില്ലെന്ന് കണ്ടപ്പോൾ നൽകിയ കാശും വാങ്ങി ആ സിനിമാ പ്രേമിക്ക് തീയറ്റർ വിടേണ്ടി വന്നു.

തമിഴകത്തെ 96 കണ്ട് കോരിത്തരിച്ച പരിയേറും പെരുമാൾ കണ്ട് ഊറ്റം കൊണ്ട മലയാളിക്കു മുന്നിലേക്ക് അതേ പ്രതീക്ഷയോടെയാണ് അണിയറക്കാർ ആ സിനിമയും എത്തിച്ചത്. ശക്തതമായ പ്രമേയവും കരുത്തുറ്റ കഥാപാത്രങ്ങളും നിറഞ്ഞ ആ സിനിമയുടെ അണിയറക്കാർ ഒരു തെറ്റേ ചെയ്തുള്ളൂ. സിനിമ മലയാളത്തിൽ പുറത്തിറക്കി. ആ ‘തെറ്റിന്റെ’ അനന്തര ഫലമാണ് മുകളിൽ കണ്ടത്. പക്ഷേ മുൻവിധികളെ അതിജീവിച്ച്, അവഗണനകളെ കാറ്റില്‍ പറത്തി ആ ചിത്രം ശക്തമായി തിരികെ വരികയാണ്. നല്ല സിനിമയെ നെഞ്ചോട് ചേർക്കുന്ന പ്രേക്ഷകർക്കിടയിലേക്ക്...കലാമൂല്യമുള്ള  സിനിമയ്ക്ക് ഇടം നൽകുന്ന തീയറ്ററുകാരുടെ സഹായത്തോടെ...ജീവസുറ്റൊരു പ്രമേയത്തിന്റെ കരുത്തുമായ്...

ഒരു ഘട്ടത്തില്‍ പ്രേക്ഷകർ സൗകര്യ പൂർവ്വം വിസ്മരിച്ച ആ സിനിമയുടെ പേര് ഇളയരാജ! അതിലെ നായകനോ, പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും നിറഞ്ഞു നിൽക്കുന്ന ഗിന്നസ് പക്രു.  ശക്തമായ പ്രമേയം പങ്കുവച്ചിട്ടും ഇളയരാജയ്ക്ക് എന്താണ് സംഭവിച്ചത്? ഇളയരാജയെ പ്രേക്ഷകര്‍ വീണ്ടും തിരിച്ചറിയുമ്പോൾ അതിലെ നായകനും ഇരട്ടി സന്തോഷം. ഗിന്നസ് പക്രു സംസാരിക്കുന്നു...വനിത ഓൺലൈനുമായി.

ചതുരംഗ കളത്തിലെ ജീവിതം

ഇളയരാജ എന്ന സിനിമയും അതിലെ വനജൻ എന്ന കഥാപാത്രവും എനിക്കെത്ര മാത്രവും പ്രിയപ്പെട്ടതെന്ന് പറയാൻ വാക്കുകളില്ല. പ്രേക്ഷകർക്ക് മുന്നിൽ കോമാളി വേഷം കെട്ടിയാടിയ എനിക്കു മുന്നിലേക്ക് മാധവ് രാം ദാസ് എന്ന ക്രാന്തദർശിയായ സംവിധായകൻ ‘വനജനെ’ വച്ചു നീട്ടുമ്പോൾ ഓസ്കർ കിട്ടിയ സന്തോഷമായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വെമ്പുന്ന സാധാരണക്കാരന്റെ പ്രതിനിധി. ഒന്നു കണ്ണോടിച്ചാൽ നിങ്ങൾക്കും കാണാം എത്രയോ വനജൻമാരെ. ഈ കഥ എന്നോട് പറയുമ്പോൾ എനിക്കിതിന് സാധിക്കുമോ എന്നാണ് ഞാൻ സംവിധായകനോട് ചോദിച്ചത്. അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം. ദൈവാനുഗ്രഹം എല്ലാം ഒത്തു വന്നപ്പോൾ ഇളയരാജ പിറന്നു. എന്റെ പൊക്കമില്ലായ്മയും പരിമിതികളും ഒന്നും ഈ ചിത്രത്തിൽ സ്പർശിച്ചിട്ടില്ല എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. എന്റെ എല്ലാ ചിത്രങ്ങളിലും അത് അറിഞ്ഞോ അറിയാതെയോ പറഞ്ഞ് പോകാറുണ്ട്. അക്കാര്യം പ്രേക്ഷകർക്ക് ഇതിൽ ഫീൽ ചെയ്യുകയേ ഇല്ലാ. വനജന്റെ ജീവിതം മാത്രമേയുള്ളൂ ഫ്രെയിമിൽ. ഒരുപാട് പേർ ചിത്രം കണ്ട് വിളിച്ചിരുന്നു. വളരെ നല്ല അഭിപ്രായം പറഞ്ഞു. ഞാൻ വീണ്ടും പറയട്ടേ...ഇനിയും കാണാത്തവരുണ്ടെങ്കിൽ പോയി കാണണം. വലുപ്പം കൊണ്ട് ഞാനും ഈ സിനിമയും ഇതിലെ വനജനും ചെറുതായിരിക്കും. പക്ഷേ പ്രമേയം കൊണ്ട് എവറസ്റ്റിന്റെ ഉയരമുണ്ട് ഈ ചിത്രത്തിന്.

pakru-2

പ്രേക്ഷകരിൽ ഇപ്പോഴും വിശ്വാസം

പ്രേക്ഷകർ എന്റെ കുഞ്ഞു സിനിമയെ തള്ളിക്കളഞ്ഞെന്നോ, അവർ ൈകവിട്ടെന്നോ ഞാൻ പറയില്ല. നമുക്ക് അണ്ടർ എസ്റ്റിമേറ്റ് ചെയ്യാനാകാത്ത വിഭാഗമാണ് അവർ പ്രേക്ഷകർ. പിന്നെ ഈ ചിത്രം ഇറങ്ങിയതും ഒരു ക്രൂഷ്യൽ ടൈമിലാണ്. പരീക്ഷാക്കാലം, കൊടും ചൂട്, അതിനേക്കാളേറെ വമ്പൻ ചിത്രങ്ങളുടെ റിലീസ്. ഇതിനിടയിലും ഉള്ളതു കൊണ്ട് ഓണം പോലെ എന്റെ ചിത്രം ഓടട്ടെ. ഒരാളെങ്കിൽ ഒരാൾ എന്റെ ചിത്രം കണ്ടാൽ...നല്ലത് പറഞ്ഞാൽ എന്നിലെ കലാകാരന് കിട്ടുന്ന അംഗീകാരമായിരിക്കും അത്.  

സംവിധായകൻ പറഞ്ഞത്

"എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപ്പെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു. ഇനിയും കുറച്ചു കഥകള്‍ കൂടി പറയണമെന്നുണ്ടെ..." എന്ന സംവിധായകന്റെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അറിയാല്ലോ...മേൽവിലാസം, അപ്പോത്തിക്കരി തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആളാണ് അദ്ദേഹം. ഈ രണ്ട് ചിത്രങ്ങളും തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയതാണ്. ഡിവിഡ‍ി ഇറങ്ങിയ ശേഷമാണ് പലരും കണ്ട് മികച്ചതെന്ന് അഭിപ്രായം പറഞ്ഞതാണ്. തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമിച്ചവർ വേറെയും. ആ ഗതി ഈ ചിത്രത്തിനും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. മികച്ചതായിട്ടും തന്റെ ഈ ചിത്രത്തിനും അതേഗതിയായി പോകുമോ എന്ന അദ്ദേഹത്തിന്റെ ആത്മരോഷമാണ് ആ വാക്കുകൾ. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട. എനിക്കും അതു തന്നെയാണ് പറയാനുള്ളത് ഡിവിഡി ഇറങ്ങിയിട്ട് തീയറ്ററിൽ ഈ പടം മിസ് ചെയ്തല്ലോ എന്നു പറയുന്നതിനേക്കാളും ഈ ചിത്രം ഇപ്പോൾ തന്നെ കാണൂ. നല്ല ചിത്രത്തെ പ്രോത്സാഹിപ്പിക്കൂ...

pakru-1

സംഭവിക്കട്ടേ നല്ല മാറ്റങ്ങൾ

നല്ല മാറ്റങ്ങളിലേക്കുള്ള ചൂണ്ടു പലക കൂടിയാണ് എനിക്കീ സിനിമ. നമ്മളെ കോമാളിയായും കോമഡി താരവുമായൊക്കെ കണ്ട പ്രേക്ഷകർക്ക് മുന്നിലേക്ക് ഇങ്ങനെയൊക്കെ പെർഫോം ചെയ്യാൻ കഴിഞ്ഞില്ലേ അതു തന്നെവലിയ കാര്യം. ഇനിയും ഇത്തരം കഥാപാത്രങ്ങൾ എന്നിലേക്കെത്തും എന്ന് തന്നെയാണ് പ്രനിർമ്മിക്കുന്ന സിനിമ. മൃ സര്‍വ ദീപ്ത എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ കന്നി ചിത്രമാണിത്. രഞ്ജിത്ത് സ്കറിയയാണ് ചിത്രം സംവിധായനം ചെയ്യുന്നത്. ഇളയരാജയിൽ നിന്നും കംപ്ലീറ്റ് ഓപ്പോസിറ്റാണ് ഈ ചിത്രം. ചിരിക്കാനേറെയുണ്ട്. ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ ഈ ചിത്രത്തിലുണ്ട്.