Thursday 13 December 2018 12:03 PM IST : By സ്വന്തം ലേഖകൻ

ബോളിവുഡിനെ ‘വിറപ്പിച്ച്’ സേതുപതിയും വിഷ്ണു വിശാലും ദുൽഖറും; ഏറ്റവും മികച്ച പത്ത് ഇന്ത്യൻ സിനിമകളിൽ അഞ്ചും തെന്നിന്ത്യൻ ചിത്രങ്ങൾ

south

ഈ വർഷത്തെ ഏറ്റവും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ കരുത്ത് കാട്ടി തെന്നിന്ത്യൻ സിനിമ. ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലിലാണ് തെന്നിന്ത്യൻ സിനിമയുടെ കുതിപ്പ്. ഐഎംഡിബി പട്ടികയിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമ ആയുഷ്മാന്‍ ഖുരാന നായകനായ ബോളിവുഡ് ചിത്രം ‘അന്ധാധുന്‍’ ആണെങ്കിലും രാംകുമാർ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘രാക്ഷസന്‍’ രണ്ടാം സ്ഥാനത്തെത്തി. വിഷ്ണു വിശാൽ നായകനായ ഈ സൈക്കോ ത്രില്ലർ വലിയ പ്രേക്ഷക–നിരൂപക പ്രശംസ നേടിയിരുന്നു. പത്തില്‍ എത്ര മാര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയെന്നതാണ് ചിത്രങ്ങൾ വിലയിരുത്താനുള്ള അളവുകോൽ. സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത വിജയ് സേതുപതി-തൃഷ ചിത്രം ‘96’ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘മഹാനടി’യാണ് നാലാം സ്ഥാനത്ത്. ചിത്രം കീര്‍ത്തി സുരേഷിന്റെ മികവുറ്റ അഭിനയം കൊണ്ടും ശ്രദ്ധേയമായിരുന്നു.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബ്ലാക്ക്-കോമഡി ത്രില്ലര്‍ ‘അന്ധാധുന്‍’, ബോളിവുഡിലെ ഈ വര്‍ഷത്തെ ‘ടോപ് ഗ്രോസ്സിംഗ്’ ചിത്രങ്ങളിലൊന്നും ‘ക്രിടിക്ക്സ് ഫേവറിറ്റു’മാണ്. ഒരു സിനിമാ താരത്തിന്റെ കൊലപാതകത്തില്‍ പെടുന്ന അന്ധനായ പിയാനിസ്റ്റിന്റെ ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.

ആയുഷ്മാന്‍ ഖുരാന തന്നെ നായകനായ ‘ബധായി ഹോ’ അഞ്ചാം സ്ഥാനത്തുണ്ട്. അക്ഷയ് കുമാറിന്റെ ‘പാഡ്മാന്‍’ ആറാം സ്ഥാനത്തും രാംചരണ്‍ നായകനായ തെലുങ്ക് ചിത്രം ‘രംഗസ്ഥലം’ ഏഴാം സ്ഥാനത്തുമെത്തി. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ ‘സ്ത്രീ’. ഒമ്പതും പത്തും സ്ഥാനങ്ങൾ ആലിയ ഭട്ടിന്റെ ‘റാസി’യും രണ്‍ബീര്‍ കപൂര്‍ നായകനായ ‘സഞ്ജു’വും നേടി.