Monday 11 June 2018 01:58 PM IST : By സ്വന്തം ലേഖകൻ

‘കറുത്ത മുത്തും’ വെള്ളിത്തിരയിൽ; ഐ.എം വിജയന്റെ ജീവിത കഥയുമായി അരുൺ ഗോപി

vijayanarun

ബയോപിക്കുകളാണ് ഇന്ത്യൻ സിനിമയിലെ പുതിയ ട്രെൻഡ്. പ്രശസ്തരുടെ ജീവിതം അതിന്റെ എല്ലാ നാടകീയതകളോടെയും പ്രേക്ഷകർക്കിഷ്ടമാകുന്ന രീതിയിൽ ഒരുക്കിയെടുത്ത അതിൽ മിക്കതും വൻ വിജയങ്ങളായി. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസമായിരുന്ന വി.പി സത്യന്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റൻ’ ഏറ്റവും പുതിയ ഉദാഹരണം. നിരൂപക പ്രശംസയും പ്രേക്ഷക പിൻതുണയും നേടിയ ക്യാപ്റ്റനു ശേഷം മറ്റൊരു ഫുട്ബാൾ ഇതിഹാസത്തിന്റെ ജീവിതം കൂടി സിനിമയാകുന്നു. ഇന്ത്യൻ ഫുട്ബാളിന്റെ ‘കറുത്ത മുത്ത്’ ഐ.എം വിജയന്റെ ജീവിത കഥയാണ് ഇനി വെള്ളിത്തിരയിൽ തെളിയുക. അരുൺ ഗോപിയായാണ് സംവിധാനം. വർഷങ്ങൾക്കു മുൻപേ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തിരക്കഥയും സംവിധായകൻ തന്നെ. പേരോ താരങ്ങളോ തുടങ്ങി മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. വിജയന്റെ വ്യക്തി – കായിക ജീവിതം ചിത്രത്തിൽ പരാമർശ വിധേയമാകും.

രാമലീല എന്ന വൻ വിജയത്തിലൂടെ മലയാള സിനിമയിൽ വരവറിയിച്ച അരുൺ ഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമാകും വിജയന്റെ കഥ പറയുന്ന ചിത്രത്തിലേക്കു കടക്കുക.

ചിത്രത്തിനായുള്ള ലൊക്കേഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ കണ്ടെത്തിയതായി അരുണ്‍ ഗോപി പറഞ്ഞു. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയാകും.