Saturday 29 June 2019 03:34 PM IST

ഇന്ദ്രൻസിന്റെ കോട്ട് തയ്ച്ചത് കൃഷ്ണൻ! ഷാങ്ഹായിൽ തിളങ്ങിയ വേഷം ഒരു ദിവസം കൊണ്ടു തുന്നിയത്

V.G. Nakul

Sub- Editor

indrans-new-new

ലോക പ്രശസ്തമായ ഷാങ്ഹായ് ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനു ലഭിച്ച സ്വപ്നതുല്യമായ സ്വീകരണം ഓരോ മലയാളിക്കും അഭിമാനത്തിന്റെ പൂച്ചെണ്ടുകൾ സമ്മാനിച്ചു.

12 ദിവസത്തോളം നീണ്ട ചൈനീസ് സന്ദർശനത്തിനു ശേഷം പുരസ്കാര പ്രഭയോടെയാണ് ഇന്ദ്രന്‍സ് മടങ്ങിയെത്തിയത്.

ഷാങ്ഹായ് മേളയുടെ റെഡ് കാർപ്പറ്റിൽ, തന്റെ സ്ഥിരം ഗെറ്റപ്പിലായിരുന്നില്ല ഇന്ദ്രന്‍സ്. സിനിമയിലൊഴികെ, പൊതുചടങ്ങുകളിൽ സാധാരണയായി പാന്റും ഷർട്ടുമണിഞ്ഞാണ് അദ്ദേഹത്തെ കാണാറ്. എന്നാൽ ഷാങ്ഹായിൽ കോട്ടും സ്യൂട്ടുമായിരുന്നു പ്രിയ താരത്തിന്റെ വേഷം.

ഇന്ദ്രന്‍സ് മേളയിൽ പങ്കെടുക്കാനെത്തിയ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞതെല്ലാം കോട്ടും സ്യൂട്ടുമണിഞ്ഞുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.

മികച്ച നടൻ എന്നതിനൊപ്പം മലയാള സിനിമ കണ്ട മികച്ച വസ്ത്രാലങ്കാരകൻ കൂടിയാണ് ഇന്ദ്രന്‍സ്. കോസ്റ്റ്യൂം ഡിസൈനറായാണ് അദ്ദേഹം സിനിമയിലെത്തിയതും. സിനിമയിൽ സജീവമാകും മുമ്പ്, തിരുവനന്തപുരത്ത് ‘ഇന്ദ്രന്‍സ്’ എന്ന പേരിൽ അദ്ദേഹത്തിനൊരു തയ്യൽ കടയുണ്ടായിരുന്നു. തന്റെ കടയുടെ പേരിലാണ് സിനിമയിലെത്തിയപ്പോഴും ഇന്ദ്രന്‍സ് അറിയപ്പെട്ടത്.

സംഭവം അതല്ല, ഇന്ദ്രന്‍സിന്റെ കോട്ട് തന്നെയാണ്. കോട്ടിൽ, കലക്കൻ ഗെറ്റപ്പിലാണ് അദ്ദേഹം ചലച്ചിത്രമേളയുടെ ചടങ്ങുകളിൽ പ്രസരിപ്പോടെ പങ്കെടുത്തത്. കണ്ടാൽ തന്നെ അറിയാം ഈ കോട്ടിനു വേണ്ടി അദ്ദേഹം കുറച്ചു കൂടുതൽ പണം തന്നെ മുടക്കിയിട്ടുണ്ട്. ഏതോ മുൻനിര ബ്രാൻഡിന്റെ ഉൽപ്പന്നം. എല്ലാ അർത്ഥത്തിലും കാഴ്ചയിൽ മനോഹരം. അതു തന്നെയാണ് ഇന്ദ്രൻസിനോടും പറഞ്ഞത്.

‘‘ചേട്ടാ, കോട്ട് നന്നായിരുന്നു. ഏതാ ബ്രാൻഡ്...?’’

പക്ഷേ, സഹജമായ ലാളിത്യത്തോടെ, ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞ മറുപടിയിങ്ങനെ,

‘‘ഏയ്, വാങ്ങിയതല്ല. തയ്പ്പിച്ചതാ...’’

‘‘ചേട്ടൻ തയ്ച്ചോ...?’’

‘‘അല്ല, കൃഷ്ണൻ. എന്റെ അനിയൻമാരായ ജയകുമാറും വിജയകുമാറും ചേർന്നാണ് ‘ഇന്ദ്രൻസ്’ ഇപ്പോൾ നടത്തുന്നത്. ‘ഇന്ദ്രൻസ് ബ്രദേഴ്സ്’ എന്നാണ് പേര്. അവിടുത്തെ സീനിയർ സ്റ്റാഫാണ് കൃഷ്ണൻ. കൃഷ്ണൻ നന്നായിട്ട് കോട്ട് തയ്ക്കും. ഒരു ദിവസം കൊണ്ടാണ് കൃഷ്ണന്‍ ഈ കോട്ട് തയ്ച്ചത്. അനിയൻമാരും സഹായിച്ചു. ഞാന്‍ സാധാരണ കോട്ട് ഉപയോഗിക്കാറില്ല. അവിടെ പക്ഷേ അത് നിർബന്ധമായിരുന്നു. റെഡ് കാർപ്പറ്റിൽ അങ്ങനെയേ പറ്റൂ. ഇട്ടാൽ ചേരുമോ എന്ന ആശങ്കയുണ്ടായിരുന്നു ആദ്യം. പക്ഷേ, എല്ലാവരും നന്നായി എന്നാണ് പറഞ്ഞത്.

മേളയിലേക്കു ക്ഷണം വന്നപ്പോൾ, ആദ്യം പോണോ എന്ന ചെറിയ സംശയത്തിലായിരുന്നു. ഇത്ര ദിവസം മാറി നിൽക്കണോ എന്നു ചിന്തിച്ചു. പക്ഷേ, പോയതു നന്നായി. അപൂർവമായ ഒരു അവസരമാണല്ലോ. വളരെ സന്തോഷം തോന്നി’’.

i

തന്നെ ഷാങ്ഹായുടെ റെഡ് കാർപ്പറ്റിലെത്തിച്ച ‘വെയിൽ മരങ്ങളെ’ക്കുറിച്ചും ഇന്ദ്രന്‍സ് പറഞ്ഞു.

‘‘ടെക്നിക്കലി വളരെ ഗംഭീരമായ, വലിയ പ്രത്യേകതകളുള്ള ഒരു സിനിമയാണ് വെയിൽ മരങ്ങൾ’’.

12 ദിവസത്തോളം നീണ്ട ചൈനീസ് സന്ദർശനത്തിനു ശേഷം മടങ്ങി വന്ന താരം ഇപ്പോൾ തന്റെ പുതിയ ചിത്രമായ 41 ന്റെ ഡബ്ബിങ്ങുമായി കൊച്ചിയിലാണ്.