Saturday 19 September 2020 04:16 PM IST

‘മോഹൻലാൽ നിർബന്ധിച്ചില്ലെങ്കിൽ വാര്യരായി അഭിനയിക്കില്ലായിരുന്നു’: ആകസ്മികമായി വന്ന കഥാപാത്രങ്ങൾ പറഞ്ഞ് ഇന്നസെന്റ്

V R Jyothish

Chief Sub Editor

innocent5532tfvyg

"കോവിഡ് കാലമായതുകൊണ്ട് മറ്റുള്ളവരെപ്പോലെ തന്നെ ഞാനും പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. ഇഷ്ടം പോലെ സമയമുണ്ട്. അതിഥികളില്ല. ബന്ധുക്കളുമില്ല. കുറച്ചു പേർ ഫോണിൽ വിളിക്കും. കുറേ പരദൂഷണം പറയും. പിന്നെ കിടന്നുറങ്ങും. ഇങ്ങനെയൊക്കെയാണു ദിനചര്യകൾ. എന്റെ ഭാര്യ ആലീസ് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് ഈ നശിച്ച കൊറോണ എന്നാണാവോ ഒന്നു തീരുന്നതെന്ന്? അതിനർത്ഥം നിങ്ങൾക്ക് ഷൂട്ടിങ് തുടങ്ങാൻ സമയമായില്ലേ മനുഷ്യാ... എന്നാണ്. ഇത് എന്റെ മാത്രം കാര്യമല്ല ഞാൻ ,സംസാരിക്കുന്ന പലരുടെയും ഭാര്യമാർ ഇതുതന്നെ വീട്ടിൽ പറയുന്നുണ്ടത്രേ...‘ഈ നശിച്ച കൊവിഡ് എന്നാണ് തീരുന്നതെന്ന് അവർ നിഷ്കളങ്കമായി ചോദിക്കും. ചില ഭർത്താക്കന്മാർക്ക് അതിന്റെ അർത്ഥം മനസിലാവും. ചിലർക്ക് മനസിലാവില്ല."- ചിരിയോടെ ഇന്നസെന്റ് കഥകൾക്ക് കെട്ടഴിച്ചു.  

"ഇപ്പോൾ ഇഷ്ടം പോലെ സമയമുള്ളതുകൊണ്ട് പഴയ സിനിമകൾ കാണുകയാണു എന്റെ പ്രധാന വിനോദം. ഞാൻ അഭിനയിച്ചതും അഭിനയിക്കാത്തതുമായ സിനിമകൾ കാണുന്നുണ്ട്. അഭിനയിച്ച സിനിമകൾ കാണുമ്പോൾ അതിന്റെ പിന്നാമ്പുറങ്ങൾ ഓർമ്മ വരും. ഷൂട്ടിങ് നടന്ന സമയം. അവിടെ ഉണ്ടായ നല്ല കോമഡികൾ, ചില സീനുകൾ നന്നാക്കിയത്. ചില സീനുകൾ മോശമായത്. കൂടെ അഭിനയിച്ചവരുടെ പ്രകടനങ്ങൾ അങ്ങനെ ഒരുപാടു കാര്യങ്ങൾ ഓർമ്മ വരും.

ചില സിനിമകൾ കാണുമ്പോൾ എനിക്ക് നഷ്ടബോധം തോന്നും. ഹോ.. എത്ര നല്ല കഥാപാത്രമായിരുന്നു.  അതിൽ അഭിനയിക്കാൻ എന്നെ വിളിച്ചില്ലല്ലോ എന്നു തോന്നും. ചില സിനിമകൾ ഞാനായിട്ട് ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സിനിമകൾ പിന്നീട് കാണുമ്പോഴാണ് അയ്യോ എത്ര നല്ല സിനിമയായിരുന്നു ഒഴിവാക്കിയത് മണ്ടത്തരമായിപ്പോയി എന്നു തോന്നുന്നത്. അങ്ങനെ ഒഴിവായി പോകുമായിരുന്ന സിനിമകളിൽ അവിചാരിതമായി ഞാൻ വന്നുപെട്ടിട്ടുണ്ട്. ഇന്ന് എന്റെ േപരിൽ ഉള്ള പല നല്ല സിനിമകളും അങ്ങനെ അവിചാരിതമായി വന്നുപെട്ടതാണ്.

ഒരിക്കൽ ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിങ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം.’

ഒരു സിനിമ കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസം വീട്ടിൽ പോയി വിശ്രമിക്കുക എന്നത് എന്റെയൊരു ശീലമാണ്. കൊറോണയൊക്കെ വരുന്നതിനു മുമ്പും ഞാൻ സിനിമയിൽ ഇങ്ങനെ ഒഴിവ് എടുക്കുന്ന ആളാണ്. അതു മോഹൻലാലിനും അറിയാം. ഞങ്ങൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാൽ മോഹൻലാലിന്റെ അടുത്ത പ്രോജക്റ്റ് ഐ. വി. ശശിയുടേതാണ്.

മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസിലാക്കിയതുകൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’ എന്നിട്ട് ഒരു സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു.

ഞാൻ ആ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. ‘ദേവാസുരം’ എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഞാൻ മോഹൻലാലിനോടു പറഞ്ഞു; വാര്യരെ ഞാൻ ചെയ്യാം...’ അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ചു കൂട്ടി. ശബ്ദത്തിൽ കൂടുതൽ പതർച്ച കൊടുത്താണ് രാവണപ്രഭുവിൽ അഭിനയിച്ചത്.

ഇന്നും ദേവാസുരം കാണുമ്പോൾ ഞാൻ മനസു കൊണ്ട് മോഹൻലാലിന് നന്ദി പറയും. അദ്ദേഹം നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തിൽ.

ഇതുപോലെ കൈവിട്ടു പോകുമായിരുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് എന്റേതായി. ഒരിക്കൽ എനിക്ക് നല്ല തിരക്കുള്ള സമയത്താണ് ഫാസിൽ വിളിക്കുന്നത്. മോഹൻലാലിന്റെ പുതിയൊരു സിനിമ തുടങ്ങുന്നു. തിലകനും സുരേഷ് ഗോപിയും ശോഭനയുമുണ്ട്. വ്യത്യസ്തമായ ഒരു കഥയാണ്. അതിൽ ഇന്നസെന്റിന് ചെറിയൊരു വേഷം മാറ്റിവച്ചിട്ടുണ്ട് വന്നു ചെയ്യണം.

ആ സമയത്ത് ഞാൻ സാധാരണയിൽ കൂടുതൽ തിരക്കിലായിരുന്നു. അതെല്ലാം വന്നുപെട്ടതാണ്. ഒഴിവാക്കാൻ പറ്റാത്ത സിനിമകളായിരുന്നതുകൊണ്ടാണ് അത്രയ്ക്കും തിരക്കിൽ ഞാൻ പെടുന്നത്. അതുകൊണ്ടു ഫാസിലിനോട് ഞാൻ വളരെ വിഷമത്തോടെ പറഞ്ഞു; ‘ഇത്തവണ എന്നെ ഒഴിവാക്കണം. പറഞ്ഞു കേട്ടിടത്തോളം നിങ്ങളുടെ സിനിമ ഗംഭീരമാവും. പക്ഷേ ഫാസിലിന് അറിയാവുന്നതു പോലെ ഒരേ സമയം ഞാൻ ഒരുപാട് പ്രോജക്റ്റുകൾ ഏറ്റെടുത്ത് ടെൻഷനടിക്കുന്ന ആളല്ലല്ലോ? അതുകൊണ്ട് ഈ പ്രോജക്റ്റിൽ നിന്ന് എന്നെ ഒഴിവാക്കണം. 

ഫാസിൽ പറഞ്ഞു; ‘നിങ്ങൾ പറഞ്ഞത് എനിക്കു മനസിലായി. പക്ഷേ ഇന്നസെന്റ് ഇല്ലാതെ ഈ സിനിമ ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇന്നസെന്റിന് സൗകര്യമുള്ളപ്പോഴേ.. ഞാനീ സിനിമയുടെ ഷൂട്ടിങ് തുടങ്ങൂ....’

ഞാനാകെ ധർമ്മസങ്കടത്തിലായി. ഫാസിൽ പറയുന്നത് ആത്മാർത്ഥമായിട്ടാണ്. അദ്ദേഹം പറഞ്ഞാൽ അതുപോലെ ചെയ്യുന്ന ആളാണ്. എനിക്കു പേടിയായി. എന്നെ കരുതി ഷൂട്ടിങ് മാറ്റിവച്ചാൽ മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടാകും. അതെനിക്ക് ഉറപ്പാണ്.

inn645edtwefyg

‘അപ്പോൾ മോഹൻലാലിന്റെ േഡറ്റോ?’

സിനിമയിൽ നിന്ന് ഒഴിവാകാനുള്ള അവസാനത്തെ കച്ചിതുരുമ്പായിരുന്നു എന്റെ ആ ചോദ്യം. കാരണം മോഹൻലാലിന്റെ ഡേറ്റിനെ കരുതിയെങ്കിലും ഫാസിൽ ഷൂട്ടിങ് മാറ്റിവയ്ക്കില്ല എന്നായിരുന്നു എന്റെ ധാരണ. 

‘ഞാൻ ലാലിനോടു സംസാരിച്ച് ഷൂട്ടിങ് മാറ്റി വയ്ക്കാം...’ ഫാസിൽ അറുത്തുമുറിച്ചു പറഞ്ഞു.

എനിക്ക് പിന്നെയും പേടിയായി. മോഹൻലാലിനോട് അങ്ങനെയൊക്കെ പറയാൻ സ്വാതന്ത്ര്യമുള്ള ആളാണ് ഫാസിൽ. അദ്ദേഹം പറ‍ഞ്ഞാൽ മോഹൻലാൽ കേൾക്കുകയും ചെയ്യും. ഞാൻ ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടിയില്ല.  

അവസാനം ഞാൻ തീരുമാനിച്ചു മറ്റുചിലർക്ക്  ചെറിയ വിഷമം ഉണ്ടാകുമെങ്കിലും ഫാസിലിന്റെ സിനിമ ചെയ്യണം. അങ്ങനെ സമയമുണ്ടാക്കി ചെയ്ത സിനിമയാണ് ‘മണിച്ചിത്രത്താഴ്’  ചെറിയ കഥാപാത്രമാണെന്നു പറഞ്ഞത് ആശ്വാസമായി. അങ്ങനെയാണ് ഞാൻ ഫാസിലിന്റെ സെറ്റിൽ എത്തി ഉണ്ണിത്താൻ എന്ന കഥാപാത്രമാവുന്നത്. ഇന്ന് മണിച്ചിത്രത്താഴ് കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്; ആ സിനിമ ഞാൻ ഒഴിവാക്കിയിരുന്നെങ്കിൽ ഫാസിലിന് നഷ്ടമൊന്നുമില്ല. പക്ഷേ എനിക്ക് വലിയ നഷ്ടം ഉണ്ടാകുമായിരുന്നു.

മറ്റൊരിക്കൽ എന്റെ മകൻ സുഖമില്ലാതെ ആശുപത്രിയിലായി. നടുവേദന. അവന്റെ കല്യാണം കഴിഞ്ഞ സമയത്താണ്. ഞാൻ സിനിമകളെല്ലാം ഉപേക്ഷിച്ച് അവനെയും കൊണ്ട് എറണാകുളത്തെ ആശുപത്രിയിലാണ്. ഉപേക്ഷിച്ച സിനിമകളിലൊന്ന് സത്യൻ അന്തിക്കാടിന്റേതാണ്. കാരണം മകനെ ൈമസൂരിലെ ഒരു ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ എത്രദിവസം കിടക്കേണ്ടി വരുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാൻ സിനിമകളെല്ലാം ഒഴിവാക്കിയത്.

ഞാനും മകനും കൂടി എറണാകുളത്ത് ആശുപത്രിയിൽ നിന്നപ്പോഴാണ് സത്യൻ അന്തിക്കാട് വിളിക്കുന്നത്. സത്യന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഒന്നുവന്നു കണ്ടിട്ടു പോകണം.  ഷൂട്ടിങ്ങിനു നിൽക്കണ്ട. കണ്ടിട്ടു പോയാൽ മതി.

സത്യനാണു വിളിക്കുന്നത് എന്നതുകൊണ്ട് എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല. ആശുപത്രിയിൽ നിന്ന്‌ ഞാൻ െസറ്റിലേക്കു ചെന്നു. 

സെറ്റിലിരുന്നപ്പോൾ സത്യൻ പറഞ്ഞു. ഒരു സീൻ എടുത്തിട്ടുപോകാം. അപ്പോഴേക്കും മേക്കപ്പ്മാൻ പാണ്ഡ്യൻ വന്നു. എന്നെ മേക്കപ്പ് ചെയ്യാനും തുടങ്ങി.

ഞാൻ സത്യനോടു പറഞ്ഞു; സത്യാ... ഒരു ദിവസം മാത്രം ഞാൻ അഭിനയിച്ചു പോയാൽ അത് ബുദ്ധിമുട്ടാവില്ലേ? നാളെ ഞാൻ മകനെയും കൊണ്ട് ൈമസൂർക്കു പോവുകയാണ്.’

സത്യൻ പറഞ്ഞു. അതുസാരമില്ല. ഒരു സീൻ എടുത്തിട്ട് പോയാൽ ബാക്കി നമുക്ക് എന്താണെന്നുവച്ചാൽ അതുപോലെ ചെയ്യാം.

അങ്ങനെയായിരുന്നു ‘മനസിനക്കരെ’യിലെ ചാക്കോ മാപ്പിളയുടെ തുടക്കം. 

ഒരു സീൻ എടുത്തു. അപ്പോഴേ എനിക്കു തോന്നി. ഈ കഥാപാത്രത്തിന് ഈ സിനിമയിൽ എന്തൊക്കെയോ െചയ്യാനുണ്ടല്ലോ? ഈ സിനിമ ഞാൻ ഉപേക്ഷിച്ചു പോകുന്നത് നല്ലതല്ലല്ലോ?

‘ഞാൻ ധർമ്മസങ്കടത്തിലായി. മകനെ വിളിച്ചു ചോദിച്ചു. സത്യൻ അങ്കിളിന്റെ സിനിമയാണ്. നല്ല കഥാപാത്രമാണ്. സത്യൻ നിർബന്ധിക്കുന്നില്ല. ആശുപത്രിയിൽ പോയിട്ടുവരാനാണു പറയുന്നത്? ഞാൻ എന്താ ചെയ്യേണ്ടത്?

അവൻ പറഞ്ഞു; ‘അപ്പൻ ധൈര്യമായിട്ട് അവിടെ നിന്നോ. എനിക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. കുറച്ചു സീനുകളിലൊക്കെ അഭിനയിച്ചിട്ട് മൈസൂരു വന്നാൽ മതി.’

മകന്റെ വാക്കുകളിൽ എനിക്ക് ആശ്വാസം തോന്നി. ഞാൻ ചാക്കോ മാപ്പിളയായി. പ്രേക്ഷകർ എപ്പോഴും പറയുന്ന കഥാപാത്രങ്ങളിൽ ഒരാളായി ചാക്കോ മാപ്പിള.  ‘മനസിനക്കരെ’ വൻഹിറ്റായ സിനിമയാണ്. ഷീലാമ്മ ഒരുപാടു കാലത്തെ ഇടവേളയ്ക്കു ശേഷം അഭിനയിച്ചു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ആ സിനിമയ്ക്ക്. പിന്നെ അടുത്തകാലത്ത് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച മലയാള സിനിമ എന്ന ഖ്യാതിയും. മാത്രമല്ല ഒരുപാട് അവാർഡുകളും കിട്ടി ആ സിനിമയ്ക്ക്. ഞാൻ പറഞ്ഞു വന്നത് ഇതാണ്. എന്റെ പല കഥാപാത്രങ്ങളും ഇതുപോലെ യാദൃച്ഛികമായി വന്നുപെട്ടവരാണ്."

Tags:
  • Celebrity Interview
  • Movies