Monday 05 April 2021 02:13 PM IST : By എം.കെ. കുര്യാക്കോസ്

‘കുടുംബ ജീവിതം ബോറടിച്ചു, എന്നാൽ പിരിഞ്ഞേക്കാം’ എന്നു പറയാനാകില്ല; കുറച്ചുസമയം മാറിനിന്നാൽ ചിലപ്പോൾ ശരിയാകാം: ന്യൂ ജനറേഷന്റെ ബാലേട്ടൻ, അഭിമുഖം

pbalachannbbbc33445 ഫോട്ടോ: ഹരികൃഷ്ണൻ

ന്യൂ ജനറേഷന്റെ ബാലേട്ടൻ (പി. ബാലചന്ദ്രൻ): 2013 ഒക്ടോബർ ആദ്യ ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം

കേരളത്തിലെ പഴയകാല പ്രഭാതം. ശാസ്താംകോട്ടയിലെ ഒരു വീട്ടിൽ ചായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വീട്ടമ്മ. വെള്ളം തിളച്ചപ്പോഴാണ് പഞ്ചസാര തീർന്നു പോയല്ലോ എന്ന് ആശങ്കാകുലയായത്. ആറിൽ പഠിക്കുന്ന മകനെ ഉണർത്തി പഞ്ചസാര വാങ്ങാൻ വിട്ടു. അക്കാലത്ത് കുട്ടികളെല്ലാം വണ്ടികളാണ്. കാറായും ബസായും ലോറിയായും സ്കൂട്ടറായും സ്വയം രൂപം മാറാൻ കഴിയുന്നവർ. സ്വന്തം ‘വണ്ടി’ സ്റ്റാർട്ടാക്കി അതു ഡ്രൈവ് ചെയ്ത് കത്തിച്ചു വിടും. പി. ബാലചന്ദ്രൻ എന്ന ഈ ആറാം ക്ലാസുകാരനും തന്റെ 'ജീപ്പ്' സ്റ്റാർട്ടാക്കി ഒരൊറ്റ വിടലു വിട്ടു.

‘ജീപ്പ്’ റോഡിലെത്തിയപ്പോഴല്ലേ കണ്ടത്, വാനുകൾ പൊടിപറത്തി കുതിച്ചു പായുന്നു. പാവപ്പെട്ട ഗ്രാമീണ് റോഡ് അന്തംവിട്ടു കിടക്കുകയാണ്. ഇതെന്തു കഥ എന്നോർത്ത് "ജീപ്പ്' ഓരം ചേർന്നു നിർത്തി. അരികിലൂടെ കടന്നു പോയ ഒരു വാനിന്റെ ബോർഡിൽ മൂന്നക്ഷരങ്ങൾ ആറാം ക്ലാസുകാരൻ വായിച്ചു -ഉദയ.

ഉദയ അന്ന് നക്ഷത്രങ്ങൾ നിറഞ്ഞ ഒരു ആകാശത്തിന്റെ പേരായിരുന്നു. താരറാണികളും താരരാജാക്കന്മാരും അലസഗമനം നടത്തുന്ന സിനിമാ കമ്പനി. കടയിൽ നിന്നറിഞ്ഞു, എക്സ് എംപി വി.പി. നായരുടെ വീട്ടിൽ ഉദയായുടെ പടത്തിന്റെ ഷൂട്ടിങ്ങാണെന്ന്. പിന്നെ സംശയിച്ചില്ല. "ജീപ്പ്' നായർ സാറിന്റെ വീട്ടിലേക്കു വിട്ടു.

കുറച്ചു നാട്ടുകാരും അവിടെ അവിശ്വസനീയമായ കാഴ്ച കാണാൻ എത്തിയിട്ടുണ്ട്. അവർക്കരികെ "ജീപ്പ്' പാർക്ക് ചെയ്ത് ബാലചന്ദ്രൻ നക്ഷത്രങ്ങളെ പരതി. അതാ, മേക്കപ്പിടുന്ന സത്യൻ, അതാ, കാറിൽ നിന്നിറങ്ങുന്ന ശാരദ, സിനിമ തന്നെ അദ്ഭുതമായിരുന്ന കാലം. ഷൂട്ടിങ് കാണാത്ത നാട്ടുകാർ. അന്തംവിട്ട് കുന്തം വിഴുങ്ങി ബാലചന്ദ്രൻ അവിടെ നിന്നു. ഒരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്.

'കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി, കൂടെവിടെ..?' ആ ബഹളമെല്ലാം കണ്ടു നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഷൂട്ടിങ് തീർന്നപ്പോഴേക്കും അവിടെ ഇരുളു പരന്നിരുന്നു. പേടിച്ചു പോയി. ജീപ്പ് അവിടെ ഉപേക്ഷിച്ച് സ്കൂട്ടർ സ്റ്റാറ്റാർട്ട് ചെയ്തത് ബാലചന്ദ്രൻ വീട്ടിലേക്കു കുതിച്ചു. വിട്ടിലെത്തി അടുക്കളയിൽ കാലുകുത്തിയതേ ഓർമ്മയുള്ളൂ. സർവസന്നാഹങ്ങളുമായി കാത്തു നിന്ന് അമ്മ അടി തുടങ്ങി. പൊതിരെ കിട്ടി. കണ്ണ് കരഞ്ഞെങ്കിലും കരൾ കരഞ്ഞില്ല. പഞ്ചസാര വാങ്ങാൻ പോയിട്ട് ജീവിതമധുരം കണ്ടെത്തിയ ചെറുക്കന്റെ ഉള്ള് വേദനിക്കുന്നതെങ്ങനെ? ഉള്ളിലപ്പോഴും കാക്കത്തമ്പുരാട്ടി മധുരം കിനിച്ചു കൊണ്ടിരുന്നു. ബാലചന്ദ്രന്റെ ആദ്യ സിനിമ അനുഭവമായിരുന്നു ഇത്. "അന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ, ഒരിക്കൽ ഞാനും ഇങ്ങനെ സിനിമയിൽ എത്തുമെന്ന്' ഓർമകളിൽ ബാലചന്ദ്രൻ പുഞ്ചിരിച്ചു.

കുട്ടിക്കാലത്തു നാടകമായിരുന്നു പ്രിയം. എട്ടിലും ഒൻപതിലും പഠിക്കുമ്പോൾ സ് കൂൾ നാടകത്തിലെ സ്ഥിരം 'നടി'യായി. മാതൃഭൂമി ആഴ്ച്ച പതിപ്പ് നടത്തിയ സാഹിത്യ മൽസരത്തിൽ നാടക രചനയ്ക്ക് ഒന്നാം സമ്മാനവും നേടി. പിന്നെ സ്കൂൾ ഓഫ് ഡ്രാമയിലേക്ക്. പഠനം കഴിഞ്ഞപ്പോൾ അവിടെ തന്നെ. ജോലി കിട്ടുമെന്നാണ് കരുതിയത്. പക്ഷേ, കിട്ടിയില്ല. ഗസ്റ്റ് ലക്ചറർ മാത്രമാക്കി. ആ സമയത്താണ് ബാലചന്ദ്രന്റെ നാടകം യൂത്ത് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് സമ്മാനം നേടുന്നത്. പിന്നെ മടിച്ചില്ല. ജോലി വലിച്ചെറിഞ്ഞു. നാടകം കൊണ്ട് ജീവിക്കും എന്നു പറഞ്ഞ് നെഞ്ചു വിരിച്ചു നടന്നു. വൈകാതെ മനസ്സിലായി -നാടകം കൊണ്ട് ജീവിക്കാൻ പറ്റില്ല. കാരണം, എഴുതുന്നത് കൊമേഴ്സ്യൽ നാടകമല്ല. പിന്നെ സിനിമാ തിരക്കഥ എഴുത്തായി. ജി.എസ്. വിജയനു വേണ്ടി ഹൗസ് ഫുൾ എന്നൊരു സിനിമ യാഥാർഥ്യമാകുമെന്നു കരുതി. മമ്മൂട്ടിയായിരുന്നു നായക വേഷമിടേണ്ടിയിരുന്നത്. അതും നടന്നില്ല. 

വീട്ടുകാരും നാട്ടുകാരും ചോദിക്കും 'ഇപ്പോ എന്താ പരിപാടി' 'സിനിമ എഴുതുകയാണ്.' പക്ഷേ ഒന്നും പുറത്തുവരുന്നില്ലല്ലോ എന്ന് അടക്കം പറയുന്നത് കേട്ടില്ലെന്നു നടിച്ചു. എഴുതി എഴുതി മഷി തീർന്നു, അഹങ്കാരവും തീർന്നു. എഴുത്തിനോടുള്ള പേടിയും മാറി, ഉള്ളിൽ തെളിച്ചവും വന്നു. അങ്ങനെ എഴുതി എഴുതി ഒരു തിരക്കഥ സിനിമയായി - അങ്കിൾ ബൺ.

ഓസ്കർ സിനിമയിലൂടെ നടനാകുന്നു

മറ്റൊരു മലയാള സിനിമാനടനുമില്ലാത്ത ഒരു ബഹുമതി ബാലചന്ദ്രനുണ്ട്. "അഭിനയിച്ച ' ആദ്യ സിനിമ റിച്ചാർഡ് ആറ്റൻ ബറോയുടെ 'ഗാന്ധി'യാണ്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ യടെ ദേശീയ നാടക ക്യാംപ് ഹരിയാനയിൽ നടക്കുന്നു. ബാലചന്ദ്രനും അതിൽ പങ്കെടുക്കുന്നുണ്ട്. താമസം ഒരു ഹോട്ടലിൽ. അവിടെ എന്നും രാവിലെ ബസ് വരും. കുറെയാളുകൾ ധൃതിയിൽ അതിൽ കയറി പോകും. അന്വേഷിച്ചപ്പോഴാണറിഞ്ഞത്. അവർ "ഗാന്ധി'യിൽ അഭിനയിക്കാൻ പോവുകയാണ്. 75 രൂപ കിട്ടും ഒരു ദിവസത്തെ പ്രതിഫലം. സംഗതി കൊള്ളാമല്ലോ. പിറ്റേന്ന് ബാലചന്ദ്രനും വണ്ടിയിൽ കയറി. കുറേ സഞ്ചരിച്ച് ബസ് ഒരു വെളിമ്പ്രദേശത്ത് നിന്നു. ഞെട്ടിപ്പോയി ഇന്ത്യാ മഹാരാജ്യം മുഴുവൻ അവിടെയുണ്ട്. ഒരു പരപ്പ് ആളുകൾ, അത്രതന്നെ വളർത്തു മൃഗങ്ങൾ.

ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനത്തെ തുടർന്നുള്ള അഭയാർഥി പ്രവാഹമാണ് ചിത്രീകരിക്കുന്നത്. ബാലചന്ദ്രനു കിട്ടിയത് ഒരു മുസ്ലിമിന്റെ വേഷമാണ്. കൂടെ 75 രൂപയും ഭക്ഷണക്കുപ്പണും. ആറ്റൻബറോ ഹെലികോപ്റ്ററിൽ ഇരുന്നാണ് ചിത്രീകരണം. മേക്കപ്പ് ഒക്കെ ഇട്ടു. ഇനി ഷൂട്ടിങ്. അഭിനയമൊന്നും വേണ്ട. വെറുതേ നടന്നാൽ മതി. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചതല്ലേ. വെറുതെ നടക്കുക എന്നൊരു സംഭവം അസാധ്യമാണ്. വിഭജനത്തിന്റെ മുഴുവൻ ദുഃഖവും മുഖത്ത് എടുത്ത് പിടിച്ച് നടന്നു. ആറ്റൻബറോ ഹെലികോപ്റ്ററിൽ ഇരുന്ന് ഈ നടനെ തിരിച്ചറിയും. നല്ല റോൾ തരും , അതോടെ വിധിമാറിമറിയും. എന്നൊക്കെയാണു കരുതിയത്. ഒന്നും സംഭവിച്ചില്ല. പിന്നെയാണ് അറിഞ്ഞത്, ആറ്റൻബറോ ഹെലികോപ്റ്ററിലൊന്നും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ ഏതോ അസിസ്റ്റന്റാണ് സീൻ എടുത്തത്.

പിന്നീട് നാട്ടിൽ സിനിമ വന്നപ്പോൾ പോയി കണ്ടു. സീൻ മനസ്സിലായി. പക്ഷേ ബാലചന്ദ്രന്, ബാലചന്ദ്രനെ മനസ്സിലായില്ല. പൊട്ടു പോലെ കുറെ മനുഷ്യർ അരിച്ചരിച്ച് നീങ്ങുന്നു. അതിൽ ഏതു പൊട്ടാണ് ഈ പാവം പൊട്ടൻ എന്നറിയാതേ ബാലചന്ദ്രൻ കുഴങ്ങി. പക്ഷേ, ഇപ്പോൾ 'സിനിമാനടൻ' എന്ന നിലയിൽ തന്നെ ആൾക്കാർ തിരിച്ചറിഞ്ഞു തുടങ്ങി. അഗ്നിദേവൻ, വക്കാലത്ത് നാരായണൻകുട്ടി, ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, ഇമ്മാനുവൽ, കടൽ കടന്നാൽ മാത്തുക്കുട്ടി.. തുടങ്ങി പല നല്ല സിനിമകൾ, നല്ല കഥാപാത്രങ്ങൾ. 

“പഠിക്കുന്ന കാലത്ത് തപോവനസ്വാമിയുടെ 'ഹിമഗിരി വിഹാരം' വായിച്ചപ്പോൾ തന്നെ കരുതിയിരുന്നു, ഹിമാലയത്തിൽ പോകണം. ഈ ജന്മം ഹിമാലയം കാണാൻ കഴിയില്ല എന്ന് തീർച്ചപ്പെടുത്തിയിരിക്കെ വൈക്കത്ത് വച്ച് ഒരു സന്യാസിയെ പരിചയപ്പെട്ടു. സഞ്ചാരിയായ സന്യാസി - മാതൃസ്വാമി. അദ്ദേഹം ചോദിച്ചു: 'ഹിമാലയത്തിൽ വരുന്നോ?' നടുങ്ങിപ്പോയി.

balettan copy.indd

"ഞാൻ ചുറ്റി സഞ്ചരിക്കുന്നവനാണ്. എല്ലാവരോടും കൂടെ വരുന്നോ എന്നു ചോദിക്കാറില്ല' സ്വാമി വീണ്ടും പറഞ്ഞു. പോയാൽ ചുറ്റാകുമോ സന്യാസിയുടെ ചെലവു കൂടി എടുക്കേണ്ടി വരുമോ? നശിച്ച ജന്മമല്ലേ നമ്മുടേത്. ഇത്തരം ക്ഷുദ്ര ചിന്തകൾ കൊണ്ട് സ്വപ്നത്തിന്റെ ആകാശത്തെ പിച്ചിക്കീറാൻ നമുക്ക് എത്രവേഗം കഴിയുന്നു? വേണ്ട എന്നു തന്നെ തീരുമാനിച്ചു. മൂന്നു നാലു മാസം കഴിഞ്ഞ് സ്വാമി വീണ്ടും ഫോണിൽ വിളിച്ചു. പിന്നെ സംശയിച്ചില്ല. പണം സംഘടിപ്പിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തു. എറണാകുളം റയിൽവേ സ്റ്റേഷനിൽ, പോകേണ്ട ദിവസമാണ് സ്വാമിയെ വീണ്ടും കാണുന്നത്.

യാത്ര തുടങ്ങി. ചായക്കാരൻ വരും. ഒരു തവണ സ്വാമി പൈസ കൊടുത്താൽ അടുത്ത തവണ ബാലചന്ദ്രൻ. കടം പാടില്ല എന്നു തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു സ്റ്റേഷനിൽ നിന്ന് പഴം വാങ്ങിയപ്പോൾ ഊഴം ബാലചന്ദ്രന്റേതായി. പക്ഷേ, പണം കൊടുക്കുന്നത് സ്വാമി തടഞ്ഞു. "ബാലേട്ടൻ ലൗകീകനാണ്. ഗൃഹനാഥനാണ്. ഗൃഹസ്ഥാശ്രമം ഭംഗിയായി നടത്താൻ സമ്പത്ത് ആവശ്യമാണ്. എനിക്ക് പണം ആവശ്യമില്ല. ധാരാളം പണം എനിക്ക് ആളുകൾ തരുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ പണം എനിക്കുണ്ട്. അതു ഞാൻ ആവശ്യക്കാർക്ക് കൊടുക്കുകയാണ് പതിവ്. ഇനി ബാലേട്ടൻ ഒറ്റ പൈസ പോലും എടുക്കരുത്'. മാസങ്ങളായി മനസ്സിൽ തട്ടിക്കിഴിച്ച കണക്കുകൾ മഞ്ഞു പോലെ ഉരുകിപോയി. കീട ജന്മങ്ങൾ കളപ്പുര നോക്കി നെടുവീർപ്പിടുന്നു; കിളികൾ പാട്ടുപാടി ഉല്ലസിക്കുന്നു.

അങ്ങനെ ഒരു പക്ഷിയായി ഹിമാലയത്തിലെത്തി. മനസ്സില്‍ കണ്ട ഹിമാലയം എത്ര ചെറുത്. വാക്കുകൾ കൊണ്ട് അളക്കാനാകാത്ത അനന്ത ഗാംഭീര്യം. അവിടെ ഏതാനും ചുവടു വയ്ക്കുമ്പോൾ തന്നെ അഹന്തയുടെ ചുമട് ആരും വലിച്ചെറിയും. പുല്ലിനും പുഴുവിനും കാറ്റിനും കടലിനും മനുഷ്യനും മൃഗത്തിനും ഭൂമിയിൽ ഒരേ അവകാശമാണെന്ന് തിരിച്ചറിയും.

അങ്ങനെ നടക്കുമ്പോൾ കാണുന്നു, കലമാനുകൾ പർവതച്ചെരുവിലൂടെ ഓടുന്നു. “ഇത്ര കാൽപനികമായ ദൃശ്യം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന്' ബാലചന്ദ്രൻ. നോക്കിയങ്ങനെ നിന്നപ്പോൾ സ്വാമി പറഞ്ഞു "ഇങ്ങനെ നിൽക്കരുത്. മാനുകൾ ഓടുമ്പോൾ കല്ലുരുണ്ട് നിങ്ങൾ നിൽക്കുന്ന മണ്ണിൽ വീഴും. അതടർന്ന് നിങ്ങളെയും കൊണ്ട് അഗാധഗർത്തത്തിൽ പതിക്കും. ആ കാഴ്ചയ്ക്ക് അങ്ങനൊരപകടവും കൂടിയുണ്ട്'. അതൊരു അറിവായിരുന്നു. സ്വപ്ന തുല്യമെങ്കിലും മരണദായകമാകാം ചില കാര്യങ്ങൾ. ചില പ്രണയങ്ങൾ പോലെ. ചില സ്നേഹങ്ങൾ പോലെ...

എന്തിലും ആത്മീയത അടങ്ങിയിട്ടുണ്ട്. അതു പഠിപ്പിച്ചത് അച്ഛനാണ്. വിവാഹം കഴിഞ്ഞ് ബാലചന്ദ്രൻ തൃശൂരിൽ താമസിക്കുന്ന കാലം. ഗുരുവായൂരിൽ തൊഴാൻ വരുന്നുണ്ടെന്ന് അച്ഛന്റെ കത്തു വന്നു. പഴയ കാലമാണ്. വാഹനങ്ങൾ കുറവ്. അതിനാൽ ശാസ്താംകോട്ടയിൽ നിന്ന് ഗുരുവായൂർക്ക് വളരെ ദൂരമുണ്ടായിരുന്നു. മകനും മരുമകളും അച്ഛനെ സ്വീകരിക്കാൻ തയ്യാറായി നിന്നു. സന്ധ്യക്ക് അച്ഛൻ വന്നു. പിറ്റേന്ന് അതിരാവിലെ ഗുരുവായൂർക്ക് എല്ലാവരും ചേർന്ന് യാത്രയായി. ഗോപുരനടയിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു: ഇനി നിങ്ങൾ പോയി തൊഴുതിട്ടു വരൂ. ഞാനിവിടെ നിൽക്കാം. ദർശനത്തിലല്ല, യാത്രയിലാണ് പുണ്യമെന്ന് അച്ഛൻ കരുതി. സഹനമായിരുന്നു പ്രാർഥന. "അതൊരു തരം ആത്മീയതയാണ് എനിക്ക് ഇഷ്ടം തോന്നുന്ന ആത്മീയത.' 

തിരക്കഥ എഴുതി എഴുതി ഒരു കരയിലും അടുക്കാതിരുന്നപ്പോൾ പ്രകൃതി കൃഷിയുടെ ആചാര്യനായ കെ. വി. ദയാലിനോടു സംസാരിച്ചു. അദ്ദേഹം ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ, "ചെയ്യുന്ന ജോലി നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടോ?'. സന്തോഷം തരാത്ത ജോലി ചെയ്യുന്ന ഏക ജീവിയാണ് മനുഷ്യൻ. അതൊരു ജീവിതപാഠമായിരുന്നു. എല്ലാ കാര്യത്തിലും ഇത് പൂർണ അർഥത്തിൽ ബാധകമാക്കാനാകില്ലെന്ന് ബാലചന്ദ്രൻ പറയുന്നു. 'കുടുംബ ജീവിതം ബോറടിച്ചു, എന്നാൽ പിരിഞ്ഞക്കാം' എന്നു പറയാനാകില്ല. കുറച്ചു സമയം മാറി നിന്നാൽ ചിലപ്പോൾ ശരിയാകാം - അവധി എടുത്ത് ഫ്രഷ് ആകുന്നതു പോലെ.

ഇങ്ങനെ ജീവിതത്തെ ആകമാനം ഫ്രഷാക്കി തന്നു ശ്രീ ശ്രീ രവിശങ്കർ എന്ന് ബാലചന്ദ്രൻ. സഞ്ചി, കണ്ണിപ്പീള, സർവ പുച്ഛം, മദ്യം - ബുദ്ധിജീവിയാകാനുള്ള മിനിമം യോഗ്യത ഇത്രയുമായിരുന്ന കാലത്ത് ബുദ്ധിജീവി ആയ എഴുത്തുകാരനാണ് ബാലചന്ദ്രൻ. കുറെക്കഴിഞ്ഞപ്പോഴാണ് കാര്യങ്ങളുടെ പൊള്ളത്തരം മനസ്സിലായത്. പിന്നെ ജീവിതത്തെ ചിട്ടപ്പെടുത്തിയത് ജീവനകലയാണ്. ജീവിതത്തിൽ നിന്ന് കല കടഞ്ഞെടുക്കുന്നവരാണ് കലാകാരൻമാർ. അവർക്ക് എന്തുകൊണ്ട് ജീവിതത്തെ തന്നെ കലയാക്കിക്കൂടാ എന്ന ചോദ്യം മനോഹരമായി രുന്നു. - മാനസസരസിലെ മാരിവില്ലു പോലെ.

മധുരകലയാണോ മധുര ജീവിതമാണോ കാരണം എന്നറിയില്ല, ബാലചന്ദ്രന് പ്രമേഹം വന്നു. അങ്ങനെ സ്വാമി നിർമലാനന്ദ ഗിരിയുടെ അടുക്കലെത്തി. മരുന്നിനൊപ്പം ഒരു ഉപ ദേശവും സ്വാമി തന്നു : മര്യാദാമസൃണമായി ജീവിച്ചാൽ അസുഖം വരില്ല'"മര്യാദ എന്താണെന്നു മനസ്സിലായി. പക്ഷേ എങ്ങനെയാണ് മസൃണമായി ജീവിക്കുന്നത്? “അസൂയ ഇല്ലാതെ ജീവിക്കുക. ക്ഷോഭിച്ചവരോട് ക്ഷോഭിക്കാതിരിക്കുക. അസുഖം വരില്ല. സ്വാമിജി പറഞ്ഞു.

സ്കൂൾ ഓഫ് ഡ്രാമയിൽ ജൂനിയറായി പഠിച്ച ശ്രീലതയാണ് ഭാര്യ. രണ്ടു മക്കൾ: സ്വാമി നിർമ്മലാനന്ദഗിരിയുടെ ആശു പ്രതിയിൽ ജോലിയുള്ള ഡോ. പാർവതിയും ഇന്ത്യൻ എക്സ് പ്രസിലെ മാർക്കറ്റിങ് വിഭാഗത്തിലുള്ള ശ്രീകാന്തും.

balettan copy.indd

നാടകം പഠിച്ചിട്ടും ഭാര്യ എന്തേ ആ രംഗത്ത് നിന്നില്ല?

ഭാര്യ അങ്ങനെ പോകേണ്ടെന്ന് ഞാനങ്ങു തീരുമാനിച്ചു. ധാർഷ്ട്യമായിരുന്നു കാരണം. പക്ഷേ പുറത്ത് പറഞ്ഞത് മറ്റൊന്നാണ് ഞാനോ ഇങ്ങനെ നടക്കുകയാണ്. ഭാര്യയും കൂടി പോയാൽ വീട്ടിലെ കാര്യം ആരു നോക്കും കുട്ടികളുടെ അവസ്ഥ എന്താകും? എന്നെല്ലാമാണ്. അതിൽ കുറേ വാസ്തവവും ഉണ്ടായിരുന്നു. സ്ത്രീയാണ് ശക്തി. കുടുംബത്തിന്റെ അടിത്തറ ഭാര്യയാണ്. അടുക്കളയിൽ അടങ്ങിക്കൂടണമെന്നല്ല ഞാൻ പറയുന്നത്.

തിരിഞ്ഞു നോക്കുമ്പോൾ കലാകാരിയായ ഭാര്യയോട് ഞാൻ നീതി കാണിച്ചില്ല എന്നു തോന്നുന്നു. ഞാൻ കടന്നുവന്ന വഴികളൊക്കെ ഭാര്യയ്ക്കും പരിചിതമാണ്. എന്റെ ജീവിതത്തിലെ വഴിവിളക്കുകളൊക്കെ അവർക്കും വെളിച്ചം നൽകിയിട്ടുണ്ട്. എന്നേക്കാൾ നന്നായി അവരിൽ നിന്നും പ്രകാശം സ്വീകരിക്കാൻ കഴിഞ്ഞതും അവർക്കായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അത് സ്ത്രീയുടെ പ്രത്യേകതയാണ്. അതിനാൽ എന്റെ ജീവിതദർശനങ്ങൾ എന്നേക്കാൾ നന്നായി ഉൾക്കൊണ്ടിട്ടുള്ളതും ശ്രീലതയാണ്. പക്ഷേ ശ്രീലത സാമൂഹിക രംഗത്തുണ്ട്. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സണാണ് ഇപ്പോൾ. രാഷ്ട്രീയത്തേക്കാൾ സാമൂഹിക പ്രവർത്തിനുള്ള വേദി എന്ന നിലയിലാണ് അവിടെ നിൽക്കുന്നത്. പലപ്പോഴും പ്ര യാസങ്ങളുണ്ടാകും. ഇട്ടിട്ടു പോകരുത്, ഇത്രയൊക്കെ നല്ല മനസ്സുള്ളവർ പോയാൽ സമൂഹത്തിന്റെ അവസ്ഥ എന്താകും എന്ന് ഞാൻ പറയും.

ന്യൂജനറേഷൻ സിനിമയിലെ ഓൾഡ് ജനറേഷൻ പ്രതിനിധിയാണ് താങ്കൾ. ഇത്തരം സിനിമ വിമർശിക്കപ്പെടുന്നുണ്ട്, അസഭ്യ ഭാഷ, മദ്യം, മയക്കുമരുന്ന്, തുടങ്ങി പല കാര്യങ്ങളിൽ? 

പഴയ ജനറേഷന്റെ വിദ്യാഭ്യാസമല്ല പുതിയ ജനറേഷന്റേത്. അപ്പോൾ തന്നെ കാര്യങ്ങൾ മാറി. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടു പാടിയ ജനറേഷൻ പുതിയ സിനിമയെ വിമർശിക്കുന്നത് തന്നെ കൗതുകകരമാണ്. കോൺടെക്സസറാണ്, ടെക്സിനെ നിർണയിക്കുന്നത്. ഒരു ഉദാഹരണം പറയാം: 'കാണാം' എന്ന വാക്ക് എടുക്കുക. കാമുകൻ കാമുകിയോട് കാണാം' എന്നു പറയുന്നതിൽ പ്രതീക്ഷയുടെ കൺതിളക്കമുണ്ട്. വഴക്കുള്ള രണ്ടു പേരിലൊരാൾ 'കാണാം' എന്ന് പറയുമ്പോൾ, വെല്ലുവിളിയുടെ തീപ്പൊരിയാണ് ചിതറുന്നത്. അതുകൊണ്ട് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അശ്ലീലമെന്നു പറയുന്നതിൽ അർഥമില്ല. മദ്യപാനവും മയക്കുമരുന്നും നല്ലതല്ല. ട്രെൻഡിന്റെ ഭാഗമായി ആരും ഇത് ഉപയോഗിക്കരുത്.

അധ്യാപകൻ, നാടകരചയിതാവ്, സിനിമാ നടൻ, സംവിധായകൻ.. ഏതാണ് ഏറ്റവും ഇണങ്ങുന്ന വേഷം?

സ്കൂൾ ഓഫ് ഡ്രാമയിൽ കുട്ടികൾ വരുന്നതു തന്നെ അഭിനയിക്കാനാണ്. പിന്നെയാണ് മറ്റ് മേഖലകളിലേക്ക് മാറുന്നത്. എന്റെ ഉളളിൽ അഭിനയം കൊതിച്ച ഒരു നടൻ എന്നും ഉണ്ടായിരുന്നു. പക്ഷേ, പൊക്കകുറവ് അപകർഷതാബോധമായി എന്നെ തടുത്തുകൊണ്ട് നിന്നു. ഞാൻ അധ്യാപനം നന്നായി ആസ്വദിച്ചു. കാരണം, ഞാൻ ക്ലാസിൽ അഭിനയിക്കുകയായിരുന്നു. നല്ല അധ്യാപകൻ നല്ല അഭിനേതാവാകണമെന്ന് ബി എഡിനു പഠിപ്പിക്കും. ഞാൻ അത് കൃത്യമായി പാലിച്ചു. ഒരു ക്ലാസ് പോലെയാകില്ല മറ്റൊരു ക്ലാസ്. 

ചിലപ്പോൾ എനിക്ക് എന്റെ അഭിനയം ബോറടിക്കും. അപ്പോൾ ഞാൻ ക്ലാസ് നിർത്തും. ഇവ മാത്രമല്ല, ഇപ്പോൾ കർഷകന്റെ വേഷവും ഉണ്ട്. കുറച്ച് സ്ഥലത്ത് പ്രകൃതികൃഷി. സായ്പ് പറയുന്നത് അഗ്രികൾച്ചർ എന്നാണ്. അതിൽ കൾച്ചറുണ്ട്. അതൊരു സംസ്കാരമാണ്. നമ്മുടെ വിളവിലൊരു ഭാഗം എലി കൊണ്ടു പോകുമ്പോൾ അസ്വസ്ഥമാകാതിരിക്കുന്നത് ആ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ കൃഷികൊണ്ട് എലി കുടുംബത്തിനും ജീവിക്കാൻ കഴിയുന്നുവല്ലോ എന്ന ചിന്ത നമ്മേ  ആഹ്ലാദിപ്പിക്കില്ലേ..?

Tags:
  • Celebrity Interview
  • Movies