Friday 24 April 2020 07:25 PM IST

മിന്നൽ പോലെ വന്ന ലോക്ക് ഡൗണിൽ കൊച്ചുമോളെ മിസ് ചെയ്ത് സോഫിയ പോൾ

Roopa Thayabji

Sub Editor

sofia

'ബാംഗ്ലൂർ ഡേയ്സും' 'മുന്തിരിവള്ളികളും' 'പടയോട്ട'വുമൊക്കെ ആയി ഇഷ്ടസിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമാതാവാണ് സോഫിയ പോൾ. 'മിന്നൽ മുരളി' എന്ന പുതിയ ടോവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ മിന്നൽ പോലെ വന്ന ലോക്ക് ഡൗണിൽ സോഫിയ പോളും പെട്ടുപോയി. ആ സങ്കട കാലത്തു ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മൂന്ന് വയസ്സുള്ള കൊച്ചുമകൻ അമേലിയയെ ആണെന്ന് സോഫിയ പോൾ വനിത ഓൺലൈനോട് പറയുന്നു.

"മിന്നൽ മുരളിയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് വയനാട്ടിൽ ഉപയോഗിക്കുന്നതിനിടെ ആണ് ലോക ഡൗൺ പ്രഖ്യാപിച്ചത്. രണ്ടാം ഷെഡ്യൂൾ കൊച്ചിയിലാണ് പ്ലാൻ ചെയ്തിരുന്നത്. അതിനായി ആലുവ ശിവക്ഷേത്രത്തിനു അടുത്ത് സെറ്റിന്റെ ജോലികൾ ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ലോക് ഡൗണ് വന്നതോടെ ഷൂട്ടിംഗ് നിർത്തിവച്ചു. ഇനി അറ്റകുറ്റപ്പണിയൊക്കെ നടത്തിയാൽ മാത്രമേ അവിടെ ഷൂട്ടിംഗ് സാധ്യമാകൂ. പക്ഷേ അതിനേക്കാൾ വിഷമം ഇത്രയും ദിവസം കൊച്ചുമോളെ പിരിഞ്ഞു ഇരിക്കുന്നതാണ്. അമേലിയ മോൾ ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഇത്രയും നാൾ അവളെ കാണാതിരിക്കുന്നത്.

ഞാനും ഭർത്താവ് പോളും ഷൂട്ടിങ് ആവശ്യങ്ങൾക്കായി നാട്ടിൽ തന്നെ ആയിരുന്നു. എല്ലാം കഴിഞ്ഞ് ദുബായിലേക്ക് മടങ്ങാനുള്ള തീയതി വരെ പ്ലാൻ ചെയ്തു വച്ചിരുന്നതാണ്. പക്ഷേ, അപ്പോഴേക്കും ലോക ഡൗൺ വന്നു. ഒന്നും പറ്റാത്ത അവസ്ഥ. തിരിച്ചു പോകാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതിനു കുറെ നിയന്ത്രണങ്ങൾ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് നടന്നില്ല. അങ്ങനെ ഞങ്ങൾ രണ്ടാളും കൊല്ലത്തെ വീട്ടിലേക്ക് വന്നു. മക്കളായ സെഡിൻ പോലും കെവിൻ പോളും മരുമക്കളും കൊച്ചുമോളുമൊക്കെ അവിടെയും തങ്ങി.

ഇപ്പോൾ എല്ലാ ദിവസവും എല്ലാവരോടും വീഡിയോ കോളിലൂടെ സംസാരിക്കും. കൂടുതൽ മിസ് ചെയ്യുന്നത് മൂന്നു വയസ്സുള്ള അമേലിയ മോളെ ആണ്. അവിടെ ഇപ്പോൾ അവളുടെ കൂട്ടുകാരി കെവിന്റെ ഭാര്യയും അവളുടെ ആന്റിയുമായ ഐമ ആണ്. ഐമ അവളുടെ കുസൃതിത്തരങ്ങൾ ഒക്കെ വീഡിയോ ആക്കി റെക്കോർഡ് ചെയ്തു അയച്ചു തരും.

കഴിഞ്ഞ ദിവസംഒരു വീഡിയോ ഐമ അയച്ചു.   നാട്ടിലുള്ള എന്നോടും ഭർത്താവിനോടും സേഫ് ആയിരിക്കണം എന്നുള്ള കൊച്ചു വായിലെ വലിയ ഉപദേശം ആയിരുന്നു അത്. അവൾ ദിനോസറിനെ കുറിച്ചുള്ള അറിവുകൾ പറയുന്ന വീഡിയോയും അയച്ചിരുന്നു. കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. എത്ര മിടുക്കിയായാണ് അവൾ സംസാരിക്കുന്നത്. മോളെ വാരിയെടുത്ത് ഉമ്മ വയ്ക്കണം എന്ന് തോന്നി. പക്ഷേ എന്ത് ചെയ്യാനാണ്. ലോക്ക് ഡൗൺ ഒക്കെ മാറി തിരികെ പോകുമ്പോൾ അവൾക്ക് ഒരു സ്പെഷ്യൽ സമ്മാനം കൊണ്ടുപോകുന്നുണ്ട്.

ഈ ലോക്ക് ഡൗണും രോഗവുമൊക്കെ നമ്മളെ പരസ്പരം അകറ്റുന്നുണ്ട് എങ്കിലും മനസ്സുകളുടെ അടുപ്പം കൂട്ടുന്നുമുണ്ട്. എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എല്ലാം സാധാരണ നിലയിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..."