Wednesday 03 April 2019 03:49 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ വീണ്ടും ആരാധകരിലേക്ക് യാത്ര ചെയ്യുകയാണ്’! ക്യാമറകൾക്ക് മുഖം കൊടുത്ത് ഇർഫാൻ ഖാൻ

irfan

ബോളിവുഡിന്റെ പ്രിയതാരങ്ങളിലൊരാളായ ഇര്‍ഫാന്‍ ഖാന് കാൻസറാണെന്ന വാർത്ത പ്രേക്ഷകരിലും സഹപ്രവർത്തകരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാൽ വിശദമായ ചികിത്സയിലൂടെ രോഗത്തിൽ നിന്നു മോചിതനായിത്തുടങ്ങിയ താരം ഉടൻ തന്നെ ബി ടൗണിലേക്കു മടങ്ങി വരുമെന്നതാണ് പുതിയ വിശേഷം.

ലണ്ടനിലെ, നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയ താരം, ഇപ്പോഴിതാ ആദ്യമായി ക്യാമറകള്‍ക്ക് മുഖം കൊടുത്തിരിക്കുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം.

ആരാധകരിലേക്ക് താന്‍ വീണ്ടും യാത്ര ചെയ്യുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതിനു പിന്നാലെയാണിത്. മുഖം മറച്ച് വിമാനത്താവളത്തിലെത്തിയ താരം മാധ്യമ പ്രവർത്തകർക്കു മുമ്പില്‍ മുഖം വെളിപ്പെടുത്തി.

എല്ലാവരുടേയും സ്നേഹവും പിന്തുണയും ആണ് തന്റെ അസുഖം ഭേദമാക്കിയതെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

കഴിഞ്ഞ എട്ട് മാസത്തിനിടെ ഒരു തവണ മാത്രമാണ് താരം ഇന്ത്യയിലേക്കു വന്നത്. ആ ദിവസങ്ങളിലും അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു.

‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനായി തയാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വരോഗമാണെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കിയത്. പിന്നീടത് ‘ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍’ ആണെന്ന് സ്ഥിരീകകരിക്കുകയായിരുന്നു.