Friday 12 April 2019 11:22 AM IST : By സ്വന്തം ലേഖകൻ

‘‘ഇത് അവിശ്വസനീയമാണ്, അപ്രതീക്ഷിതം എന്ന വാക്കിന്റെ അര്‍ഥം എനിക്കിപ്പോള്‍ നന്നായറിയാം’’! ഇർഫാന്റെ രോഗകാലത്തെക്കുറിച്ച് പത്നിയുടെ കുറിപ്പ്

irfan-new

ബോളിവുഡിന്റെ പ്രിയ താരങ്ങളിലൊരാളായ ഇർഫാൻ ഖാന് കാൻസറാണെന്ന വാർത്ത പ്രേക്ഷകരിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. എന്നാൽ, ലണ്ടനിലെ വിദഗ്ദ ചികിത്സയ്ക്കു ശേഷം രോഗത്തിൽ നിന്നു മുക്തനായി അദ്ദേഹം അഭിനയ രംഗത്തേക്കു മടങ്ങി വരുന്നുവെന്ന വാർത്ത ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. ഇപ്പോളിതാ, താരത്തിന്റെ പ്രിയപത്നി സുതാപ സിക്തർ അദ്ദേഹത്തിന്റെ രോഗകാലത്തെക്കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

‘‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ വര്‍ഷം. വേദനയും പ്രതീക്ഷയും ഒരിക്കലും ഒരേപോലെ അളക്കാനാകില്ലെന്നു പഠിപ്പിച്ച കാലം. ജീവിതത്തിലേക്കും ജോലിയിലേക്കും ഞങ്ങളിപ്പോൾ പിച്ച വച്ചു തുടങ്ങിയിട്ടേയുള്ളൂ. പുതിയ തുടക്കത്തിനായി പ്രാര്‍ഥനകളോടെ ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അപരിചിതര്‍ക്കും നന്ദി. ഇത് അവിശ്വസനീയമാണ്. അപ്രതീക്ഷിതം എന്ന വാക്കിന്റെ അര്‍ഥം എനിക്കിപ്പോള്‍ നന്നായറിയാം. ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കാൻ, എന്റെ ശ്വാസത്തിനും ഹൃദയമിടിപ്പിനും വേണ്ടി പ്രാര്‍ഥിച്ചവരുണ്ട്. ഓരോരുത്തരോടും പേരെടുത്ത് നന്ദി പറയാന്‍ സാധിക്കാത്തതിൽ ഖേദിക്കുന്നു. ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ വന്ന ഒരുപാടു പേരുണ്ട്. എല്ലാം ശരിയായി, ജോലിയിലേക്കു തിരികെപ്പോകാനായതും പാട്ടും നൃത്തവുമൊക്കെയായി ജീവിതം തിരികെപ്പിടിക്കാനായതും ഇപ്പോഴാണ്. എല്ലാവര്‍ക്കും നന്ദി നിങ്ങളുടെ പ്രാര്‍ഥനകളില്‍ വിശ്വസിക്കുന്നു’’. - അവർ കുറിച്ചു.

ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഇർഫാൻ തിരിച്ചു വരുന്നത്.