Wednesday 08 August 2018 02:30 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിലെ ‘ഇരുവർ’; ഒരു മനസും ഇരു ശരീരവുമായി നാൽപതു വർഷം

mgr

മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ഒരു ‘വെറും തമിഴ് സിനിമ’ മാത്രമല്ലാതാകുന്നതും, തമിഴ് സമൂഹത്തിലും കലാചരിത്രത്തിലും അതിനൊരു സവിശേഷ സ്ഥാനം ലഭിക്കുന്നതും എന്തുകൊണ്ടാണെന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം അത് കലൈഞ്ജൻ എം.കരുണാനിധിയെന്ന മുത്തുവേൽ കരുണാനിധിയുടെയും മക്കൾ തിലകം എം.ജി.ആർ എന്ന എം.ജി രാധാകൃഷ്ണന്റെയും കഥയാണ്. അവരുടെ സ്നേഹബന്ധവും, സൗഹൃദവും, പിണക്കവുമൊക്കെ ദൃശ്യവത്കരിച്ച സിനിമാരൂപം. എന്നാൽ രണ്ടരമണിക്കൂറിന്റെ പരിധിയിലും, പല തരം പരിമിതികളിലും ആ സിനിമ പകർത്തിയതിലും എത്രയോ ഉപരിയാണ് എം.ജി.ആർ–കരുണാനിധി ബന്ധവും, അതിന്റെ ആഴവും പരപ്പും ആന്തരികമായ ഇഴയടുപ്പവും... മോഹൻലാലായും പ്രകാശ് രാജായും നമ്മൾ സ്ക്രീനിൽ കണ്ട ഈ ഇതിഹാസ പുരുഷൻമാർ യഥാർത്ഥ ജീവിതത്തിൽ കരുണാനിധിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, നീണ്ട നാല്‍പ്പത് വര്‍ഷം ഇണക്കിളികളെപ്പോലെ കഴിഞ്ഞവരായിരുന്നു. ഒരു മനസും ഇരു ശരീരവും. സിനിമയിലും രാഷ്ട്രീയത്തിലും വിജയമായി മാറിയ സംഘം. ഇരുവരുടെയും അകല്‍ച്ചയ്ക്ക് പ്രധാന കാരണം ഇതിൽ അസ്വസ്ഥരായ ചിലരായിരുന്നുവെന്ന് കരുണാനിധി മരണം വരെ വിശ്വസിച്ചു.

കരുണാനിധി കഥയും തിരക്കഥയുമെഴുതിയ ‘രാജകുമാരന്‍’ എന്ന ചിത്രത്തില്‍ എം.ജി.ആർ നായകനായതോടെയാണ് ഇരുവരും അടുത്തത്. ഒന്നിച്ച് താമസം ആരംഭിച്ചതോടെ എം.ജി.ആര്‍ കരുണാനിധിയുടെ രാഷ്ട്രീയ ആശയങ്ങളിലേക്കും അടുത്തു. ദ്രാവിഡ രാഷ്ട്രീയവീക്ഷണം ആ സമയത്ത് ഇരുവരുടെ ചിത്രങ്ങളില്‍ പ്രകടമായിരുന്നു. എം.ജി.ആറും സഹോദരന്‍ ചക്രപാണിയും കരുണാനിധിയും വീരപ്പയും കാശിലിംഗവും ചേര്‍ന്നൊരുക്കിയ ‘നാം’ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എം.ജി.ആറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇതെന്നാണ് കരുണാനിധി എക്കാലവും പറഞ്ഞിരുന്നത്.

iruvar

എ.ഐ.എഡി.എം.കെ രൂപീകരണത്തിന് മുന്‍പ് മന്ത്രിസഭ രൂപീകരിക്കുന്ന സമയത്ത് എം.ജി.ആര്‍ കൂടെയുണ്ടാകുമെന്ന് കരുണാനിധി കരുതി. മന്ത്രിയാകണമെന്ന് എം.ജി.ആറിനു മോഹം. മന്ത്രിയാക്കാം, പക്ഷേ സിനിമാ അഭിനയം നിര്‍ത്തണമെന്ന കരുണാനിധിയുടെ പിടിവാശി ഇരുവരെയും അകറ്റി. അതോടെ തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം പിറന്നു. എം.ജി.ആര്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. ഇരുവരും രണ്ടു പക്ഷത്തായി.

ഇനിയൊരിക്കലും ഒന്നിച്ചു പോവാന്‍ കഴിയാത്ത തരത്തിലേക്ക് ആ സൗഹൃദത്തെ കൊണ്ടെത്തിച്ചതില്‍ ജയലളിതയും കാരണമാണെന്ന് കലൈഞ്ജര്‍ കരുതി. ഒരു പരിധിവരെ അതില്‍ സത്യമുണ്ടെന്ന് തമിഴകവും വിശ്വസിച്ചു. ഇപ്പോൾ അവർ മൂവരും ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു, കരുണാനിധിയുടെ പ്രശസ്തമായ വാചകം പോലെ ഉടൽ മണ്ണുക്കും ഉയിർ തമിഴുക്കും നൽകി....