Tuesday 19 February 2019 03:04 PM IST : By സ്വന്തം ലേഖകൻ

ജഗതി വീണ്ടും അഭിനയ രംഗത്തേക്ക്! തിരിച്ചു വരവ് പരസ്യ ചിത്രത്തിൽ

jagathy-new

വർഷങ്ങളായി മലയാളി കാത്തിരിക്കുന്ന ആ മടങ്ങി വരവ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ ചിരിയഴകായ, പ്രേക്ഷകരുടെ സ്വന്തം ജഗതി ശ്രീകുമാർ 7 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയുടെ മുന്നിലേക്ക്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്റെ മകൻ രാജ്കുമാറാണ് ഈ സന്തോഷ വാർത്ത പങ്കു വച്ചത്.

ജഗതിയുടെ അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് സിനിമയിലൂടെയല്ല, പരസ്യചിത്രത്തിലൂടെയാണ്. അടുത്തവർഷം സിനിമയിലും ജഗതി തിരികെയെത്തുമെന്ന് രാജ്കുമാർ പറഞ്ഞു. ജഗതിയുടെ തന്നെ നിർമ്മാണ കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്. സിധിനാണ് സംവിധായകൻ. പുതിയ സംരംഭത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പരസ്യ കമ്പനിയുടെ തുടക്കവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിൽ നടക്കും.

ഡോക്റ്റർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയ രംഗത്തേക്കെത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും നേരം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചില ഷൂട്ടിങ് സൈറ്റുകളും ജഗതി സന്ദർശിച്ചു.

2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്നു മാറി നിന്നത്.