Thursday 21 February 2019 11:54 AM IST : By സ്വന്തം ലേഖകൻ

അത് വ്യാജം, ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുത്! ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെ ജഗതിയുടെ മകൾ

jagathy-new-2

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളത്തിന്റെ ചിരിയഴകായ ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്കു മടങ്ങി വരുന്നു എന്ന വാർത്ത വലിയ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് മലയാളികൾ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ജഗതി ശ്രീകുമാർ എന്ന ഫെയ്സ്ബുക്ക് പേജും സോഷ്യൽ മീഡിയയിൽ സജീവമായി. ജഗതിയുടെ ചിത്രങ്ങളും സിനിമയിലെ സ്റ്റില്ലുകളുമൊക്കെ നിറഞ്ഞ ഈ ഫെയ്സ്ബുക്ക് പേജ് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരാണ് പിന്തുടർന്നു തുടങ്ങിയത്. അതിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളൊക്കെയും ലൈക്കുകകളും ഷെയറുകളും വാരിക്കൂട്ടി. സിനിമാ രംഗത്തുള്ളവരും അദ്ദേഹത്തിന്റെ ആരാധകരുമൊക്കെ താരത്തിന്റെ ഫെയ്സ്ബുക്ക് എൻട്രിയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇതൊരു വ്യാജ പ്രൊഫൈലാണെന്ന് വ്യക്തമാക്കി ജഗതിയുടെ മകൾ പാര്‍വതി രംഗത്തെത്തിയത് സൈബർ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ജഗതിക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ അക്കൗണ്ട് ഒന്നും തന്നെ ഇല്ല എന്നും അതിനാൽ ഇത്തരം വ്യാജ അക്കൗണ്ടുകളും വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പാർവതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

jagathy-new

പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എല്ലാവർക്കും നമസ്കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും.., ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്.പപ്പക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ ...
Thank you...

സ്വന്തം കമ്പനി നിർമ്മിക്കുന്ന പരസ്യചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവ്. അടുത്ത വർഷം സിനിമയിലേക്കും അദ്ദേഹം തിരികെ വരും.