Tuesday 28 January 2020 02:12 PM IST : By സ്വന്തം ലേഖകൻ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ച ആദ്യ മലയാളി വനിത! ജമീല മാലിക് ഇനി ഓർമ

jameela-malik

നടി ജമീല മാലിക് അന്തരിച്ചു. മലയാളത്തിലെ ആദ്യകാല അഭിനേത്രിയാണ് ജമീല. 73 വയസ്സായിരുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയും ജമീല തന്നെ. തിരുവന്തപുരം പാലോടുള്ള ബന്ധുവീട്ടിൽ വച്ചായിരുന്നു അന്ത്യം.

1946-ൽ ആലപ്പുഴയിലെ മുതുകുളത്തായിരുന്നു ജമീല മാലിക്കിന്റെ ജനനം. 1970ഓടെ ചലച്ചിത്രരംഗത്ത് എത്തിയ ജമീലയുടെ ആദ്യ ചിത്രം 1972 ൽ പുറത്തിറങ്ങിയ ‘റാഗിങ്’ ആണ്.

ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചു.

സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ജമീല ചില നാടകങ്ങളും രചിച്ചിട്ടുണ്ട്. സ്കൂളില്‍ അധ്യാപികയായും ജോലി നോക്കി.

അൻസർ മാലിക് ആണ് മകൻ.