Wednesday 10 April 2019 05:46 PM IST : By സ്വന്തം ലേഖകൻ

ദിവസവും പുതിയ വസ്ത്രം ധരിക്കാനുള്ള കാശൊന്നും എനിക്കായിട്ടില്ല; വിമർശകരുടെ വായടപ്പിച്ച് ജാൻവി

janhvi

വാർത്താക്കോളങ്ങളിൽ മാത്രമല്ല ഗോസിപ്പ് കോളങ്ങളുടേയും നോട്ടപ്പുള്ളിയാണ് യുവതാരം ജാൻവി കപൂർ. അവാർഡ് ചടങ്ങുകളിലും പൊതുവേദികളിലും മനോഹരമായി വസ്ത്രം ധരിച്ചെത്തുന്ന ജാൻവിക്കു മേൽ പലപ്പോഴും പാപ്പരാസികൾ വട്ടമിട്ടു പറക്കാറുമുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ വസ്ത്രധാരണത്തെ ചൊല്ലി പുതിയ വിവാദം പടച്ചു വിട്ടിരിക്കുകയാണ് ഒരു കൂട്ടം മാധ്യമങ്ങൾ. ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിന്റെ പേരിലാണ് ജാൻവിയെ ഗോസിപ്പ് കോളങ്ങൾ ‘അറ്റാക്ക്’ ചെയ്തിരിക്കുന്നത്.

എന്നാൽ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും തക്കതായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. ‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’- ജാന്‍വി ചോദിക്കുന്നു.

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍.