Saturday 11 May 2019 03:53 PM IST : By സ്വന്തം ലേഖകൻ

പത്താം ക്ലാസിലെ ആ പാട്ടുകൂട്ടം 19 വർഷത്തിനു ശേഷം ഒന്നിച്ചു! ‘ജനി’യുടെ പിറവി ഒരു സിനിമാക്കഥ പോലെ

jani-new

സ്കൂൾ യുവജനോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യങ്ങളായിരുന്ന നാലു പെൺകുട്ടികൾ. പഠനം കഴിഞ്ഞതോടെ അവര്‍ പല വഴിക്കു പിരിഞ്ഞു. വർഷങ്ങൾ കടന്നു പോയി. ജീവിതത്തിരക്കിന്റെ ഇടവേളയിലെപ്പോഴോ, 19 വർഷങ്ങൾക്കു ശേഷം അവർ വീണ്ടും ഒന്നിച്ചു. അതിനു കാരണമായതോ, സോഷ്യൽ മീഡിയയും. ആ റീ – യൂണിയൻ വെറതെയായില്ല, അതൊരു പുതിയ തുടക്കമായി. പാതി പാടി നിർത്തിയ പാട്ടുകൾ വീണ്ടും പാടിയും പരസ്പരം പങ്കു വച്ചും സംഗീതത്തിന്റെ നൂലിഴകളാൽ അവരുടെ സൗഹൃദം മുറുകി. ആ കൂടിച്ചേരലാണ് ഒടുവിൽ ‘ജനി’ എന്ന സംഗീത ആൽബത്തിന്റെ പിറവിക്കു കാരണമായത്.

ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറിയിലെ, 2000 ലെ എസ്.എസ്.എൽ.സി ബാച്ചിലെ ദീപ്തി വിജയൻ, രശ്മി അരവിന്ദാക്ഷൻ, ശ്രീലക്ഷ്മി ചന്ദ്രൻ, ഗായത്രി ജയകുമാർ എന്നിവരാണ് ഈ നാൽവർ സംഘം. നാലു വർഷം മുമ്പ് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ഇവർ വീണ്ടും ഒന്നിച്ചത്. പിന്നീട് സ്മ്യൂളിൽ പാടിത്തുടങ്ങി. അത് ‘അനുപല്ലവി – പാടാൻ മറന്ന വരികൾ’ എന്ന ഫെയ്സ്ബുക്ക് പേജിലേക്കെത്തി.

jani-2

പേജിൽ ഫോളോവേഴ്സ് കൂടിയപ്പോൾ നാലുപേരും ചേർന്ന് ‘അല്ലിയാമ്പൽ കലവിൽ...’ എന്ന ക്ലാസിക് സോങ്ങിന് കവർ ഒരുക്കി. അത് യൂട്യൂബിൽ ഹിറ്റായതോടെയാണ് സ്വന്തം സൃഷ്ടി എന്ന ആശയവുമായി ‘ജനി’ നിർമിച്ചത്.

താരാട്ട് പാട്ടായാണ് ‘ജനി’ ഒരുക്കിയിരിക്കുന്നത്. അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധമാണ് പ്രമേയം. ഒരു പാവക്കുട്ടിയെ കാണുമ്പോൾ അമ്മയുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് ‘ജനി’.

ശ്രീലക്ഷ്മിയുടെ വരികൾക്ക് രശ്മിയാണ് ഈണം പകർന്ന് പാടിയിരിക്കുന്നത്.

ഏഴാം ക്ലാസ് മുതൽ പത്തു വരെ ഒരേ ക്ലാസിൽ പഠിച്ച നാലു പേരും ഗാനമേള, ദേശഭക്തിഗാനം, സംഘഗാനം തുടങ്ങി വിവിധ ഇനങ്ങളിൽ താരങ്ങളായിരുന്നു. പഠനവും വിവാഹവും കഴിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചേക്കേറിയതോടെ ബന്ധം മുറിഞ്ഞു. അതാണ് പാട്ടിന്റെ മധുരത്താൽ വീണ്ടും ചേർത്തുവയ്ക്കപ്പെട്ടിരിക്കുന്നത്.

സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപ്തി ബെംഗളൂരുവിലും ശ്രീലക്ഷ്മി പൂനയിലുമാണ്. ഗായത്രി യു.എസിലും ഡോക്ടറായ രശ്മി കോഴിക്കോടുമാണ് താമസം.