Wednesday 12 December 2018 11:47 AM IST : By സ്വന്തം ലേഖകൻ

മൊഴി മാറുമ്പോൾ ‘96’ നു പകരം ‘99’; കന്നട പതിപ്പിൽ ജാനുവായി ഭാവനയെത്തുന്നു!

bhavana-janu21

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റ് ചിത്രം ‘96’ന്റെ കന്നട പതിപ്പ് ഒരുങ്ങുന്നു. രാം ആയി വിജയ് സേതുപതിയും ജാനുവായി തൃഷയും തകര്‍ത്തഭിനയിച്ച റോളുകളിൽ എത്തുന്നത് ഭാവനയും ഗണേഷുമായിരിക്കും. സിനിമയുടെ പേരിൽ വ്യത്യാസമുണ്ട്. ‘96’ നു പകരം ‘99’ എന്നാണ് പേര്. ‘99’ സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. ‘റോമിയോ’ എന്ന കന്നട ചിത്രത്തിനുശേഷം ഭാവനയും ഗണേഷും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

‘‘പ്രീതം ഈ ഓഫർ പറഞ്ഞപ്പോഴേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്ന് എനിക്കറിയാം.

സത്യസന്ധമായി പറഞ്ഞാല്‍, റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. മുൻപ് നിരവധി അവസരങ്ങള്‍ നിരസിച്ചിട്ടുണ്ട്. പക്ഷെ, ‘96‘ ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. എനിക്കാ കഥ ഒരുപാട് ഇഷ്ടപ്പെട്ടു. കൂടാതെ 18- 20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മാത്രം മതി. ഷൂട്ടിങ് ബെംഗളൂരുവിലാണ് നടക്കുന്നത്. അത് കൂടുതല്‍ സൗകര്യമായി തോന്നി.’’ - ചിത്രത്തെക്കുറിച്ച് ഭാവന പറയുന്നു.