Monday 23 September 2019 02:52 PM IST

പെൻഷനായിട്ട് 3 വർഷം, ഇനി ഓഫീസിൽ പോകേണ്ട! ‘അർജുനൻ ഹാപ്പി’

V.G. Nakul

Sub- Editor

j-1

‘അർജുനേട്ടൻ’ എന്ന പേരു കേൾക്കുമ്പോൾ തന്നെ സീരിയൽ പ്രേക്ഷകരുടെ മുഖത്ത് ഒരു ചിരി വിരിയും ‘എന്താണാവോ ആശാന്റെ പുതിയ മണ്ടത്തരം ? ’ എന്നൊരു ചോദ്യം മനസ്സിൽ മുളയ്ക്കും. അത്രമേൽ കുടുംബ സദസ്സുകൾക്ക് പ്രിയങ്കരനാണ് ‘തട്ടീം മുട്ടീ’ലെ അർജുനൻ. ഒരേ അച്ചിൽ വാർത്ത നായകൻമാരെ കണ്ടു മടുത്ത മലയാളി പ്രേക്ഷകർ അർജുനൻ എന്ന വേറിട്ട അനുഭവത്തെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

j3

മോഹനവല്ലിയുടെ അർജുനേട്ടൻ നിസാര കക്ഷിയല്ല. ഒരു ജോലിക്കും പോകാതെ, കവി എന്നു സ്വയം വിശേഷിപ്പിച്ച്, കമലാസനനൊപ്പം സകല ഉഡായിപ്പുകളുമായി കറങ്ങി നടക്കുന്ന, ഉത്തരവാദിത്വം തീരെയില്ലാത്ത, അമ്മയെ പേടിച്ച് ജീവിക്കുന്ന തിരുമണ്ടനാണ്.

രൂപത്തിലും ഭാവത്തിലും സംസാരത്തിലും വരെ അർജുനനായി പകർന്നാടി മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ താരമാണ് ജയകുമാർ. ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്ന ‘വഴുതന’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ജയകുമാർ ‘വനിത ഓൺലൈനോ’ട് സംസാരിക്കുന്നു, തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച്.

‘‘എന്റെ നാട് കൊല്ലത്തിനടുത്ത് കരുനാഗപ്പള്ളിയാണ്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇപ്പോൾ, സീരിയൽ -സിനിമാ ജീവിതം തുടങ്ങിയിട്ട് 20 വർഷമായി. അഭിനയത്തിനൊപ്പം ജോലിയും ഒപ്പം കൊണ്ടു പോകുകയായിരുന്നു. 3 വർഷം മുമ്പ് സർവേ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി പെൻഷൻ പറ്റി. പെൻഷൻ പറ്റി എന്നു പറയുമ്പോൾ പ്രായം പറയേണ്ടി വരുമല്ലോ എന്ന് ചിലർ തമാശ പറയാറുണ്ട്. പക്ഷേ, എനിക്കത് പ്രശ്നമല്ല. പ്രായത്തിന്റെ കാര്യത്തിൽ കള്ളം പറയില്ല. പറഞ്ഞു പോയാൽ പിന്നെ അതിനു മേൽ പുതിയ പുതിയ കള്ളങ്ങൾ പറയേണ്ടി വരും’’.– ജയകുമാർ മനസ്സ് തുറക്കുന്നു.

സന്തുഷ്ടനായ തുടക്കം

j2

1999 ൽ ആണ് ഞാന്‍ ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന എന്റെ ആദ്യ സിനിമയിൽ അഭിനയിച്ചത്. നാടകം കണ്ടാണ് സംവിധായകന്‍ രാജസേനൻ സാർ അതിൽ അവസരം തന്നത്. പൊലീസ് ഡ്രൈവറുടെ വേഷമായിരുന്നു. അതിനു മുമ്പ് ഞാൻ അനുഗ്രഹ, അതുല്യ, മുദ്ര തുടങ്ങി വിവിധ നാടക ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നു. ‘ഞങ്ങൾ സന്തുഷ്ടരാണ്’ കഴിഞ്ഞ് ‘നാടൻ പെണ്ണും നാട്ടു പ്രമാണിയും’ എന്ന ചിത്രത്തിലും ‘ഭാഗ്യ നക്ഷത്രം’ എന്ന സീരിയലിലുമൊക്കെ രാജസേനൻ സാർ എനിക്ക് നല്ല അവസരങ്ങൾ തന്നു.

ബ്രേക്ക് തന്ന ‘തട്ടീം മുട്ടീം’

മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ ആണ് കരിയറിൽ വലിയ ബ്രേക്ക് തന്നത്. അതിനു മുമ്പും പല സീരിയലുകളിലും അഭിനയിച്ചെങ്കിലും തട്ടീം മുട്ടീലെ അർജുനൻ വലിയ ഹിറ്റായതോടെ എന്നെ ആളുകള്‍ പെട്ടെന്നു തിരിച്ചറിയാൻ തുടങ്ങി. ഏറ്റവും രസകരമായ സംഗതി അതിനു മുമ്പ് മഴവിൽ മനോരമയിൽ തന്നെ ഞാൻ ചെയ്ച ഒരു സീരിയലിലെ വില്ലന്‍ വേഷം കണ്ടിട്ടാണ് ആർ. ഉണ്ണികൃഷ്ണൻ സാർ എന്നെ അർജുനനാകാൻ വിളിച്ചതെന്നതാണ്. ‘തട്ടീം മുട്ടീം’ ഇപ്പോൾ 500 ൽ അധികം എപ്പിസോഡുകൾ പിന്നിട്ടു. കഴിഞ്ഞ മാസമായിരുന്നു 500 ന്റെ ആഘോഷം.

‘മകരന്ത മാലേയ

മാങ്ങാത്തൊലികള്‍ക്ക്

മാമ്പൂ മണക്കുന്ന

മഞ്ഞു കാലം...’

എന്നിങ്ങനെ അർജുനന്റെ കവിതകളൊക്കെ ഞാൻ തന്നെയാണ് എഴുതിയുണ്ടാക്കുന്നത്. പ്രേക്ഷകരിൽ നിന്ന് രസികൻ പ്രതികരണങ്ങളാണ് ഇതിനൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ സിനിമയിലും സജീവമാണ്. കൈ നിറയേ അവസരങ്ങൾ കിട്ടുന്നു. ഈ വർഷം ‘നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്’ എന്ന ചിത്രത്തിൽ നായകനുമായി.

j5

വിവാദങ്ങൾ വേണ്ട

അഭിനയം എന്റെ തൊഴിലാണ്. ‘വഴുതന’ യെയും അതിന്റെ ഭാഗമായി മാത്രം കാണുന്നു. വിവാദങ്ങളിൽ നിന്നു കഴിവതും ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഓരോ പ്രേക്ഷകർക്കും അവരവരുടെതായ അഭിപ്രായങ്ങളുണ്ട്. അത് പൂർണമായും മാനിക്കുന്നു. ഇതു വരെ ഇതിന്റെ പേരിൽ എന്നെ ആരും വിളിച്ചിട്ടില്ല. അഭിനയിക്കുമ്പോൾ ഇത്ര വലിയ വിവാദമാകുമെന്നും കരുതിയില്ല. ഒളിഞ്ഞു നോട്ടക്കാരനായ ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. അത് എന്നെക്കൊണ്ടാകും പോലെ നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മറ്റൊന്നും ചിന്തിച്ചിട്ടില്ല, ചിന്തിക്കുന്നുമില്ല.

കുടുംബം

ഭാര്യ ഉമാദേവിയും മകൻ ലാൽ കൃഷ്ണനും അവന്റെ ഭാര്യയുമടങ്ങുന്നതാണ് എന്റെ കുടുംബം.