Wednesday 03 June 2020 12:04 PM IST : By സ്വന്തം ലേഖകൻ

തെലുങ്കിലും താരമായി ജയറാം! ജൂനിയർ എൻ.ടി.ആറിന്റെയും പ്രഭാസിന്റെയും പുതിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ താരം ?

jayaramnew

മലയാളത്തിന്റെ പ്രിയനായകൻ ജയറാമിന് തെലുങ്കിൽ തിരക്കേറുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച്, തെലുങ്കിലെ വൻതാരങ്ങളായ ജൂനിയർ എൻ.ടി.ആറിന്റെയും പ്രഭാസിന്റെയും പുതിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ ജയറാമും ഉണ്ടാകുമത്രേ.

‘അല വൈകുണ്ഠപുരമലോ’ ആയിരുന്നു ജയറാമിന്റെ ആദ്യ തെലുങ്കു ചിത്രം. ജയറാമും അല്ലു അർജുനും പ്രധാന വേഷത്തിലെത്തിയ ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ വിജയമായി. ചിത്രത്തിലെ പ്രകടനം താരത്തിന് തെലുങ്കിൽ വലിയ ആരാധക പിന്തുണയാണ് നേടിക്കൊടുത്തത്.

ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ എന്ന തമിഴ് ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്. വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ജയറാം. ഒപ്പം സംസ്കൃത ചിത്രമായ ‘നമോ’യും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നു.