മലയാളിയുടെ ഹൃദയത്തെ കുത്തിനോവിക്കുന്ന നോവാകുകയാണ് ജെൻസൻ. സ്വപ്നങ്ങളും അതിനാക്കേളേറെ വിലപ്പെട്ട ശ്രുതിയേയും ഈ മണ്ണിൽ തനിച്ചാക്കി ജെൻസൻ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞകന്നു.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി ഫഹദ് ഫാസിലുമെത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ .
ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. ‘അടുത്തറിയാത്തവരെ പോലും വേദനിപ്പിച്ച വാർത്ത, ക്രൂരമായ വിധി,ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാർത്തയില്ല’, ‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയും കൂട്ടി ചെല്ലണം. ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം’ എന്നിങ്ങനെ പോകുന്നു ഫഹദിന്റെ പോസ്റ്റിൽ കമന്റുകൾ.
ഉറ്റവരെയും വീടിനെയും ഉരുൾ കുടഞ്ഞെറിഞ്ഞപ്പോൾ ജെൻസനായിരുന്നു ശ്രുതിയെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയ പ്രതീക്ഷ. 10 വർഷം നീണ്ട പ്രണയകാലത്തിനൊടുവിൽ അവൾക്കിനി ഞാനുണ്ടാകുമെന്ന ജെൻസന്റെ ഉറപ്പ് ഹൃദയങ്ങളെ തണുപ്പിക്കുന്നതായിരുന്നു. ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം. കൽപറ്റയിലെ വീട്ടിൽനിന്നും ലക്കിടിയിലേക്ക് പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ച് അപകടമുണ്ടാകുന്നത്.