Saturday 14 April 2018 10:31 AM IST : By സ്വന്തം ലേഖകൻ

ജീവനോളം ചേര്‍ത്തു വച്ച സിനിമ അമ്മയ്ക്ക് നല്‍കിയ സമ്മാനം; ജാന്‍വിയും ഖുശിയും പറയുന്നു

mom

ന്യൂഡൽഹി: അറുപത്തഞ്ചാമതു ദേശീയ ചലച്ചിത്ര അവാർഡിലെ ഏറ്റവും വലിയ സർപ്രൈസ് അതായിരുന്നു– മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മരണാനന്തര ബഹുമതിയായി ശ്രീദേവിക്ക്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം തേടിയെത്തുമ്പോൾ ശ്രീദേവി ഓർമച്ചിത്രമായി മാറിപ്പോയെന്നു മാത്രം. രവി ഉദ്യവാർ സംവിധാനം ചെയ്ത മോമിലെ ധീരയായ അമ്മയുടെ വേഷത്തിനാണു ശ്രീദേവിയെത്തേടി പുരസ്കാരമെത്തിയത്. മാനഭംഗത്തിനിരയായ മകൾക്ക് നീതി തേടി ഒരമ്മ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണിത്. സിനിമ തിയറ്റുകളിൽ വലിയ വിജയം നേടിയിരുന്നില്ല.

1967ൽ നാലാം വയസ്സിൽ സിനിമാജീവിതമാരംഭിച്ച ശ്രീദേവിയുടെ ആദ്യ ദേശീയ അവാർഡാണിത്. 1977 മുതൽ ഫിലിം ഫെയർ അവാർഡുകൾ ധാരാളം വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും ദേശീയതലത്തിൽ അംഗീകാരം ഇതാദ്യമാണ്. മൂന്നാംപിറയിലെ അഭിനയത്തിന് 1981ൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.

വിവാഹജീവിതത്തോടെ സിനിമ മതിയാക്കിയ ശ്രീദേവി തിരിച്ചുവന്നത് 2012ലെ ഇംഗ്ലിഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ ശശി എന്ന ഇന്ത്യൻ വീട്ടമ്മയുടെ സ്വാഭാവികമായ അഭിനയശൈലി വലിയ പ്രശംസ നേടിക്കൊടുത്തു. ഇംഗ്ലിഷ് വിഗ്ലീഷിലെ അഭിനയത്തിന് ശ്രീദേവിക്ക് ആ വർഷം മികച്ച നടിക്കുള്ള പുരസ്കാരം കിട്ടുമെന്നും അഭ്യൂഹമുണ്ടായിരുന്നു. 2013ൽ രാജ്യം പത്മശ്രീ നൽകി ശ്രീദേവിയെ ആദരിച്ചു. ആ വർഷം തന്നെ കേരള സർക്കാർ ശ്രീദേവിയെ ആദരിച്ചിരുന്നു.

ശ്രീദേവിക്ക് അർഹതപ്പെട്ട പുരസ്കാരമാണിതെന്നും വ്യക്തിബന്ധങ്ങളുടെ പേരിലല്ല ഇതു നിശ്ചയിച്ചതെന്നും ജൂറി ചെയർമാൻ ശേഖർകപൂർ പറഞ്ഞു. സിനിമയെ മതിമറന്നു സ്നേഹിച്ച ശ്രീദേവിക്കുള്ള അംഗീകാരമാണിതെന്നു ഭർത്താവ് ബോണി കപൂറും മക്കളായ ‍ജാൻവിയും ഖുശിയും പറഞ്ഞു.
 
കൂടുതല്‍ വാര്‍ത്തകള്‍