Monday 16 March 2020 02:50 PM IST

വാതിൽ തുറക്കാൻ അൽപം വൈകിയാൽ ഭയന്നു വിറയ്ക്കും, രാത്രികളിൽ കരഞ്ഞു പ്രാർഥിച്ചു നേരം വെളുപ്പിക്കും! ആ ദിവസങ്ങളെക്കുറിച്ച് ആദ്യമായി ജോൺ

V.G. Nakul

Sub- Editor

j1

‘വീട്ടിൽ ചെന്ന് കോളിങ് ബെൽ അടിച്ച്, വാതിൽ തുറക്കാൻ വൈകിയാൽ എന്റെ നെഞ്ചിൽ തീയായിരുന്നു. ധന്യ എന്തെങ്കിലും കടുംകൈ ചെയ്തോ എന്ന ആധി നിറയും മനസ്സിൽ. അവൾക്കും അങ്ങനെ തന്നെ. ഞാൻ വാതിൽ തുറക്കാൻ അൽപം വൈകിയാൽ നെഞ്ചിടിപ്പ് കൂടും. അക്കാലം ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം തുടിക്കും. ഉള്ളിൽ ഭയം നിറയും.’– പഴയ ഓർമകൾ വേട്ടയാടിയപ്പോൾ ജോണിന്റെ ശബ്ദം ഇടറി.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ കൺമുന്നിൽ തകർന്നടിഞ്ഞ മനസമാധാനവും ജീവിതവും വീണ്ടും തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ജോൺ. റീ ടേക്കുകളില്ലാത്ത ജീവിതം പഠിപ്പിച്ച കരുത്തിലും തിരിച്ചറിവിലുമാണ് അയാൾ രണ്ടാം ജന്മം കെട്ടി ഉയർത്തുന്നത്. നർത്തകൻ, യുവനായകൻ, സംരംഭകൻ എന്നീ നിലകളിലുള്ള തിരക്കിട്ട ജീവിതത്തിനിടെയാണ് നടി ധന്യ മേരി വർഗീസിന്റെ ഭർത്താവ് കൂടിയായ ജോണിന്റെ ജീവിതം മാറി മറിഞ്ഞത്. എല്ലാം കണ്ണടച്ചു തുറക്കും മുമ്പേ...

കുടുംബ ബിസിനസ്സിൽ സംഭവിച്ച താളപ്പിഴകൾ ജോണിനെയും ധന്യയെയും കുരുക്കിലാക്കി. ആ പ്രതിസന്ധികളിൽ നിന്നെല്ലാം മെല്ലെ കരകയറി അഭിനയ രംഗത്ത് സജീവമാവുകയാണ് ജോൺ. ധന്യയും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നു.

രണ്ടാം വരവിൽ ‘അനുരാഗം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അഭിഷേക് എന്ന കഥാപാത്രമായി ജോണിനെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. വേദനകളുടെ പോയ കാലം അയാളെ കരുത്തനാക്കിയിരിക്കുന്നു. എങ്കിലും ആ കാലം ഇന്നും നിറം മങ്ങാതെ ജോണിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അതിജീവനത്തിന്റെ ആ കാലത്തെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറയുമ്പോൾ പലപ്പോഴും ജോണിന്റെ വാക്കുകൾ മുറിഞ്ഞു.

j2

അനുരാഗമല്ല തുടക്കം

‘അനുരാഗം’ എന്റെ ആദ്യ സീരിയൽ അല്ല. പക്ഷേ, നായകന് പ്രാധാന്യമുള്ള വേഷം ചെയ്യുന്ന ആദ്യ സീരിയൽ ഇതാണ്. മുമ്പ് പല അവസരങ്ങളും വന്നെങ്കിലും ഒന്നു സ്വീകരിച്ചില്ല. സിനിമയായിരുന്നു ഫോക്കസ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് തുടക്കം. അതിൽ വിജയിച്ചതോടെ സിനിമയിൽ നിന്ന് അവസരങ്ങൾ വന്നു. പിന്നീട് അവിടെ തുടരുകയായിരുന്നു. ഞാന്‍ ഡാൻസ് പഠിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ടിവിയിലും മറ്റും കണ്ടു പഠിച്ചതാണ്. പിന്നീട് കൂട്ടുകാർക്കൊപ്പം ഒരു ഡാൻസ് ടീമുണ്ടാക്കി. ബാക്ക്ഗ്രൗണ്ട് ഡാൻസറായി. പിന്നീടാണ് റിയാലിറ്റി ഷോയിൽ വന്നതും സിനിമയിലേക്കെത്തിയതും.

ഇപ്പോൾ, ബിസിനസ്സിലെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് വീണ്ടും വർക്ക് ചെയ്ത് തുടങ്ങിയപ്പോൾ ടെലിവിഷനിൽ നിന്നാണ് നല്ല അവസരങ്ങൾ വന്നത്. ‘ഡാൻസ് കേരള, ഡാൻസ്’, ‘കേരള ഡാൻസ് ലീഗ്’ എന്നീ റിയാലിറ്റി ഷോകളിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് ‘അനുരാഗം’ കമ്മിറ്റ് ചെയ്തത്. നേരത്ത ‘പുറപ്പാട്’, ‘പാരിജാതം’, ‘സ്വാമി അയ്യപ്പൻ’ എന്നീ സീരിയലുകളിലൊക്കെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ സിനിമയില്‍ ശ്രദ്ധിച്ച്, വലിയ ദൈർഘ്യമില്ലാത്ത കഥാപാത്രങ്ങളാണ് സീരിയലില്‍ തിരഞ്ഞെടുത്തിരുന്നത്.

j5

സിനിമയിൽ നിരാശയില്ല

ആറ് സിനിമകളിൽ സോളോ ഹീറോയായി അഭിനയിച്ചു. ആകെ പതിമൂന്ന് സിനിമകൾ. ‘ടൂർണമെന്റി’ലെ വേഷം ബ്രേക്കായി. ‘ടൂർണമെന്റി’ലും സകുടുംബം ശ്യാമളയിലും കൊറിയോഗ്രഫിയും ഞാൻ തന്നെ ആയിരുന്നു. ‘ത്രീജി’, ‘ഡോൾഫ്’, ‘മൺസൂൺ’, ‘21 ഡയമണ്ട്സ്’, ‘ഗോസ്റ്റ് വില്ല’ എന്നീ ചിത്രങ്ങളിലും നായകനായി. സിനിമയില്‍ ഇത്രയും അവസരങ്ങൾ ഞാൻ പ്രതീക്ഷിച്ചതല്ല. അതുകൊണ്ടു തന്നെ വേണ്ട പരിഗണന കിട്ടിയില്ല എന്ന പരാതിയുമില്ല. ‘ബീ ഹാപ്പി’ എന്നതാണ് എന്റെ രീതി.

j4

അതു തന്നെ വലുത്

ലൈഫിലെ പ്രതിസന്ധികൾ കരിയറിനെ ബാധിച്ചിട്ടുണ്ടെങ്കിലും അനുഭവങ്ങൾ എനിക്ക് വ്യക്തിപരമായി വളരെയധികം തിരിച്ചറിവുകൾ നല്‍കി. ആ പ്രശ്നങ്ങൾ തരണം ചെയ്തു വരുമ്പോൾ ജീവിതത്തെ മറ്റൊരു തലത്തിൽ കൂടി മനസ്സിലാക്കാൻ സാധിച്ചു. കുറേക്കാലം ലോകം നമ്മളെ ഒറ്റപ്പെടുത്തുമ്പോൾ അതിനെ അതിജീവിക്കാൻ പറ്റിയാൽ അതാണ് വലുത്. ആ സമയത്താണ് മറ്റുള്ളവരുടെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുക. എന്നെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആരോഗ്യത്തിനും ജീവനും ഒന്നും സംഭവിച്ചില്ലല്ലോ. അതു തന്നെ വലുത്.

ചതിയായിരുന്നു എല്ലാം

പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് ധന്യയും അവൾക്ക് ഞാനുമായിരുന്നു താങ്ങും തണലും. എന്തു വന്നാലും ഒരുമിച്ചു നേരിടാം എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ആരൊക്കെയോ ചേർന്ന് ആസൂത്രണം ചെയ്ത ചതിയായിരുന്നു എല്ലാം. ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ കമ്പനി തകർന്നു എന്നു പ്രചരിപ്പിക്കുകയായിരുന്നു. വാർത്തയ്ക്ക് കരുത്ത് കിട്ടാൻ ധന്യയെയും അതിലേക്ക് വലിച്ചിഴച്ചു. ധന്യയ്ക്ക് സത്യത്തിൽ കമ്പനിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ലിക്യുഡിറ്റി പ്രോബ്ളം വന്നു എന്നത് സത്യം. ചില പലിശ ഇടപാടുകള്‍ ഉണ്ടായിരുന്നു. അവർ കമ്പനിയില്‍ കയറിപ്പറ്റാൻ ഉണ്ടാക്കിയ കഥയാണ് കമ്പനി തകർന്നു എന്നത്. അത് ദോഷമായി. കമ്പനി ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴുന്നത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. ക്രൈസിസ് വന്നപ്പോൾ എല്ലാവരും കൂടി വന്ന് അത് ടൈറ്റ് ചെയ്തു. കസ്റ്റമേഴ്സ് പാനിക്കായി. ഭ്രാന്ത് പിടിക്കുന്ന സാമ്പത്തിക ബാധ്യതയായിരുന്നു അപ്പോൾ. വലിയ പ്രശ്നങ്ങളെയാണ് നേരിട്ടത്. ഏകദേശം ഒരു വർഷത്തോളം അങ്ങനെയായിരുന്നു. എല്ലാം വിധിയാണെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള കരുത്താർജിച്ചു കഴിഞ്ഞു.

j3

അതിജീവനത്തിന്റെ വഴി

എല്ലാം കലങ്ങിത്തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിക്കുന്നു. മുൻപ് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. രാത്രിയിൽ ഉറങ്ങാതെ കൈകോർത്തിരുന്ന് ഞാനും ധന്യയും കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട്. മോനെ ധന്യയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. പലരും സാഹചര്യം മുതലെടുത്തു. ഈ പ്രശ്നം വന്നപ്പോഴാണ് യഥാർത്ഥ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിഞ്ഞത്. പ്രശ്നങ്ങൾ വരുമ്പോൾ നമ്മുക്ക് നമ്മൾ മാത്രമേ കാണൂ. ഇപ്പോൾ ദൈവം സഹായിച്ച് വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. ബാധ്യതകളുണ്ടെങ്കിലും അതിജീവിക്കാം എന്ന ആത്മവിശ്വാസമുണ്ട്. ചെറിയ തോതിലാണെങ്കിലും ബിസിനസ്സും ഒപ്പം കൊണ്ടു പോകുന്നു.