Thursday 12 July 2018 09:50 AM IST : By സ്വന്തം ലേഖകൻ

‘ഇതായെത്തി ക്യൂട്ട് ചാക്കോച്ചൻ’; ‘ജോണി ജോണി യെസ് അപ്പാ’ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ

chacko

ചോക്ലേറ്റ് ഹീറോ ഇമേജുകൾ മാറ്റിയെഴുതി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാകാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കുട്ടനാടൻ മാർപാപ്പ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

വിജയ ചിത്രങ്ങളിലെ നായകനെന്ന പെരുമ പേറുന്ന ചാക്കോച്ചൻ വീണ്ടുമെത്തുകയാണ് മറ്റൊരു അഡാർ ഹിറ്റിനായി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട തുടങ്ങിയ വിജയ ചിത്രങ്ങൾ ഒരുക്കിയ ജി. മാർത്താണ്ടന്റെ പുതിയ ചിത്രത്തിൽ ചാക്കോച്ചനാണ് നായകനായെത്തുന്നത്.

`ജോണി ജോണി യെസ് അപ്പാ` എന്ന പേരിലൊരുങ്ങുന്ന ചിത്രം ഒരു പക്കാ എന്റർടെയ്നറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വാക്കുനൽകുന്നു. ഇപ്പോഴിതാ ആകാംക്ഷയേറ്റി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. പതിവു ചിത്രങ്ങളിലേതു പോലെ ക്യൂട്ട് ചാക്കോച്ചനെയാണ് പോസ്റ്ററിൽ കാണാനാവുക.

കോട്ടയത്തെ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അതീവ രസകരമായ നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. കോമഡി ബ്ലോക്ബസ്റ്റർ വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയുടേതാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിനായി മനോഹര ഗാനങ്ങളൊരുക്കുന്നത്.