Saturday 05 January 2019 10:32 AM IST : By സ്വന്തം ലേഖകൻ

ന്യൂ ഇയർ സമ്മാനമായി ‘പൂ മുത്തോളെ...’ പാടി ജോജു ജൂനിയേഴ്സ്; വിഡിയോ വൈറൽ

joju-new

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി നായകനിരയിലേക്കെത്തിയ താരമാണ് ജോജു ജോർജ്. ജോജു നായകനായ ആദ്യ ചിത്രമാണ് ‘ജോസഫ്’. വേറിട്ട പ്രമേയവും അവതരണവും താരത്തിന്റെ മികച്ച പ്രകടനവുമൊക്കെയായി ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അതിൽ തന്നെ അജീഷ് ദാസൻ വരികളെഴുതി രഞ്ജിൻ രാജ് ഈണം പകർന്ന് വിജയ് യേശുദാസ് പാടിയ ‘പൂമുത്തോളെ...’ എന്നാരംഭിക്കുന്ന മെലഡി ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോൾ ആരാധകർക്ക് ന്യൂ ഇയർ ആശംസകൾ നേർന്ന് ജോജു സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു വിഡിയോ വൈറലാവുകയാണ്. ജോജുവിന്റെ മക്കളായ അപ്പുവും പാത്തുവും പപ്പുവും ചേർന്ന് ‘പൂമുത്തോളെ...’ പാടുന്ന വിഡിയോ ജോജു തന്നെയാണ് പകർത്തിയിരിക്കുന്നതും. ഇതിൽ പാത്തുവാണ് പ്രധാന ഗായിക. പാത്തു മുൻപും തന്റെ മനോഹര ശബ്ദത്തിലൂടെ ആസ്വാദകരുടെ കൈയടി നേടിയിട്ടുണ്ട്.

എം.പത്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങിയ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണുള്ളത്. പ്രേക്ഷകരും നിരൂപകരും ഒരേ മനസ്സോടെ ഏറ്റെടുത്ത ചിത്രം പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു.