Tuesday 18 September 2018 09:36 AM IST : By സ്വന്തം ലേഖകൻ

‘പ്രളയകാലത്തെ ജീവിതം’ പകർത്താൻ ജൂഡ് ആന്റണി ജോസഫ്; ‘2403 ft’ ഒരുങ്ങുന്നു

ft

ചരിത്രത്തിൽ സമാനതകളില്ലാത്ത തരത്തിൽ കേരളത്തെ കീഴ്മേൽ മറിച്ച പ്രളയമെന്ന മഹാവിപത്തിനെ സിനിമയുടെ ചതുരത്തിൽ പുന:സൃഷ്ടിക്കാൻ ജൂഡ് ആന്റണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന ‘2403 ഫീറ്റ്: സ്റ്റോറി ഓഫ് അൺഎക്സ്പക്ടഡ് ഹീറോസ്’ പ്രളയ–പ്രളയാനന്തര കാലത്തെ കേരളത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഇടുക്കി അണക്കെട്ടിന്റെ പൂര്‍ണ്ണ സംഭരണ ശേഷിയാണ് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍) 2403 ft.

“പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ , കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ… അതെ നമ്മുടെ അതി ജീവനത്തിന്‍റെ കഥ”. ജൂഡ് പറയുന്നു.

ക്യാമറ ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം ഷാന്‍ റഹ്മാന്‍, തിരക്കഥ ജോണ്‍ മന്ത്രിക്കല്‍, ജൂഡ് ആന്റണി ജോസഫ്, നിര്‍മ്മാണം ആന്റോ ജോസഫ്. വിശധ വിവരങ്ങൾ ലഭ്യമല്ല. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും.