Tuesday 04 August 2020 05:13 PM IST

ഒടുവിൽ ആ അതിഥിയെ വരവേൽക്കാൻ സമയമായി! കൈലാസും അന്നപൂർണയും പറയുന്നു, ഒരു കുഞ്ഞ് കഥ

V.G. Nakul

Sub- Editor

kailas-menon-1

ഒരൊറ്റ ഗാനം കൊണ്ട് മലയാള സിനിമാ സംഗീതലോകത്ത് കൈലാസ് മേനോൻ പ്രിയപ്പെട്ടവനായി. ചുരുങ്ങിയ കാലത്തിനിടെ മലയാളത്തിന്റെ ‘ജീവാംശമായി’, മലയാളികളുടെ മനസ്സിൽ നിറഞ്ഞ ഈണമായി മാറാൻ കൈലാസിനായി. അവതാരകയായ ഭാര്യ അന്നപൂർണയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. ശ്രുതിയും ലയവും ഇഴചേർന്ന സംഗീതം പോലെ അവരുടെ ജീവിതത്തിൽ പുതിയൊരു അതിഥി കൂടി എത്തുന്നു. കൈലാസിന്റെയും ഭാര്യ പ്രശസ്ത അവതാരക അ‍ഡ്വക്കേറ്റ് അന്നപൂർണ പിള്ളയുടെയും ജീവിതത്തിലേക്ക് കാത്തിരുന്ന കൺമണി.

എട്ടര മാസം ഗർഭിണിയാണ് അന്നപൂർണ. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കൈലാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ‘‘ഇനി മൂന്നാഴ്ച കാത്തിരിപ്പ് കൂടി. എട്ടര മാസം കഴിഞ്ഞു. കോവിഡ് കാലമായതിനാൽ ഞങ്ങൾ മുഴുവൻ സമയവും ഒന്നിച്ചാണ്.

പ്രൊഫഷണൽ ലൈഫിൽ പ്രതിസന്ധി ഘട്ടമാണെങ്കിലും പേഴ്സണല്‍ ലൈഫിൽ സന്തോഷ കാലമാണ്. ‘ഉർവശി ശാപം ഉപകാരമായി’ എന്നും പറയാം’’. –

അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം കൈലാസ് ‘വനിത ഓൺലൈനു’മായി പങ്കുവച്ച് തുടങ്ങിയതിങ്ങനെ.

kailas-menon-3

സന്തോഷവും മുൻകരുതലും

ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ഒരു ഘട്ടത്തിൽ ഒന്നിച്ച് സമയം ചെലവഴിക്കാനാകുന്നു എന്നത് വലിയ ഭാഗ്യമാണ്. കോവിഡ് കാലമായതിനാൽ വലിയ മുൻകരുതലോടെയാണ് ജീവിതം. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറിയ അശ്രദ്ധ പോലും വലിയ ദോഷമാകും എന്ന തിരിച്ചറിവോടെയാണ് മുന്നോട്ട് പോകുന്നത്.

ഇപ്പോൾ വൈഫിന്റെ ചേർത്തലയിലെ വീട്ടിലാണ് ഞങ്ങൾ. അവിടെ കണ്ടെയ്ൻമെന്റ് സോണാണ്. അതിനാല്‍ റിസ്ക് കൂടുതലാണ്. അത്തരം ടെൻഷനൊക്കെയുണ്ടെങ്കിലും ഈ സന്തോഷം ഞങ്ങൾ പരമാവധി ആസ്വദിക്കുന്നുണ്ട്.

ഫൊട്ടോഗ്രഫർ അമ്മ

മറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രതീക്ഷിച്ച പോലെ കളറാക്കാൻ പറ്റിയില്ല. ഞാനും വൈഫും കുറച്ചു കൂടി ഗംഭീരമായി പ്ലാൻ ചെയ്തിരുന്നെങ്കിലും കൊവിഡ് കാലമായതിനാൽ എല്ലാം മാറ്റി വച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വീട്ടിൽ വച്ച് അന്നപൂർണയുടെ അമ്മ ലേഖ എടുത്തതാണ്. ആ ചിത്രങ്ങൾ ഒരുപാട് പേർക്ക് ഇഷ്ടമായി.

സൗഹൃദം പ്രണയം

ഞങ്ങൾ പ്രണയിച്ച് വിവാഹിതരായി എന്നു പറയാമെങ്കിലും യഥാർത്ഥത്തിൽ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി അറിയാം. ഇരുവരും മനസ്സിലാക്കിയിരുന്നു. എങ്കിൽ ഒന്നിച്ച് ജീവിക്കാം എന്നു തീരുമാനിച്ചതാണ്.

kailas-menon-2

ഇപ്പോൾ ശരിയായ സമയം

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. രണ്ടു പേരും അവനവന്റെ കരിയറിൽ ഒന്ന് സെറ്റിൽ ആയിട്ട് മതി കുഞ്ഞ് എന്നായിരുന്നു തീരുമാനം. അന്നപൂർണ അഭിഭാഷകയാണ്. കരിയർ തുടങ്ങുന്ന സമയത്താണ് കല്യാണം കഴിച്ചത്. ഞാനും അപ്പോൾ സിനിമയിൽ സജീവമായിരുന്നില്ല. അതോടെ കരിയറിൽ ശ്രദ്ധിക്കാൻ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ശരിയായ സമയം ആയെന്നു തോന്നി.

രണ്ടു പേരുടെയും വീടുകളിൽ നിന്നു പൂർണ പിന്തുണ കിട്ടിയിരുന്നു. അവരാരും ഞങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്തില്ല. സാധാരണ കല്യാണം കഴിഞ്ഞാൽ‌ അടുത്ത ദിവസം മുതൽ ചോദ്യം തുടങ്ങുമല്ലോ. അതൊന്നും ഞങ്ങളെ സംബന്ധിച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരം സമ്മർദ്ദങ്ങളുമില്ലായിരുന്നു....

കു‍ഞ്ഞിന് പേര് കണ്ടുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചെറു ചിരിയോടെ കൈലാസ് പറഞ്ഞു – ‘‘വരട്ടെ പറയാം...’’