Wednesday 03 April 2019 06:15 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെയും വിരഹത്തിന്റെയും ‘കളങ്ക്’! ട്രെയിലർ വൈറലാകുന്നു

kalank-new

പ്രതീക്ഷകളെ വാനോളമുയർത്തി, കരൺ ജോഹറിന്റെ സ്വപ്നപദ്ധതിയായ കളങ്കിന്റെ ഗംഭീര ട്രെയിലറെത്തി. ആലിയ ഭട്ടും വരുൺ ധവാനും നായികാനായകൻമാരാകുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്നു. മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങി വൻ താരങ്ങളും ചിത്രത്തിലുണ്ട്.

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിർമിക്കുന്നത്.

‘കളങ്ക്’ കാഴ്ചയുടെ ഉത്സവമാകുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വലിയ മുതൽ മുടക്കിൽ വമ്പൻ ലൊക്കേഷനുകളിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ട്രെയിലർ ഇതിനോടകം ഹിറ്റാണ്. ചിത്രത്തിലെ പാട്ടും ഫസ്റ്റ് ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു.

ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീദേവിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നതെങ്കിലും താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മാധുരിയിലേക്കെത്തുകയായിരുന്നു.

നിര്‍മാതാവ് കരണ്‍ ജോഹറിന്റെ സ്വപ്ന പദ്ധതിയാണിത്. 25 വര്‍ഷത്തിന് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രീതമാണ്. ചിത്രം ഏപ്രില്‍ 17–ന് തിയറ്ററുകളിലെത്തും.