Wednesday 20 February 2019 02:54 PM IST : By സ്വന്തം ലേഖകൻ

കല്യാണി ഇനി ശിവകാർത്തികേയന്റെ നായിക! സ്ഥിരീകരിച്ച് താരം

kalyani-new

കല്യാണി പ്രിയദർശൻ ഇനി ശിവകാർത്തികേയന്റെ നായിക. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ താൻ ശിവകാർത്തികേയനൊപ്പം അഭിനയിക്കുന്ന കാര്യം കല്യാണിയാണ് ട്വിറ്ററിലൂടെ പ്രേക്ഷകരുമായി പങ്കു വച്ചത്. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആദ്യ ചിത്രമായ ‘വാൻ’ അണിയറയിൽ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ.

മലയാളത്തിൽ, ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിലാണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ചിത്രീകരണം പുരോഗമിക്കുന്ന മരയ്ക്കാറിൽ അതിഥി വേഷത്തിലാണ് താരം. എന്നാൽ ആദ്യ മലയാള ചിത്രം പുറത്തിറങ്ങും മുൻപേ, ഇഷ്ട സംവിധായകൻ പ്രിയദർശന്റെ മകളെ മലയാളി ഹൃദയത്തോടു ചേർത്തു പിടിച്ചു കഴിഞ്ഞു. തെലുങ്കിലായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.

വിശാൽ നായകനായ ‘ഇരുമ്പു തിരൈ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പി.എസ് മിത്രൻ. അർജുൻ പ്രതിനായകനാകുന്ന ചിത്രം മാർച്ച് 13 ന് ഷൂട്ടിങ് ആരംഭിക്കും. ഒരു ത്രില്ലറാകും ചിത്രം.

“എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളിൽ പലതും ഒന്നിച്ച് വരുമെന്ന് ഞാനോർത്തില്ല. പി.എസ് മിത്രന്റെ ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിക്കുന്നു. എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സാധ്യമാകുമെന്നു കരുതിയിരുന്നില്ല. ഭാഗ്യവതിയാണ് ഞാൻ”.– കല്യാണി ട്വിറ്ററിൽ കുറിച്ചു.

‘മിസ്റ്റർ ലോക്കലാ’ണ് ശിവയുടെ പുതിയ ചിത്രം. നയൻതാരയാണ് ഇതിലെ നായിക. രവികുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലും ശിവ അഭിനയിക്കുന്നുണ്ട്.