Thursday 09 August 2018 09:41 AM IST : By സ്വന്തം ലേഖകൻ

അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല; അഭിനയം നിർത്താനുള്ള കമൽഹാസന്റെ തീരുമാനത്തോട് മുഖം തിരിച്ച് മക്കൾ

kamal

രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി അഭിനയം ഉപേക്ഷിക്കുവാനുള്ള തന്റെ തീരുമാനത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത് മക്കളായ ശ്രുതിയും അക്ഷരയുമാണെന്ന് കമൽഹാസൻ. സിനിമ,രാഷ്ട്രീയം,പൊരു പരിപാടികൾ എന്നിങ്ങനെ തിരക്കിട്ട ജീവിതമാണ് ഇപ്പോൾ ഉലകനായകന്. അതിനാൽ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കാനും പ്രവർത്തിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതാണ് മക്കളുടെ എതിർപ്പിന് കാരണമായിരിക്കുന്നത്.

‘‘അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂര്‍ണ്ണമായി അതൃപ്തിയിലാണ് അവര്‍. പ്രത്യേകിച്ച് ശ്രുതി. അവള്‍ ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരന്‍ അവളിലും ഉണ്ട്. അവള്‍ അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്’’. കമൽ പറഞ്ഞു.

ഞാന്‍ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളില്‍ ശക്തമായ ഒരു തോന്നല്‍ ഉണ്ടായപ്പോഴാണെന്നും അതിനെ ഞാന്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയുമാണെന്നുമാണ് എന്ത് കൊണ്ട് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നതിന് കമലിന്റെ മറുപടി.

വിശ്വരൂപം ടുവാണ് റിലീസിനു തയ്യാറെടുക്കുന്ന കമലിന്റെ പുതിയ ‌ചിത്രം. സബാഷ് നായിഡു അവസാന ഘട്ട മിനുക്കു പണികളിലാണ്. ഇന്ത്യൻ ടു ഉടൻ ആരംഭിക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ ടു കമൽഹാസന്റെ അവസാന ചിത്രമാകും.