Wednesday 15 June 2022 03:41 PM IST : By സ്വന്തം ലേഖകൻ

ചെറിയൊരു സ്പാർക്കിൽ കത്തിപ്പടരാന്‍ ശേഷിയുള്ള സ്റ്റാർഡം: ഇത് ‘ആണ്ടവർ ആട്ടം’

kamal

‘വിക്രം’ നേടുന്ന വൻവിജയം കമൽഹാസൻ എന്ന ‘ഷോ മാൻ’ന്റെ തിരിച്ചു വരവ് കൂടിയാണ്... കൊമേഴ്സ്യൽ ഹിറ്റുകളുടെ തുടർപരമ്പരകള്‍ സൃഷ്ടിച്ച, തന്റെ ബോക്സ് ഓഫീസ് നേട്ടങ്ങളുടെ പ്രതാപകാലത്തിലേക്ക് ഉലകനായകൻ മടങ്ങിയെത്തിയതിൽ പ്രേക്ഷകരൊന്നടങ്കം സന്തോഷിക്കുന്നുവെന്നു പറഞ്ഞാൽ‌ അത് അതിശയോക്തിയല്ല...ചുരുങ്ങിയ ദിവസങ്ങൾക്കകം 300 കോടിയിലധികം രൂപ ചിത്രം ആഗോളമാർക്കറ്റിൽ നിന്നു നേടിക്കഴിഞ്ഞു. തിയറ്റർ കലക്ഷൻ മാത്രമാണിത്. പ്രീ റിലീസ് ബിസിനസ്സ് കൂടി ചേരുമ്പോൾ നേട്ടം ഇതിലൊക്കെയെത്രയോ മുകളിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിശദീകരിക്കുന്നത്...

kamal-hassan

‘വിശ്വരൂപം – 1’നു ശേഷം കമലിന് ബോക്സ് ഓഫീസിൽ ചലനങ്ങളുണ്ടാക്കുന്ന ഒരു ചിത്രമുണ്ടായിട്ടില്ല. കഴിഞ്ഞ കുറേയധികം വർഷങ്ങൾ കരിയറിൽ ശ്രദ്ധിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മറ്റും തിരക്കുകളിലാണ് അദ്ദേഹം മുഴുകിയിരുന്നത്. അപ്പോഴും ചെറിയൊരു സ്പാർക്കിൽ കത്തിപ്പടരാനാകുന്നത്ര ശേഷിയുള്ള വിപണി സാധ്യതകൾ കമലിനുണ്ടായിരുന്നുവെന്നതാണ് ‘വിക്രം’ തെളിയിക്കുന്നത്. ഓരോ സീനിലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള കമലിന്റെ എനർജിയും അഭിനയത്തോടുള്ള അടങ്ങാത്ത കൊതിയുമാണ് ‘വിക്ര’ത്തിന്റെ ഹൈലൈറ്റ്.

ലോകേഷ് കനകരാജ് എന്ന സംവിധായകൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നീ പ്രതിഭാധനരായ യുവനടൻമാർ, സൂപ്പർസ്റ്റാർ സൂര്യയുടെ അതിഥി വേഷം, അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനം തുടങ്ങിയ നിരവധി യു.എസ്.പികൾ റിലീസിന് മുമ്പ് ‘വിക്ര’ത്തിനുണ്ടായിരുന്നുവെങ്കിൽ, തിയറ്ററിലെത്തിയ ശേഷം അതൊരു ‘കമൽപടം’ എന്ന ഹൈപ്പിലേക്ക് സ്വാഭാവികമായും മാറി. അതാണ് മേൽപറഞ്ഞ സ്പാർക്ക്... കമൽഹാസൻ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടൻമാരിലൊരാളുടെ, ഫുൾ സ്വിങ് എന്റർടെയ്നറുടെ മികവ്...തെന്നിന്ത്യയിലെ എല്ലാ മാർക്കറ്റിലുമെന്ന പോലെ ഇന്ത്യയൊട്ടുക്കുള്ള തിയറ്ററുകളിലും വിദേശ സ്ക്രീനുകളിലും ‘ആണ്ടവർ ആട്ടം’ എന്ന പരസ്യവാചകത്തോടെ വിക്രം കുതിപ്പ് തുടരുന്നു. ‘തൂങ്കാവന’വും ‘ഉത്തമവില്ല’നും ‘വിശ്വരൂപം ടു’വും നൽകിയ നിരാശകളെ കുടഞ്ഞെറിഞ്ഞ് ഓരോ കമൽരസികനും നിറഞ്ഞ മനസ്സോടെ തിയറ്റർ വിട്ടിറങ്ങുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രേക്ഷകരായി പരിവർത്തിക്കപ്പെട്ട പുതിയ തലമുറ തിയറ്ററിൽ കാണുന്ന ആദ്യ കമൽ സിനിമയാകും ‘വിക്രം’ എന്ന സോഷ്യൽ മീഡിയ കണ്ടെത്തൽ സത്യമാണ്. കമൽഹാസൻ എന്ന താരത്തെക്കുറിച്ചുള്ള മുൻതലമുറയുടെ വിവരണങ്ങളെ ‘തള്ള്’ എന്ന് നിസ്സാരവൽക്കരിച്ചിരുന്ന അവർക്ക് താനാരാണെന്നും തന്റെ സ്റ്റാർഡം എന്താണെന്നും മനസ്സിലാക്കിക്കൊടുക്കാൻ കമലിനായി: നടിപ്പിൽ, ഹീറോയിസത്തിൽ തനിക്ക് പകരക്കാർ അധികമില്ലെന്ന് വ്യക്തമാക്കാനും...

kamal 2

ആരൊക്കെ വന്നാലും പോയാലും കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി തമിഴ് സിനിമയെ മുന്നോട്ടു നയിക്കുന്ന പ്രധാന ചാലകശക്തികളിലൊരാൾ സാക്ഷാൽ കമൽ ഹാസൻ ആണ്. വേറിട്ട പ്രമേയങ്ങൾ കണ്ടെത്താനും അവതരണത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാനും പിന്നാലെ വന്ന തലമുറയെ പഠിപ്പിച്ചതും മറ്റൊരാളല്ല. അതുകൊണ്ടാണല്ലോ ‘ഞാൻ ഒരു കമൽഹാസൻ ഫാന്‍’ എന്ന് സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ചെറുപ്പക്കാരും ആവേശത്തോടെ പറയുന്നത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി പരീക്ഷണ സ്വഭാവമുള്ള ചില സിനിമാ സങ്കൽപ്പങ്ങളിലാണ് കമൽ മുഴുകിയിരുന്നത്. അതിൽ പലതും പ്രതീക്ഷിച്ചത്ര വിപണി വിജയം നേടിയില്ലെങ്കിലും കമൽ എന്ന ‘ചലച്ചിത്രമാന്ത്രികനെ’ കൃത്യമായി അടയാളപ്പെടുത്തുന്നവയായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്ക് കൂടിയായപ്പോൾ സമീപകാലത്ത് കമൽ ഏറെക്കുറെ ഒരു ‘സ്ക്രീൻ ബ്രേക്ക്’ എടുത്തിരുന്നു. ഇപ്പോഴിതാ, ആ ഇടവേള അവസാനിച്ചിരിക്കുന്നു...