Saturday 09 February 2019 10:19 AM IST : By സ്വന്തം ലേഖകൻ

‘കരണ്‍ ജോഹറിന്റെ പാവയാണെങ്കിൽ നീ വിജയിയല്ല’! ആലിയയ്ക്കെതിരെ തുറന്നടിച്ച് കങ്കണ

aliya-new

വീണ്ടും വിവാദ പ്രസ്താവനയുമായി കങ്കണ റണാവത്ത്. ഇത്തവണ ആലിയ ഭട്ടാണ് കങ്കണയുടെ നാക്കിന്റെ ചൂടറിഞ്ഞത്. ഇതോടെ മണികര്‍ണിക വിവാദത്തിൽ മറ്റൊരു ഉപവിവാദത്തിനു കൂടി തിരികൊളുത്തിയിരിക്കുകയാണ് കങ്കണ.

ആലിയയെ ഫോണ്‍ വിളിച്ച് രൂക്ഷമായ രീതിയില്‍ താന്‍ സംസാരിച്ചതായി കങ്കണ പറഞ്ഞാതായാണ് റിപ്പോർട്ട്. തന്റെ ചിത്രമായ മണികര്‍ണികയെ ബോളിവുഡ് താരങ്ങളാരും പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞും കങ്കണ നേരത്തേ രംഗത്തെത്തിയിരുന്നു.

‘‘മണികര്‍ണിക എന്റെ മാത്രം സ്വകാര്യ വിവാദമല്ലെന്ന് ഞാന്‍ ആലിയയെ വിളിച്ചു പറഞ്ഞു. ഒരു രാജ്യം മുഴുവന്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ എന്തുകൊണ്ട് ബോളിവുഡ് പിന്തുണയ്ക്കുന്നില്ല എന്നാണ് എന്റെ ചോദ്യം. സ്വന്തമായി ഒരു നിലപാടില്ലാതെ കരണ്‍ ജോഹറിന്റെ പാവയായി മാത്രമാണ് നില്‍ക്കുന്നതെങ്കില്‍ ആലിയ ഒരു വിജയിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഒന്നും മിണ്ടാതെ പണം മാത്രം ഉണ്ടാക്കുന്നതിലാണ് ശ്രദ്ധയെങ്കിൽ നിന്റെ വളർച്ചയ്ക്ക് വിലയില്ലെന്ന് ഞാൻ ആലിയയോട് പറഞ്ഞു. ഇപ്പോൾ വിജയത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ശരിയായ അര്‍ത്ഥം ആലിയയ്ക്ക് മനസ്സിലായിട്ടുണ്ടാവും എന്നാണ് എന്റെ വിശ്വാസം’’ – കങ്കണ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ദംഗല്‍, റാസി, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്ക്രീനിങ്ങിനെത്തി താന്‍ പിന്തുണ അറിയിച്ചിട്ടും ആമിര്‍ ഖാനോ ആലിയയോ മണികര്‍ണികയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് കങ്കണയുടെ പ്രധാന ആരോപണം. അതേ സമയം കങ്കണയ്ക്ക് തന്നോട് ദേഷ്യമില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കഴിഞ്ഞ ദിവസം ആലിയ പറഞ്ഞു. കങ്കണയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും താരം വ്യക്തമാക്കി.