Thursday 21 March 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറുണ്ടോ’ ? പെൺകുട്ടിയുടെ പരിഹാസത്തിന് കരണിന്റെ മറുപടി വൈറൽ

karan-johar-new

ലൈംഗികതയുടെ പേരിൽ ക്രൂരമായ ട്രോൾ ആക്രമണത്തിനു വിധേയനാകുന്ന ആളാണ് കരൺ ജോഹർ. താനൊരു സ്വവർഗാനുരാഗിയാണെന്ന് തന്റെ ആത്മകഥയിൽ കരൺ വെളിപ്പെടുത്തിയതു മുതൽ പരിഹാസം അതിരു കടക്കുന്നതായാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്.

അടുത്തിടെ അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തിൽ കളിയാക്കലുകളോടും സോഷ്യൽ മീഡിയ ആക്രമണങ്ങളോടുമുള്ള നിലപാട് വ്യക്തമാക്കി കരൺ രംഗത്തെത്തിയത് വാർത്തയായിരുന്നു.

എന്നാൽ കരണിനെതിരെയുള്ള ട്രോളുകൾക്കും പരിഹാസങ്ങൾക്കും അതുകൊണ്ടൊന്നും അവസാനമില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ‘നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറുണ്ടോ ?’ എന്നായിരുന്നു കരണിനോട് സോഷ്യൽ മീഡിയയിൽ പരിഹാസ രൂപേണയുള്ള ഒരു പെൺകുട്ടിയുടെ ചോദ്യം. അതിന്, ‘ഒരിക്കലുമില്ല. ഞാൻ പുരുഷനായാണ് ജനിച്ചത്. എന്റെ ഉള്ളിലൊരു സ്ത്രീയുണ്ട്. അതെന്നെ കൂടുതൽ പുരുഷനാക്കുന്നു’ എന്നാണ് കരൺ മറുപടി നൽകിയത്.

ഒരുകാലത്ത് വിഷമിച്ചിരുന്നെങ്കിലും ഇപ്പോൾ ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്ന് അർബാസ് ഖാനുമായുള്ള അഭിമുഖത്തിൽ കരൺ വ്യക്തമാക്കിയിരുന്നു. ‘‘ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാൽ പിന്നീട് സാധാരണ സംഭവമായി തോന്നി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്’’.– കരൺ പറയുന്നു.