'എനിക്ക് അമ്മയെ സഹായിക്കണം' എന്ന് കേൾക്കുമ്പോഴേ ഇപ്പൊ ഒട്ടുമിക്ക മലയാളികളും ഒരമ്മയെയും മകനെയും ഓർക്കും... കാർത്തിക്ക് ശങ്കറിനെയും അമ്മ കലാദേവിയെയും. ഷോർട്ഫിലിമുകളിലൂടെ വളരെയേറെ ശ്രദ്ധ നേടിയ കാർത്തിക്കിനെ ഷോർട്ഫിലിമുകളുടെ രാജകുമാരനെന്നാണ് സോഷ്യൽമീഡിയ വിളിക്കാറ്. സൗണ്ട് എഞ്ചിനീയാറായ കാർത്തിക്ക് കൂടുതൽ സമയവും ചെലവിടുന്നത് ഷോർട്ഫിലിമുകൾക്കു വേണ്ടിത്തന്നെയാണ് താനും.
ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കേണ്ടി വന്ന സമയത്ത് കാർത്തിക്കിന്റെ തലയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ് ഈ ഐഡിയ. "ലോക്ക്ഡൗൺ ആയപ്പോ ഷോർട്ഫിലംസിന്റെ സ്ക്രിപ്റ്റും കാര്യങ്ങളുമായിട്ടൊക്കെ ഇരിക്കയായിരുന്നു. ആ സമയത്തൊക്കെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോ വീട്ടുകാര്യങ്ങളിൽ പലരും ഹെല്പ് ചെയ്യാൻ നോക്കുന്നു പക്ഷേ, ആർക്കും വല്യപിടുത്തമില്ല എന്നൊക്ക പറഞ്ഞു കേട്ടിരുന്നു. അങ്ങനെയാണ് ഇങ്ങനൊരു വീഡിയോ ചെയ്താലോ എന്നാലോചിക്കുന്നത്. പലയിടത്തും മകൻ അമ്മയെ സഹായിക്കാൻ ചെന്നാൽ ലാഭത്തേക്കാൾ നഷ്ടമാകാനാണ് സാധ്യത. അതിലെ തമാശയും കാര്യവും ഒരുപോലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേണം എന്നോർത്താണ് അത് ചെയ്തത്. ഒരെണ്ണം ചെയ്തു കഴിഞ്ഞ് എന്റെ ജോലിയിലേക്ക് തിരികെ പോകാമെന്നാണ് കരുതിയത് പക്ഷേ, ആദ്യ വീഡിയോയ്ക്ക് നല്ല റീച്ച് കിട്ടിയപ്പോ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറക്കി... സീരീസ് ആക്കണം എന്നൊക്കെ ധാരാളം ആളുകൾ പറയുന്നുണ്ട്, അതെപറ്റിയൊന്നും തൽക്കാലം ആലോചിച്ചിട്ടില്ല...
ഒരു വീഡിയോയുടെ സ്ക്രിപ്റ്റ് ആയിട്ട് എഴുതി വെക്കാൻ അര ദിവസം മതി പക്ഷേ, ഐഡിയ ഒക്കെ തലയിൽ കിടന്നിങ്ങനെ കുറച്ചധികം ദിവസം കറങ്ങും. ലാഗ് വരരുത് എന്നതാണ് എപ്പോഴും ചിന്തിക്കുന്ന കാര്യം. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് വീഡിയോയിലൂടെ കാണിക്കുന്നത്, അതുകൊണ്ടാവും ഇത്രേം ആളുകൾക്ക് അത് കണക്റ്റ് ചെയ്യ്യാൻ പറ്റുന്നതെന്ന് തോന്നുന്നു.
ഫുൾ ഫാമിലി ഈസ് ഇൻ
അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോ ആദ്യമേ പറ്റില്ല,അതൊന്നും ശരിയാവില്ല എന്നൊക്കെ പറഞ്ഞത് പുള്ളിക്കാരി ഒഴിവാകാൻ നോക്കി. ഈ ലോക്ക്ഡൗൺ കാലത്ത് വേറെ ആളെ നോക്കി പുറത്തൊന്നും പോകാൻ പറ്റില്ല അമ്മ സമ്മതിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞാണ് അമ്മയെ വീഴ്ത്തിയത്. വല്യച്ഛനാണ് ഇതിലെ മറ്റൊരു കഥാപാത്രം പേര് എം.എസ്.രാജ. പുള്ളിക്കാരൻ ചെയ്തു നോക്കാം എന്ന മട്ടിലായിരുന്നു. അച്ഛൻ നൂറനാട് ജയനാണ് ക്യാമറാമാൻ. വീഡിയോ ബ്ലൂപെർസിലിൽ കാണുന്ന അതെ ആൾ. ഞങ്ങൾ പത്തനംതിട്ട അടൂർ സ്വദേശികളാണ്. ഞാൻ കൊച്ചിയിലാണ് താമസമെങ്കിലും ലോക്ക്ഡൗൺ കാരണം നാട്ടിലുണ്ട്. വീട്ടിലും പറമ്പിലുമൊക്കെ തന്നെയാണ് ഷൂട്ട്. എന്റെ ഷോർട്ഫിലിമുകൾ എടുക്കുന്ന സമയത്ത് ഇവരൊക്കെ എപ്പോഴും എന്ത് സഹായത്തിനും കൂടെത്തന്നെ ഉണ്ട്. അമ്മയെ മുൻപ് ഒരു ഷോട്ടിൽ പിടിച്ച് നിർത്തിയിട്ടുണ്ട് അതാണ് പുള്ളിക്കാരിയുടെ മുൻപരിചയം. അതുകൊണ്ട് ഇവർക്കൊക്കെ ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്നതൊക്കെ കണ്ട് കണ്ട് ശീലമുണ്ട്.
വീഡിയോസ് എഡിറ്റ് ചെയ്യുന്നതും അതിന്റെ മ്യൂസിക് മിക്സ് ഒക്കെ ചെയ്യുന്നതും ഞാൻ തന്നെയാണ്. വീട്ടിൽ തന്നെ ചെറിയൊരു സ്റ്റുഡിയോ ഉണ്ട്.
ആദ്യം സമ്മതിക്കാനിച്ചിരി സമയമെടുത്തെങ്കിലും അമ്മ ഇപ്പൊ നല്ല ത്രില്ലിൽ ആണ്. അമ്മ എന്റെ ഫോൺ എടുത്തിട്ടാണ് അതിനടിയിൽ വരുന്ന മൊത്തം കമന്റുകളും വായിക്കുന്നത്. വീഡിയോയിൽ ചെയ്ത പോലെ അബദ്ധത്തിൽ പോലും വേറൊരു ബട്ടണും ഞെക്കരുതെന്നും പറഞ്ഞിട്ടുണ്ട്... (വീട്ടിലെ കൂട്ടച്ചിരി കേൾക്കാം).
ഞാൻ സംവിധാനം ചെയ്യുന്നൊരു സിനിമയുടെയും സ്ക്രിപ്റ്റ് എഴുതുന്ന സിനിമയുടെയും തിരക്കിനിടയിലാണ് ഇതൊക്ക ചെയ്തത്. അതുകൊണ്ട് ഭാവികാര്യങ്ങൾ ആലോചിച്ചു ചെയ്യ്യും. തൽക്കാലം ഈ സമയം ഞങ്ങൾ അങ്ങ് എൻജോയ് ചെയ്തു പോകുന്നു...
.
.
ഒരു ചോദ്യം 'ശരിക്കും കാർത്തിക് അമ്മയെ സഹായിക്കാറുണ്ടോ?'
ഹഹഹ...ഞാൻ അത്യാവശ്യം നല്ല കുക്ക് ആണ്. പറ്റുമ്പോലൊക്കെ അമ്മയെ സഹായിക്കും. തീയലാണ് എന്റെ മെയിൻ!'