Wednesday 08 August 2018 01:50 PM IST : By സ്വന്തം ലേഖകൻ

‘‘ഈ കസേരയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു, ഒന്ന് എം.ജി.ആര്‍, ഇപ്പോള്‍ ഹനീഫയും’’; കൊച്ചിൻ ഹനീഫ കരുണാനിധിയുടെ നൻപനായ കഥ

kochin-haneef

തമിഴ് രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന, അന്തരിച്ച കലൈഞ്ജർ എം.കരുണാനിധിയുടെ ജീവിതത്തോടും സൗഹൃദത്തോടും ഏറ്റവും അടുത്തു നിന്ന രണ്ടു മലയാളികളുണ്ട്. ഒരാൾ സാക്ഷാൽ എം.ജി.ആർ, മറ്റൊരാൾ മലയാള സിനിമയുടെ ചിരിമധുരമായ കൊച്ചിൻ ഹനീഫയും. ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്നു കലൈഞ്ജർക്ക്. അത് തുടങ്ങുന്നതാകട്ടെ സിനിമയുമായി ബന്ധപ്പെട്ടും.

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘മൂന്ന് മാസങ്ങൾക്ക് മുൻപ്’ എന്ന സിനിമ കണ്ടാണ് കരുണാനിധി അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആദ്യമായി സംസാരിച്ചത്. ചിത്രം തമിഴിൽ പുനർനിർമ്മിക്കണമെന്നും കലൈഞ്ജർ ആവശ്യപ്പെട്ടു. അങ്ങനെ കരുണാനിധിയുെട തിരക്കഥയിൽ ശിവകുമാറും മോഹനും നായകൻമാരായി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘പാസ പറവൈകൾ’ തിയേറ്ററുകളിലെത്തി. ചിത്രം തമിഴില്‍ വന്‍ വിജയമായതോടെ കരുണാനിധി തുടര്‍ച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഹനീഫയെ ഏല്‍പിച്ചു. തുടർന്ന് കരുണാനിധി ബന്ധപ്പെടുന്ന എല്ലാ സിനിമാ സംരംഭങ്ങളുടെയും ചര്‍ച്ചകളില്‍ കൊച്ചിന്‍ ഹനീഫ സ്ഥിരം സാന്നിധ്യമായി.

ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ വിജയിച്ചപ്പോള്‍ കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിന്‍ ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു: ‘‘ഈ കസേരയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു, ഒന്ന് എം.ജി.ആര്‍, ഇപ്പോള്‍ ഹനീഫയും’’.