Monday 23 December 2019 12:05 PM IST

കീരിക്കാടൻ അവശനിലയിൽ, ചികിത്സാ ചെലവിന് പണം ഇല്ലാതെ നരകിക്കുന്നു! സോഷ്യൽ മീഡിയയിലെ പ്രചാരണത്തിനു പിന്നിലെ സത്യമെന്താണ്?

V.G. Nakul

Sub- Editor

j-1

കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി മാറിയവർ ചുരുക്കമാണ് മലയാള സിനിമയിൽ. ആ ഭാഗ്യം സിദ്ധിച്ച നടന്മാരിൽ ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം കീരിക്കാടൻ ജോസ്. ‘കിരീട’ത്തിലെ വില്ലൻ ഐഡന്റിറ്റി ആയപ്പോൾ മോഹൻരാജിന് നഷ്ടപ്പെട്ടത് സ്വന്തം പേര് തന്നെയാണ്. ‘കിരീട’ത്തിനു ശേഷം മലയാളത്തിലെ മുഖ്യധാരാ സിനിമയിൽ സജീവ സാന്നിധ്യമായ അദ്ദേഹം നൂറുകണക്കിന് സിനിമകളിൽ, വില്ലൻ വേഷങ്ങളിലൂടെ കയ്യടി വാങ്ങിക്കൂട്ടി.

കഴിഞ്ഞ കുറേകാലമായി ജോസ് അഭിനയ രംഗത്ത് സജീവമല്ല. ഇടയ്ക്ക് ഒരു സീരിയലിൽ മിന്നി മറഞ്ഞതായിരുന്നു അവസാന കാഴ്ച. അങ്ങനെയിരിക്കെയാണ് ‘കീരീക്കാടൻ അവശനിലയിൽ’ എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

‘ആരോരുമില്ലാതെ മലയാളത്തിന്റെ പ്രിയ നടൻ ആശുപത്രിയിൽ’ എന്നും ‘ദുരിതക്കയത്തിൽ കീരിക്കാടൻ ജോസ്’ എന്നുമൊക്കെയാണ് ഈ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന കുറിപ്പുകൾ. ഇതിനു പിന്നിലെ വാസ്തവം അന്വേഷിച്ചു ചെന്നപ്പോൾ അറിയാന്‍ ഞെട്ടിക്കുന്ന മറ്റൊരു വ്യാജ പ്രചാരണം കൂടി. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ‘വനിത ഓൺലൈനോ’ട് മോഹൻരാജിന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

j2

‘‘ഞാൻ ആശുപത്രിയിൽ പോയി അദ്ദേഹത്തെ കണ്ടു. പ്രചരിക്കുന്ന വാർത്തകൾ പോലെ അദ്ദേഹം ദുരിതക്കയത്തിലല്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഇല്ല. അദ്ദേഹത്തിന്റെ വീട്ടുകാരുമായും ഡോക്ടറുമായും സംസാരിച്ചു. ഇടവേള ബാബുച്ചേട്ടന്റെ ഒരു വോയ്സ് ക്ലിപ്പ് ഇപ്പോൾ വന്നിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നതാണ് സത്യം. അതായത്, ജോസേട്ടന് കാലിനാണ് പ്രശ്നം. വെരിക്കോസ് വെയിനിന്റെ മൂർധന്യാവസ്ഥയിലാണ് അദ്ദേഹം. മുട്ടിനും ചെറിയ കുഴപ്പമുണ്ട്. നടക്കാനും നിൽക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടാണ്. അതിന്റെതായ വിഷമതകൾ ഉണ്ട്. അല്ലാതെ പ്രചരിക്കും പോലെ ഭീകരമല്ല കാര്യങ്ങൾ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ. സഹോദരൻ കൂടെത്തന്നെയുണ്ട്. അദ്ദേഹം ഗതികേടിലാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.’’– ബാദുഷ വ്യക്തമാക്കുന്നു.