Tuesday 14 August 2018 04:11 PM IST : By സ്വന്തം ലേഖകൻ

‘കീർത്തിയുടെ സർപ്രൈസ്’; സെറ്റില്‍ 150 പേര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി താരം- വിഡിയോ

keerthi

തെന്നിന്ത്യയിലെ സൂപ്പർ താരമായി പതിയെ ചുവടുവച്ചുയരുകയാണ് മലയാളി നടി കീർത്തി സുരേഷ്. കൈനിറയെ ചിത്രങ്ങളാണ് കീർത്തിക്ക് തമിഴിൽ. മഹാനടിയിലൂടെ അഭിനയപ്രതിഭ തെളിയിച്ച കീര്‍ത്തി, ഇപ്പോഴിതാ നിലപാടുകളും സമീപനങ്ങളും കൂടി കയ്യടി നേടുകയാണ്. വിശാൽ നായകനായ സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ അവസാനദിനം കീർത്തി ഏവരെയും ഞെട്ടിച്ചെന്ന് പറയാം. 

സംവിധായകനും നായകനും ഉൾപ്പടെ സെറ്റിലെ നൂറ്റമ്പതോളം ആളുകൾക്കാണ് ഒരു ഗ്രാം സ്വര്‍ണ നാണയം നടി സമ്മാനമായി നൽകിയത്. ഇതിന് മുന്‍പ് മഹാനടി സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാനദിവസം അണിയറപ്രവർത്തകർക്കും കീര്‍ത്തി നടി സ്വർണ നാണയം സമ്മാനമായി നൽകിയിരുന്നു. 

സെറ്റിലെ കീർ‌ത്തിയുടെ സമര്‍പ്പണവും ആത്മാർത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാൾ കീർത്തിക്കൊപ്പം സെൽഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവർ ഓടിയെത്തിയത്. കീർത്തിക്ക് വേണ്ടി അവർ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നൽകി സഹപ്രവർത്തകരെ കീർത്തി ഞെട്ടിച്ചത്.

കരിയറിന്റെ ആദ്യകാലഘട്ടങ്ങളിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് കീർത്തി. പിന്നീട് സ്വയപ്രയത്നത്താൽ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. തമിഴിലും തെലുങ്കിലുമാണ് കീർത്തി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാ‍ഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറിയത്.