Saturday 09 April 2022 04:31 PM IST

കൊച്ചിയെ ത്രസിപ്പിച്ച് റോക്കിഭായ്; ആരാധകക്കടലിനു നടുവിൽ കെജിഎഫ് 2 ഫ്ലാഗ് ഓഫ്...

Shyama

Sub Editor

yash-kgf2-kochi-cover യഷ്, ശ്രീനിധി ഷെട്ടി, സുപ്രിയ മേനോൻ, ശങ്കർ രാമകൃഷ്ണൻ; ഫോട്ടോ: ബേസിൽ പൗലോ

മൂന്നു നിലകളിലും ഗ്രൗണ്ട്ഫ്ലോറിലുമായി നിറഞ്ഞു കവിഞ്ഞ ആരാധകവൃന്ദത്തിനിടയിലേക്ക് യഷ് കാലെടുത്ത് വച്ചതും അവർ ഒരുമിച്ച് വിളിക്കാൻ തുടങ്ങി...‘‘റോക്കീ..ഭായ്....’’ നാടിന്റേയും ഭാഷയുടേയും സംസ്കാരത്തിന്റേയും വ്യത്യാസങ്ങൾ അലിഞ്ഞില്ലാതായി …ഇരമ്പിയെത്തിയ ജനസാഗരം എല്ലാറ്റിനുമുപരിയായി സിനിമയെ സ്നേഹിക്കുന്നതിന്റെ തെളിവായിരുന്നു ആ കാഴ്ച്ച.... 2018ൽ ഇറങ്ങിയൊരു കന്നട ചിത്രം ചരിത്രത്തിലാദ്യമായി അതിർവരമ്പുകളെല്ലാം ഭേദിച്ച് ദേശീയ തലത്തിലും രാജ്യാനന്തര തലത്തിലും സൂപ്പർഹിറ്റായ ചരിത്രമാണ് കെ.ജി.എഫിനു പറയാനുള്ളത്. ഏകദേശം മൂന്ന് കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധകർക്ക് മുന്നിൽ കെ.ജി.എഫ്. ചാപ്റ്റർ ടു എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനാണ് മലയാളത്തിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിരിക്കുന്നത്.

ഷൂട്ടിങ്ങ് തിരക്കിലായ പൃഥ്വിക്ക് പകരം സുപ്രിയയാണ് പ്രമോഷൻ വേദിയിലെത്തിയത്. ‘‘ഇറങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ 100 മില്യണിലധികം ആളുകൾ സിനിമയുടെ ട്രെയിലർ കണ്ടു എന്നത് തന്നെ അതിർവരമ്പുകളില്ലാതെ സിനിമ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്’’ എന്നാണ് സുപ്രിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 14ന് ഇറങ്ങുന്ന ചിത്രം എല്ലാവരും തങ്ങളെ പോലെ തന്നെ എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണണം എന്നും കൂട്ടിച്ചേർത്തു.

yash-kgf2-sreenithi-supriya യഷ്, ശ്രീനിധി ഷെട്ടി, സുപ്രിയ മേനോൻ; ഫോട്ടോ: ബേസിൽ പൗലോ

‘‘ഇത്രയും ഹിറ്റായൊരു ചിത്രം അതിന്റെ തനിമയൊട്ടും ചോരാതെ മലയാളത്തിലേക്കാക്കുക എന്നത് തന്നെയായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി’’ ശങ്കർ രാമൃഷ്ണൻ മലയാളത്തിലേക്കുള്ള മൊഴിമാറ്റം നടത്തിയതിനെക്കുറിച്ച് പറഞ്ഞു ‘‘ഇത് മലയാളം സിനിമാ മേഖല കന്നഡ സിനിമയ്ക്കൊന്നടങ്കം നൽകുന്ന ആദരവായി കാണണം.’’

‘നമസ്കാരവും’ ചെറിയ ചില മലയാളി സംഭാഷണങ്ങളുമായി ശ്രീനിധി കാണികളെ കയ്യിലെടുത്തു. ‘‘സിനിമയ്ക്കകത്തും പുറത്തും പ്രവർത്തിച്ച അഭിനേതാക്കളേയും സംവിധായകനേയും ടെക്നീഷ്യൻസിനേയും മെയ്ക്കപ്പ് ആർട്ടിസ്റ്റുകളേയും ലൈറ്റ്ബോയ്സിനേയും എന്നുവേണ്ട അതിനു വേണ്ടി വർഷങ്ങളായി വിയർപ്പൊഴുക്കിയ എല്ലാവരേയും ഞാനീ അവസരത്തിൽ ഓർക്കുന്നു... നന്ദി പറയുന്നു.’’ എന്ന് ശ്രീനിധി പ്രസ്മീറ്റിൽ പറഞ്ഞു.

yash-kgf2-press-meet യഷ്, ശ്രീനിധി ഷെട്ടി, സുപ്രിയ മേനോൻ; ഫോട്ടോ: ബേസിൽ പൗലോ

വൈകിയെത്തിയതിന് മാപ്പ് പറഞ്ഞായിരുന്നു യഷിന്റെ തുടക്കും. ‘മലയാളക്കര തരുന്ന സ്നേഹത്തിന് അതിരില്ല.... ഇവിടെ എത്താൻ സാധിച്ചതിൽ തന്നെ സന്തോഷം. കഴിഞ്ഞ തവണ വന്നപ്പോഴും ഏറ്റവും ബുദ്ധിശാലികളായ ആളുകൾ ജോലിചെയ്യുന്ന ഇടങ്ങളിലൊന്നാണ് കേരളം എന്ന് ബോധ്യപ്പെട്ടതാണ്. തനതായ സൃഷ്ടികളിലൂടെ ലോകശ്രദ്ധ നേടിയെടുക്കുന്നൊരു മേഖലയാണ് മലയാളം സിനിമകൾ. ഇവിടുള്ള എല്ലാ സംവിധായകരോടും അഭിനേതാക്കളോടുമുള്ള ആദരവും ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു...

പല നാടുകളിലുള്ള ഞാനും പൃഥ്വിയും ഒക്കെ ഒരുമിച്ചു വരുന്നത് തന്നെ നമുക്കൊക്കെ പകർന്നു തരുന്നൊരു സന്ദേശം... എല്ലാ അതിർത്തികളെക്കാളും വലുതാണ് സിനിമ, അതിന് എല്ലാവരേയും എളുപ്പത്തിൽ ചേർത്തുപിടിക്കാനുള്ള കഴിവുണ്ടെന്നാണ്.’’

yash-kgf2-kochi യഷ് ; ഫോട്ടോ: ബേസിൽ പൗലോ

മാരിയറ്റ് ഹോട്ടലിലെ പ്രസ് മീറ്റിനു ശേഷം ലുലു മാളിലൊരുക്കിയ വേദിയിലെത്തിയ കെജിഎഫ് 2 ടീമിനെ നിർത്താതെയുള്ള കയ്യടികളും തളരാത്ത ആരവങ്ങളുമായാണ് കാണികൾ സ്വീകരിച്ചത്. കെ.ജി.എഫ്. വണ്ണിലേയും ടൂവിലേയും ഡയലോഗുകൾ അടക്കം പറഞ്ഞ് യഷ് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു...