Monday 17 December 2018 06:26 PM IST

സപ്ലിയടിച്ച് നാട്ടിൽ പെട്ടു, ജോലി മടുത്തപ്പോൾ അഭിനയം തുടങ്ങി! ഒരു ബിടെക്കുകാരൻ കൂടി നടനായ കഥ

V.G. Nakul

Sub- Editor

ki

സിനിമയില്‍ സജീവമാകുന്നവർ പൊതുവേ സീരിയലുകളിൽ മുഖം കാട്ടാറില്ല. അതേ പോലെ മിക്ക സീരിയല്‍ താരങ്ങളെയും സിനിമയിലും കാണാറില്ല. എന്നാൽ കിരൺ അരവിന്ദാക്ഷൻ ഇതിനൊരപവാദമാണ്. സമാന്തരമായി രണ്ടും ഒന്നിച്ചു കൊണ്ടു പോകുന്ന ഈ ചെറുപ്പക്കാരന്റെ തുടക്കം സിനിമയിലാണെങ്കിലും ജനപ്രീതി നേടിയത് സീരിയലിലൂടെ.

മലയാളി കുടുംബ പ്രേക്ഷകർക്ക് കിരൺ അരവിന്ദാക്ഷൻ എന്നതിനെക്കാൾ കസ്തൂരിമാനിലെ അഡ്വക്കേറ്റ് ശ്രീജിത്ത് എന്നു പറയുന്നതാകും പരിചിതം. നായികയുടെ സുഹൃത്തിന്റെ വേഷം കിരണിന് അത്രത്തോളം ആരാധക പിന്തുണ നേടിക്കൊടുത്തു.

ആ വിഡിയോ ലൈക്കിനു വേണ്ടി ചെയ്തതല്ല; അബ്ദുൾ റസാഖ്–ആഗ്ര പ്രണയത്തിൽ ട്വിസ്റ്റ്; ക്രൂശിക്കുന്നവരോട് അവൾക്ക് പറയാനുള്ളത്

k4

നടി ഷീലയുടെ ബന്ധുവാണോ? ഉത്തരം യതീഷ് ചന്ദ്ര പറയുന്നു

k3

നാടകത്തിൽ നിന്നാണ് കിരണിന്റെ വരവ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഇന്ത്യൻ റുപ്പി’യിലെ ഒരു ചെറു വേഷത്തിലൂടെ സിനിമയിൽ തുടക്കം. 2017 ൽ, മധുപാൽ സംവിധാനം ചെയ്ത ‘കാളിഗന്ധകി’ യിലെ നായകനായി സീരിയൽ രംഗത്തേക്കും ചുവടു വച്ചു. ഇപ്പോൾ, ആദി സംവിധാനം ചെയ്യുന്ന ‘പന്ത്’ എന്ന ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി പ്രേക്ഷകരെ തേടിയെത്തുന്നതിന്റെ സന്തോഷത്തിൽ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് കിരൺ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

‘‘ചങ്ങനാശ്ശേരിയിൽ, ഇടത്തരം ചുറ്റുപാടിലാണ് ജനിച്ചു വളർന്നത്. കുടുംബത്തിൽ അഭിനയ പാരമ്പര്യമൊന്നുമില്ല. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചത്. കോഴ്സ് കഴിഞ്ഞ് 3 വർഷം ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു. ജോലി പലപ്പോഴും വിരസമായിരുന്നു. ഒപ്പം സപ്ലിയുടെ ടെൻഷനും. കൂട്ടുകാരൊക്കെ ഗൾഫിൽ പോയി പഠിച്ച കോഴ്സനുസരിച്ചുള്ള ജോലി നേടിയെങ്കിലും എനിക്ക് പരീക്ഷകൾ ജയിക്കാതെ തിരുവനന്തപുരം വിട്ടു പോകാനാകാത്ത അവസ്ഥയായിരുന്നു. സപ്ലിയുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. അതൊക്കെ എഴുതി ജയിക്കാൻ രണ്ടു വർഷം വേണ്ടി വന്നു. അതിനിടയിലാണ് അഭിനയത്തിൽ താത്പര്യം തൊന്നി, ഒരു നാടകത്തിൽ പങ്കാളിയായതും, ചെറിയ വേഷത്തിൽ അഭിനയിച്ചതും. തുടർന്ന് കൊച്ചിൻ മീഡിയ സ്കൂളിൽ മുരളി മേനോൻ സാറിന്റെ കീഴിൽ ഒരു ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുത്തു. അവിടെ വച്ച് രഞ്ജിത്ത് സാറിനെ പരിചയപ്പെട്ടു; ‘ഇന്ത്യൻ റുപ്പി’യിൽ ഒരു ചെറിയ വേഷം കിട്ടി. അതിനു മുൻപ് ഓഡീഷന്‍ വഴി ‘മൊഹബത്ത്’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇന്ത്യൻ റുപ്പി കഴിഞ്ഞ് ‘സ്പിരിറ്റ്’, ‘ബാച്ച്ലർ പാർട്ടി’ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ലഭിച്ചു. എല്ലാം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന പോലെ ഡയലോഗൊന്നുമില്ലാത്ത വേഷങ്ങളായിരുന്നു. അപ്പോഴേക്കും അഭിനയത്തെ കുറച്ചു കൂടി ഗൗരവത്തോടെ കണ്ടു തുടങ്ങി, പഠിക്കണമെന്നു തോന്നി. അങ്ങനെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് കാലടി സംസ്കൃത സർവകലാശാലയിൽ എം.എ നാടകത്തിനു ചേർന്നത്’’.

വഴിത്തിരിവായ മങ്കിപെൻ

കൊച്ചിൻ മീഡിയ സ്കൂളിൽ വച്ചാണ് ‘ഫിലിപ്സ് ആൻഡ് മങ്കി പെന്നിന്റെ’ സംവിധായകരായ ഷാനില്‍ മുഹമ്മദിനെയും റോജിൻ തോമസിനെയും പരിചയപ്പെട്ടത്. അവർ അവിടെ കുറച്ചു കാലം സംവിധാനം പഠിച്ചിരുന്നു. ഞങ്ങൾ ഒന്നിച്ചായിരുന്നു താമസം. അതിനിടെയാണ് ഞങ്ങളെല്ലാവരും ചേർന്ന് ‘റേഡിയോ’ എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം ചെയ്തത്. നടൻ എന്ന നിലയിൽ ‘റേഡിയോ’ എനിക്കു വലിയ ആത്മവിശ്വാസം നൽകി. അതിനു ശേഷമാണ് ‘ഫിലിപ്സ് ആൻഡ് മങ്കി പെന്നിന്റെ’ ചർച്ചകൾ തുടങ്ങിയത്. തുടക്കം മുതൽ അതിന്റെ ഭാഗമായിരുന്നു. ആദ്യം ഒരു മെയിൻ റോളിലായിരുന്നു ഞാനെങ്കിലും പ്രൊജക്ട് വലുതായപ്പോൾ കാസ്റ്റിങ് മാറി. മങ്കി പെന്നിനു ശേഷം ‘മുന്നറിയിപ്പ്’, ‘രണ്ടു പെൺകുട്ടികൾ’ എന്നീ സിനിമകളുടെ ഭാഗമായെങ്കിലും ആദ്യമായി ഒരു ത്രൂഔട്ട് വേഷം കിട്ടിയത് ‘ജോ ആൻഡ് ദ ബോയി’യിലാണ്. മഞ്ജു വാര്യരുടെ ജോയ്ക്കൊപ്പം ആ സിനിമയിലെ ഒരു സുപ്രധാന കഥാപാത്രമായിരുന്നു എന്റേതും. തുടർന്ന് ‘അവരുടെ രാവുകൾ’, ‘ഒരു കുപ്രസിദ്ധ പയ്യൻ’ തുടങ്ങി ഇപ്പോൾ ‘പന്ത്’ വരെ ചെറുതും വലുതുമായ നിരവധി അവസരങ്ങൾ വന്നു. സുഹൃത്തുക്കളാണ് വലിയ പിന്തുണയുമായി എക്കാലവും ഒപ്പം നിന്നത്.

കാളിഗന്ധകിയിലെ നായകൻ

k2

സീരിയലില്‍ മുൻപും അവസരങ്ങൾ വന്നിരുന്നു. എങ്കിലും കഴിഞ്ഞതിന്റെ മുന്‍ വർഷം ഫിലിം ഫെസ്റ്റിവലിൽ മധുപാൽ സാറിനെ കണ്ടതാണ് വഴിത്തിരിവായത്. അങ്ങനെ കാളിഗന്ധകിയിലേക്കെത്തി.

സിനിമയിലാണ് തുടക്കമെങ്കിലും സീരിയലാണ് ജനങ്ങൾ എന്നെ തിരിച്ചറിഞ്ഞത്. അപ്പോഴും സിനിമ തന്നെയാണ് മനസ്സിൽ. സിനിമിൽ തന്നെ തുടരാനാണ് താത്പര്യവും. എങ്കിലും സീരിയലിൽ നല്ല അവസരങ്ങൾ വന്നാൽ വിടില്ല.

പ്രതീക്ഷയുടെ പന്തുരുളുമ്പോൾ

പന്തിലെ കഥാപാത്രം ഇതു വരെ ചെയ്തതിൽ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ്. നടൻ എന്ന നിലയിൽ പാകത വന്ന ശേഷമുള്ള ആദ്യ അവസരം. നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്. വലിയ പ്രതീക്ഷയുള്ള പ്രൊജക്ടാണ് പന്ത്.

അഭിനയരംഗത്തേക്കു വരുന്നതിൽ വീട്ടിൽ തീരെ താത്പര്യമുണ്ടായിരുന്നില്ല. പഠിച്ച്, ജോലി നേടി, ആ വഴിയിൽ മുന്നോട്ടു പോകണമെന്നായിരുന്നു വീട്ടിലെ ആഗ്രഹം. ഇപ്പോൾ വലിയ കുഴപ്പമില്ല. അഭിനയത്തോടൊപ്പം ആക്ടിങ്ങ് ട്രെയിനറായും പ്രവർത്തിക്കുന്നുണ്ട്.