Monday 01 April 2019 04:53 PM IST

സിനിമയിൽ വില്ലനായതോടെ സീരിയലിൽ നിന്നു പുറത്തായി, വരുമാനം ഇല്ലാതായതോടെ ഡ്രൈവറായി! സീരിയലിനെ വെല്ലും കിഷോറിന്റെ കഥ

V.G. Nakul

Sub- Editor

k2

പതിനെട്ടു വർഷം, 280 സീരിയലുകള്‍, ഒന്നിനൊന്നു വേറിട്ട നൂറുകണക്കിന് കഥാപാത്രങ്ങൾ... കിഷോർ പീതാംബരൻ എന്ന കിഷോർ പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത സുപരിചിത മുഖമാണ് മലയാളികൾക്ക്. അങ്ങാടിപ്പാട്ടിലെ വിഷ്ണു നമ്പൂതിരിയായും ഹരിചന്ദനത്തിലെ മഹാദേവനായും അലകളിലെ അച്ചുവായും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ.

നാടകത്തിന്റെ അരങ്ങില്‍ നിന്നാണ് കിഷോറിന്റെ വരവ്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കുമുള്ള തന്റെ അഭിനയ യാത്രയ്ക്കിടയിലെ ആഴമുള്ള വിശേഷങ്ങളാണ്, ‘വനിത ഓൺലൈനി’ലൂടെ കിഷോർ വായനക്കാരുമായി പങ്കു വയ്ക്കുന്നത്.

k4

എ.കെ.ജി വഴി വിഷ്ണു നമ്പൂതിരിയിലേക്ക്

തിരുവനന്തപുരത്ത് പാലോടാണ് നാട്. അച്ഛൻ പീതാംബരൻ വോളിബോൾ ദേശീയ താരമായിരുന്നു. പിന്നീട് നാട്ടിൽ തന്നെ പാരലൽ കോളേജ് തുടങ്ങി. അമ്മ ജയശ്രീ. ഞങ്ങൾ രണ്ടു മക്കള്‍. ചേട്ടൻ ഇപ്പോൾ പൊലീസിലാണ്.

പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചെങ്കിലും അഭിനയവും നാടകവുമൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെയാണ് പ്രൊഫഷനൽ നാടകത്തിൽ സജീവമായത്. നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ചു. അതോടെ അതു തന്നെയായി ജീവിത മാർഗം. ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘എ.കെ.ജി’ എന്ന നാടകത്തിൽ എ.കെ.ജിയുടെ വേഷമായിരുന്നു എനിക്ക്. അതിലെ പ്രകടനം കണ്ടാണ് സംവിധായകൻ ആർ. ഗോപിനാഥ് ‘അങ്ങാടിപ്പാട്ടി’ലേക്കു വിളിച്ചത്, 2003 ൽ. അതിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഹിറ്റായതോടെ ധാരാളം അവസരങ്ങള്‍ ലഭിച്ചു തുടങ്ങി...

ഇതു മാത്രമാണ് ജീവിതം

‘അലകൾ’, ‘സാഗരം’, ‘ഹരിചന്ദനം’, ‘ഊമക്കുയിൽ’, ‘സ്ത്രീജൻമം’, ‘ഹരിചന്ദനം’, ‘മഞ്ഞുരുകും കാലം’ തുടങ്ങി 280 സീരിയലുകളിൽ ഇതിനോടകം അഭിനയിച്ചു. ഒരേ സമയം ഒന്നും രണ്ടും സീരിയലുകളൊക്കെ എപ്പോഴുമുണ്ടാകും. സീരിയലിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു മാത്രം ജീവിക്കാനാകുമോയെന്ന് പലരും ചോദിക്കാറുണ്ട്. എത്രയോ കുടുംബങ്ങൾ സീരിയലുകൾ കൊണ്ടു മാത്രം ജീവിക്കുന്നു. എന്റെ കുടുംബവും അതിലൊന്നാണ്. അഭിനയത്തിൽ സജീവമായ ശേഷം മറ്റൊരു ജോലിക്കായി ശ്രമിച്ചിട്ടേയില്ല. ഇതിൽ ഞാൻ പൂർണ്ണ തൃപ്തനാണ്. ഇപ്പോൾ ‘ഭാഗ്യജാതകം’, ‘സീത’, ‘ജാനി’, ‘കുട്ടിക്കുറുമ്പൻ’ തുടങ്ങിയ സീരിയലുകളാണ് ചെയ്യുന്നത്.

k6

രണ്ട് മാസം വീട്ടിലിരുന്നു

ഇതുവരെ ‘കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കിങ് ആൻഡ് കമ്മീഷണർ’, ‘സിംഹാസനം’ തുടങ്ങി ആറു സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ആരോടും അവസരം ചോദിച്ചിട്ടില്ല. കാരണം, സിനിമയിലഭിനയിക്കാൻ കൂടുതൽ ദിവസങ്ങൾ മാറ്റി വച്ചാൽ, സീരിയൽ ചെയ്യാനാകില്ല. അപ്പോൾ വരുമാനം മുടങ്ങും. അത് പ്രശ്നമാണ്. കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷമായിരുന്നു. 37 ദിവസമാണ് ആ സിനിമയ്ക്ക് കൊടുത്തത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, ‘കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു. എനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് ‘സരയു’വിൽ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും. അതിനു ശേഷം സിനിമയ്ക്കു വേണ്ടി വലിയ റിസ്ക്കെടുത്തിട്ടില്ല. നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. അതേ പോലെ, അഭിനയിക്കാൻ ആരും വിളിക്കുന്നില്ലെങ്കിലും വണ്ടിയോടിച്ചെങ്കിലും ജീവിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.

k3

കുടുംബം

ഭാര്യ സരിതയും മക്കളുമടങ്ങുന്ന കുടുംബമാണ് എന്റെ ശക്തി. മൂത്ത മകൻ കാളിദാസ് പത്താം ക്ലാസിലും ഇളയവൾ നിള ഒന്നാം ക്ലാസിലും പഠിക്കുന്നു.