Friday 21 September 2018 02:55 PM IST : By സ്വന്തം ലേഖകൻ

കായംകുളം കൊച്ചുണ്ണിയിലെ ആ രഹസ്യം പുറത്ത് ? മോഹൻലാൽ റോഷൻ ആൻഡ്രൂസ് സംഭാഷണം ലീക്കായി: ഓഡിയോ കേൾക്കാം

kkkk

മോഹൻലാലും റോഷൻ ആൻഡ്രൂസും തമ്മിൽ സംസാരിക്കുന്നതിന്റെ ഒരു വാട്സ് ആപ്പ് ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ വൈറൽ താരം. ഇരുവരും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണിത്.

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു അമ്പലമുള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്ക് അടുത്തുള്ള ഏടപ്പാറ മലദേവർനട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹൻലാൽ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിൽ കേൾക്കാനാകുന്നത്. ഇതേ അമ്പലത്തിൽ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷൻ പറയുന്നുണ്ട്.

‘‘പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ ഏടപ്പാറ മലദേവർ നട ക്ഷേത്രത്തില്‍ ഈ മുസൽമാൻ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കൽപമായി കായംകുളം കൊച്ചുണ്ണി’’. എന്ന മോഹൻലാലിന്റെ വാക്കുകളും ഓഡിയോയിൽ കേൾക്കും.

നിവിൻ പോളി നായകനാകുന്ന ചിത്രം അടുത്തമാസം റിലീസിനൊരുങ്ങുകയാണ്. 45 കോടിയാണ് മുതൽമുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചുണ്ട്. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ.