Thursday 07 November 2019 02:49 PM IST

മുകേഷിന്റെ കാലത്ത് അംഗീകാരം, പകരം വന്നയാൾ പുറത്താക്കി! നികുതി കൂടുതൽ നൽകിയിട്ടും മിമിക്രിയെ കലയായി അംഗീകരിക്കാൻ ആർക്കാണ് മടി

V.G. Nakul

Sub- Editor

nazeer

മിമിക്രിയെ കലാരൂപമായി കേരള സർക്കാരും കേരള സംഗീത നാടക അക്കാഡമിയും മുൻപ് അംഗീകരിച്ച നടപടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ‘വനിത ഓൺലൈൻ’ തുടങ്ങിവച്ച ക്യാമ്പെയിൻ ചർച്ചയാകുന്നു. മിമിക്രി കലാകാരൻമാർക്ക് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. പലരും ‘IsupportMimicry’ എന്ന ഹാഷ്ടാഗിൽ മിമിക്രിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തു. മിമിക്രിക്ക് കലാരൂപമെന്ന അംഗീകാരം നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇതേ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യണമെന്ന് കൂട്ടായ്മ അഭ്യർഥിച്ചു.

ജനകീയ കലാരൂപമായിട്ടും സർക്കാരിന്റെയും കേരള സംഗീത നാടക അക്കാഡമിയുടെയും കണ്ണിൽ മിമിക്രി കലാരൂപമല്ല. മിമിക്രിക്കാർ കലാകാരൻമാരുമല്ല. മറ്റെല്ലാ കലാരൂപങ്ങളും കലാകാരൻമാരും അംഗീകരിക്കപ്പെടുമ്പോഴും കേരളത്തിന്റെ പ്രിയപ്പെട്ട അനുകരണന കലയും അതു ചെയ്യുന്ന കലാകാരൻമാരും സർക്കാര്‍ രേഖകൾക്ക് പുറത്താണ്. യാതൊരു ആനുകൂല്യങ്ങളോ കരുതലോ അംഗീകാരങ്ങളോ മിമിക്രി കലാകാരൻമാരെ തേടിയെത്തുന്നില്ല.

ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. മിമിക്രി കലാകാരൻമാരും പ്രേക്ഷകരുമുൾപ്പടെ നിരവധി പേരാണ് ഇതിന് പ്രതികരണമറിയിച്ചത്. ഹ്രസ്വകാലത്തേക്ക് മിമിക്രിയെ അക്കാഡമി അംഗീകരിച്ചപ്പോൾ മികച്ച മിമിക്രി കലാകാരനുള്ള പുരസ്കാരം നേടിയ നടനും സംവിധായകനുമായ കോട്ടയം നസീര്‍ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നു.

അംഗീകരിക്കാൻ ആരും തയാറല്ല

മിമിക്രിയെ സർക്കാർ അംഗീകരിച്ച ചെറിയ കാലയളവിൽ മികച്ച മിമിക്രി കലാകാരനുള്ള അക്കാഡമി അവാർഡ് കിട്ടിയ ആളാണ് ഞാൻ. മുകേഷ് ചേട്ടൻ കേരള സംഗീത നാടക അക്കാഡമിയുടെ ചെയർമാനായിരുന്ന കാലത്താണ് അത്. എന്നാൽ, അതിനു ശേഷം മിമിക്രി വീണ്ടും അക്കാഡമിയിൽ നിന്നു പുറത്താക്കപ്പെട്ടു. വളരെ ദുഃഖകരമായിരുന്നു ആ നടപടി. എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരൻമാർ. പക്ഷേ, ഞങ്ങളെ അംഗീകരിക്കാൻ ആരും തയാറല്ല.

മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച്, മിമിക്രി വളരെപ്പെട്ടെന്നാണ് ജനപ്രീതി സ്വന്തമാക്കിയത്. നാട്ടിലായാലും വിദേശത്തായാലും കൂടുതല്‍ പരിപാടികൾ അവതരിപ്പിക്കുന്നതിൽ ഒരു വിഭാഗം മിമിക്രിക്കാരാണ്. ഇപ്പോൾ ജനകീയ പങ്കാളിത്തമുള്ള മിക്ക പരിപാടികളിലും മിമിക്രിയും അതുമായി ബന്ധപ്പെട്ടവും സുപ്രധാന ഇനമാണ്. സർക്കാർ പരിപാടികളില്‍ പോലും ഞങ്ങളുടെ പ്രോഗ്രാം ഉണ്ടാകും. അനുകരണ കലയിലൂടെ രാഷ്ട്രീയവുമായി അടുത്തു നിൽക്കുന്നവരും ഞങ്ങളാണ്. മൺമറഞ്ഞ എത്രയോ പ്രതിഭകള്‍ പുതുതലമുറയുടെ മനസ്സിൽ ജീവിക്കുന്നതിന് പ്രധാന കാരണം മിമിക്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ അവഗണന എന്നു മനസ്സിലാകുന്നില്ല. ഞങ്ങള്‍ അയിത്തം കൽപ്പിക്കപ്പെട്ടവരായി പുറത്തു നിൽക്കുന്നതിന്റെ കാരണവും അറിയില്ല.

കൂടുതൽ നികുതി ഞങ്ങളുടേതല്ലേ?

ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരൻമാരും വലിയ തുക ടാക്സ് അടയ്ക്കുന്നവരാണ്. ഇത്രയും ടാക്സ് അടയ്ക്കുന്ന മറ്റു വിഭാഗക്കാർ കലാകരൻമാരില്‍ കുറവാണ്. ചാനൽ പരിപാടികൾക്കൊക്കെ ടാക്സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങൾ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സർക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങൾ സർക്കാർ രേഖകൾക്കു പുറത്താണ്. എത്ര ദൗർഭാഗ്യകരമാണിത്.

nazeer-1

മിമിക്രി ‘തന്തയില്ലാത്ത കലാരൂപമോ’ ? സർക്കാരും അക്കാഡമിയും അനുകരണ കലയെ എന്തിനു പടിക്കു പുറത്തു നിർത്തുന്നു ? ഉയരണം ഈ ചോദ്യം

അവസ്ഥ മോശം

ഒരു വലിയ വിഭാഗം മിമിക്രി കലാകരൻമാരും വലിയ കഷ്ടതയനുഭവിക്കുന്നവരാണ്. അവരെ എങ്ങനെ സർക്കാർ സഹായിക്കും എന്നാണ് ചോദ്യം. വലിയ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ പത്തോ രണ്ടായിരമോ കൊടുത്താല്‍ എന്താകാൻ. ഇനിയുള്ള കാലത്ത് മോശമല്ലാത്ത വരുമാനമുള്ള മറ്റൊരു ജോലി കൂടി ചെയ്തേ കലാകാരന് ജീവിക്കാൻ പറ്റൂ. പഴയതു പോലെയല്ല, കലാകാരൻമാരുടെ എണ്ണം കൂടി, വേദികള്‍ കുറഞ്ഞു. കടുത്ത മത്സരമാണ് നടക്കുന്നത്.

ചോദിച്ചാൽ തിരിച്ചു കൊടുക്കും

കാണണ്ടവർ കണ്ണടച്ചാൽ എന്തു ചെയ്യും. ഇനിയെങ്കിലും ഞങ്ങളെ രണ്ടാം കിടക്കാരായി കാണരുത്. പിന്നെ ഇതുവരെ എനിക്കു കിട്ടിയ അവാർഡ് തിരിച്ചു ചോദിച്ചിട്ടില്ല. ചോദിച്ചാൽ തിരിച്ചു കൊടുക്കും. മറ്റെന്തു ചെയ്യാൻ. അതിനെക്കാൾ വലുതാണല്ലോ പ്രക്ഷകരുടെ സ്നേഹം.