തന്റെ പെൺമക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടന് കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകൾ ശ്രദ്ധേയമാകുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമുള്ള ഫൊട്ടോയും അവര്‍ ഓരോരുത്തരെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും കൃഷ്ണകുമാര്‍ കുറിച്ചത്.
‘ഓസിയും ഞാനും...മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി...’ എന്നാണ് ഓസി എന്ന ദിയയെക്കുറിച്ച് കൃഷ്ണകുമാര്‍ കുറിച്ചത്.
‘വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ.. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി.’ എന്നായിരുന്നു ഏറ്റവും ഇളയ മകള്‍ ഹന്‍സികയെക്കുറിച്ചുള്ള കുറിപ്പ്.
‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങിനെ തന്നെ. നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ... വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷെ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ. യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ചു കഴിഞ്ഞാലും അവൾക്കായി കാത്തു നിൽക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്നിയെയും എനിക്ക് ഒരുപാടു ഇഷ്ടം. എല്ലാവർക്കും നന്മകൾ നേരുന്നു’ എന്നായിരുന്നു ഇഷാനിയെക്കുറിച്ചുള്ള കുറിപ്പ്.
ആഹാനയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഭാര്യ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞദിവസം കൃഷ്ണകുമാര്‍ പങ്കുവച്ചിരുന്നു.
നിരവധിയാളുകളാണ് കൃഷ്ണകുമാറിന്റെ കുറിപ്പുകൾക്ക് കയ്യടിയുമായി എത്തുന്നത്.