Thursday 22 July 2021 09:20 AM IST : By സ്വന്തം ലേഖകൻ

അഭിനയം ജീവവായു, ജീവിതമാർഗം പെട്ടിക്കട: നാടകലോകത്തു നിന്നു സിനിമയിലേക്കൊരു ചിരിവരവ്

kts-padannayi-new

മലയാള സിനിമയുടെ നിറചിരിയായിരുന്നു കെ.ടി.എസ്.പടന്നയിൽ ഹാസ്യപ്രധാനമായ വേഷങ്ങളാണ് കൂടുതൽ ലഭിച്ചതെങ്കിലും തനിക്കു കിട്ടിയ വേഷങ്ങൾ മനോഹരമാക്കാൻ പടന്നയിലിനായി.

നാടകലോകത്തു നിന്നാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയിൽ സിനിമയിൽ തുടങ്ങിയത്. വ്യത്യസ്തമായ ചിരിയും ശൈലിയുമായി ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തെ തേടി തുടർന്ന് നിരവധി വേഷങ്ങൾ എത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ പടന്നയിലിനെ താരമാക്കി. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപ കൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. പുലർച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റ് രണ്ടരകിലോമീറ്റർ നടന്ന് അതിരാവിലെ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ പെട്ടിക്കടയിലെത്തുമായിരുന്നു. നാടകത്തിൽ നിന്നും പെട്ടിക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നാണ് ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റ ജീവിതം അദ്ദേഹം മുന്നോട്ടു കൊണ്ടു പോയിരുന്നത്. സിനിമയിൽ നിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഇന്നു രാവിലെയായിരുന്നു കെ.ടി.എസ്.പടന്നയിലിന്റെ അന്ത്യം. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പരേതയായ രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.