Saturday 20 October 2018 04:23 PM IST : By സ്വന്തം ലേഖകൻ

'അമ്മ’ ഒരു സ്വതന്ത്ര സംഘടന; ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കണം: കുക്കു പരമേശ്വരന്‍

kukku-parames

താരസംഘടനയായ 'അമ്മ’ ഒരു സ്വതന്ത്ര സംഘടനയാണെന്നും അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും സംഘടനയിലെ വനിതാ സെല്ലിന്റെ ചുമതലക്കാരി കുക്കു പരമേശ്വരന്‍ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി അഭിപ്രായം പറയുന്നവർക്ക് മറ്റുള്ളവരുടെ സ്വകാര്യത പ്രശ്‌നമല്ലെന്നും, എന്നാൽ തങ്ങള്‍ക്ക് പ്രധാനം അമ്മയിലെ അംഗങ്ങളുടെ താത്പര്യങ്ങളാണെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കുക്കു പരമേശ്വരന്‍ പറഞ്ഞു.

വനിതാ സെല്ലിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതിനു മുൻപ് സമ്മതം ചോദിച്ചിരുന്നുവെന്നും, ഇനി സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുക്കു പരമേശ്വരന്‍ അറിയിച്ചു. താര സംഘടനയായ ’അമ്മ’യിൽ വനിതാ സെല്ലിന്റെ ചുമതല കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവർക്കാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിൽ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. തുടർന്നാണ് കുക്കു പരമേശ്വരൻ വനിതാ സെല്ലിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചത്.

മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷിതത്വമില്ലെന്നും, അവരുടെ സംരക്ഷണത്തിനായി താരസംഘടനയായ 'അമ്മ’ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച്  മുൻപ് ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. തുടർന്നാണ് അമ്മയിൽ വനിതാ സെൽ ആരംഭിച്ചതായി മോഹൻലാൽ അറിയിച്ചത്. രാജിവച്ചു പോയ നടിമാര്‍ക്ക് തിരിച്ചുവരണം എന്നുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും, സംഘടനയ്ക്കുള്ളില്‍ ഭിന്നതയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.