Tuesday 19 February 2019 03:43 PM IST : By സ്വന്തം ലേഖകൻ

‘കുമ്പളങ്ങി നൈറ്റ്‌സി’ൽ വെള്ളത്തിൽ കണ്ട ആ നീല വെളിച്ചം എന്തായിരുന്നു?

kumbalangi-biop

‘കുമ്പളങ്ങി നൈറ്റ്‌സ്’എന്ന സിനിമ കണ്ടിറങ്ങിയവരുടെ ഉള്ളിൽ മിക്കവാറും ഒരു സംശയം കുടുങ്ങിക്കിടപ്പുണ്ടാകും. സിനിമയിൽ ബോണി എന്ന കഥാപാത്രം കൂട്ടുകാരിയ്ക്ക് വെള്ളത്തിന് മുകളിൽ കാണിച്ചു കൊടുക്കുന്ന ആ നീല വെളിച്ചം എന്താണെന്ന്! ഈ പ്രതിഭാസം എന്താണ്? എവിടെനിന്ന് വന്നു? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അന്യോന്യം ചോദിച്ചാണ് പലരും സിനിമ വിട്ടിറങ്ങിയത്.   

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണിത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ ശരീരത്തിൽ നിന്ന് പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാല്‍ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ലുസിഫെറൈസ് എന്ന എന്‍സൈം ലൂസിഫെറിന്‍ എന്ന പ്രോട്ടീനിനെ ഓക്‌സികരിക്കുന്നതിന്റെ ഫലമായിട്ടാണ് ഇങ്ങനെ പ്രകാശം പുറപ്പെടുവിക്കുന്നത്.

kumbalangi-ewtf

നമ്മൾ കുട്ടിക്കാലം മുതൽ കാണുന്ന മിന്നാമിനുങ്ങിന്റെ വെളിച്ചവും ഇങ്ങനെ ഉണ്ടാകുന്നതാണ്. ചിലപ്പോൾ കടല്‍പരപ്പില്‍  തീപിടിച്ചത് പോലെയും കാണപ്പെടും. നോക്ടിലൂക്ക എന്ന ബാക്ടീരിയയുടെ ബയോലൂമിനസെന്‍സ് കാരണമാണിത്. ചെങ്കടലിന്റെ ചുവപ്പും ഇത്തരത്തിൽ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായാണ് ഉണ്ടാകുന്നത്. ജെല്ലി ഫിഷുകള്‍ പോലുള്ള ചില പ്രത്യേകതരം മത്സ്യങ്ങൾക്കും ഈ കഴിവുണ്ട്.

തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം പലപ്പോഴും കാണപ്പെടുന്നത്. സിനിമയിൽ കാണുന്നത് പോലെ ’കവര്’ കയ്യിൽ കോരിയെടുക്കാനൊന്നും ശ്രമിക്കരുത്. ചിലപ്പോൾ ചർമ്മത്തിൽ ഇൻഫെക്ഷൻ വരാനും ഇത് കാരണമാകും. ഇണയെയും ഇരയെയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷ നേടാനുമാണ് സൂക്ഷ്മ ജീവികള്‍ വെളിച്ചം പുറപ്പെടുവിക്കുന്നത്. 

kumbalangi-iyeq